“നിങ്ങളുടെ പള്ളിക്കൂടത്തിൽ ഞങ്ങളുടെ മക്കളെ പഠിപ്പിച്ചില്ലെങ്കിൽ നിങ്ങളുടെ പാടത്തു ഞങ്ങൾ പണിയെടുക്കില്ല” ; ഇന്ന് അയ്യങ്കാളി ജയന്തി

കേരളം കേട്ട ഏറ്റവും രാഷ്ട്രീയപ്രബുദ്ധമായ പണിമുടക്ക് മുദ്രാവാക്യം അയ്യങ്കാളിയുടേതാണ്.
പള്ളിക്കൂടമില്ലെങ്കിൽ പാടത്തേക്കില്ല എന്ന് കട്ടായം പറഞ്ഞ അയ്യങ്കാളിയിൽ നിന്നാണ് കേരളീയ നവോത്ഥാനത്തിന്റ രാഷ്ട്രീയ ധാര സജീവമാകുന്നത്. ആത്മീയതയിലൂന്നിയ ജാതി-മത നവീകരണമായിരുന്നില്ല അദ്ദേഹം മുന്നോട്ടു വച്ചത്. മറിച്ച്, മൂർത്തമായ അനീതികളിൽ നിന്നുള്ള മനുഷ്യവിമോചനത്തിന്റെ സാക്ഷാത്കാരമായിരുന്നു. കല്ലുമാലകൾ പൊട്ടിച്ചെറിയാനും, മാറു മറയ്ക്കാനും അക്ഷരം പഠിക്കാനും അദ്ദേഹം ആഹ്വാനം ചെയ്തു. വില്ലുവണ്ടിയിൽ രാജപാതയിലൂടെ എല്ലാ ഭീഷണികളെയും വെല്ലുവിളിച്ച് യാത്ര ചെയ്തു.

ആധുനിക മനുഷ്യ സങ്കല്പങ്ങളെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകൾ അങ്ങേയറ്റം കൃത്യതയുള്ളവയായിരുന്നു. എങ്ങനെയാണ് അടിച്ചമർത്തപ്പെട്ടവന്റെ വിമോചനം സാധ്യമാകുക എന്ന കാര്യത്തിൽ ഏറ്റവും വ്യക്തമായ ധാരണ അദ്ദേഹത്തിനുണ്ടായി.

ഈ നാടിന്റെ ജ്വലിക്കുന്ന ചരിത്രത്തിൽ ഒരിക്കലും കെടാത്ത വെളിച്ചമായി മഹാത്മാ അയ്യങ്കാളി നിൽക്കുന്നു. വരും തലമുറകളുടെയും ഊർജമാണ് അദ്ദേഹത്തിന്റെ ഓർമ്മകൾ.

ജയന്തി ദിനത്തിൽ ആദരവോടെ മഹാത്മാ അയ്യങ്കാളിയെ സ്മരിക്കുന്നു.

Related posts

Leave a Comment