ധീര രക്തസാക്ഷികളെ ഒഴിവാക്കുന്നത് ചരിത്രത്തെ കാവിപുതപ്പിക്കാൻ: എംഎം ഹസ്സൻ

തിരുവനന്തപുരം: ദേശീയ സ്വാതന്ത്ര്യ സമരത്തിലെ ഉജ്ജ്വലമായ മലബാർ കലാപത്തിലെ ധീര രക്തസാക്ഷികളെ സ്വാതന്ത്ര്യസമരചരിത്രത്തിന്റെ പട്ടികയിൽ നിന്ന് ഒഴിവാക്കാൻ ചരിത്ര ഗവേഷണ കൗൺസിൽ നടത്തുന്ന നീക്കം ചരിത്രത്തെ കാവ്യപുതപ്പിക്കുന്ന സംഘപരിവാർ ഫാസിസ്റ്റ് നടപടിയാണെന്ന് യുഡിഎഫ് കൺവീനർ എംഎം ഹസ്സൻ.
മലബാർ കലാപം സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമല്ലെന്നും വർഗീയ കലാപം ആണെന്നുമുള്ള ചരിത്ര ഗവേഷണ കൗൺസിൽന്റെ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് കലാപത്തിൽ പങ്കെടുത്ത 387  പേരുകൾ പട്ടികയിൽ നിന്നും വെട്ടിമാറ്റാൻ ശുപാർശ ചെയ്തിരിക്കുന്നത്.ബ്രിട്ടീഷുകാർ വെടിവെച്ചുകൊന്ന ധീരനായ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെയും കോയമ്പത്തൂർ ജില്ലയിൽ ബ്രിട്ടീഷ് ഭരണകൂടം തൂക്കിലേറ്റിയ മതേതരത്വത്തിന്റെ കാവലാൾ ആയിരുന്ന ആലി മുസ്ലിയാരെയും ഉൾപ്പെടെയുള്ള സ്വാതന്ത്ര്യ സമര പോരാളികളെ വർഗീയവാദികളും കൊള്ളക്കാരും ആയി ചിത്രീകരിച്ച ബ്രിട്ടീഷ് ഭരണാധികാരികൾ വക്രീകരിച്ച സ്വാതന്ത്ര്യസമരചരിത്രത്തെയാണ് ചരിത്ര ഗവേഷണ കൗൺസിലും അവരെ നിയന്ത്രിക്കുന്ന മോദി ഗവൺമെന്റും ഇപ്പോൾ അംഗീകരിച്ചിരിക്കുന്നത്.
സ്വാതന്ത്ര്യസമര കാലഘട്ടത്തിൽ കോൺഗ്രസ് പ്രഖ്യാപിച്ച ഖിലാഫത്ത് നിസ്സഹകരണ സമരത്തിന്റെ ഭാഗമായിട്ടാണ് 1921 ൽ മലബാർ കലാപം പൊട്ടിപ്പുറപ്പെട്ടത്.ഖിലാഫത്ത് നിസ്സഹകരണ സമരത്തിന്  ആലി മുസ്ലിയാരും വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയും മാത്രമല്ല എം പി നാരായണമേനോനേയും മോഴിക്കുന്നത്ത് ബ്രഹ്‌മദത്തൻ നമ്പൂതിരിപ്പാടിനെയും പോലുള്ള നിരവധി നേതാക്കൾ പങ്കെടുത്തിരുന്നു എന്ന ചരിത്രസത്യം ചരിത്ര ഗവേഷണ കൗൺസിൽ കണക്കിൽ എടുത്തിട്ടില്ല. മലബാർ കലാപത്തിൽ ബ്രിട്ടീഷ് ഭരണത്തിനെതിരെ ആഞ്ഞടിച്ച ജനരോഷത്തിന്റെ അടിസ്ഥാനം ഹിന്ദു മുസ്ലിം ഐക്യം ആണെന്ന് കണ്ടെത്തിയ ബ്രിട്ടീഷ് പോലീസാണ് സാമ്രാജ്യത്വത്തിന്റെ ഭിന്നിപ്പിച്ചു ഭരിക്കൽ തന്ത്രം സമരത്തെ തകർക്കാൻ വിനിയോഗിച്ചത്. മലബാർ കലാപത്തെ വർഗീയലഹളയാക്കി ചിത്രീകരിക്കാൻ ബ്രിട്ടീഷ് പോലീസ് പ്രയോഗിച്ച കുതന്ത്രങ്ങളാണ് സമരത്തിലെ ഐക്യത്തെയും സൗഹാർദ്ദത്തെയും തകർക്കാൻ സഹായകമായതെന്ന് ചരിത്രം സാക്ഷ്യപ്പെടുത്തുന്നു.
ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷിക ആഘോഷ വേളയിൽ ആഗസ്റ്റ് 14 വിഭജന ഭീതി അനുസ്മരണ ദിനമായി ആചരിക്കുമെന്ന് ഉള്ള പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ പ്രഖ്യാപനവും ചരിത്ര ഗവേഷണ കൗൺസിന്റെ തീരുമാനവും രാജ്യത്ത് വർഗീയ ധ്രുവീകരണം ശക്തിപ്പെടുത്താനുള്ള സംഘപരിവാറിൽ അജണ്ടയാണ്. ചരിത്ര ഗവേഷണ കൗൺസിൽ വെട്ടി കളഞ്ഞാലും കാലത്തിന്റെ കൽഭിത്തിയിൽ കൊത്തിവെച്ച മലബാർ കലാപത്തിലെ രക്തസാക്ഷികളുടെ പേരുകൾ ദേശാഭിമാനികളുടെ മനസ്സിൽ നിന്നോ ചരിത്രത്തിൽ നിന്നോ മാഞ്ഞു പോകുകയില്ലെന്നും ഹസ്സൻ പറഞ്ഞു.

Related posts

Leave a Comment