മോഡലുകളെ പിന്തുടർന്ന ഡ്രൈവർ സൈജു തങ്കച്ചൻ അറസ്റ്റിൽ

കൊച്ചി: മോഡലുകളായ ആൻസി കബീർ, അഞ്ജന ഷാജൻ എന്നിവർ കാറപകടത്തിൽ കൊല്ലപ്പെട്ട രാത്രി ഇവരെ പിന്തുടർന്ന ഔഡി കാറിന്റെ ഡ്രൈവർ സൈജു തങ്കച്ചനെ പൊലീസ് അറസ്റ്റ് ചെയ്തു. നരഹത്യ, അനുവാദമില്ലാതെ സ്ത്രീകളെ പിന്തുടരൽ എന്നീ വകുപ്പുകൾ പ്രകാരമാണ് അറസ്റ്റ്. ശനിയാഴ്ച കോടതിയിൽ ഹാജരാക്കും. ആറു മണിക്കൂർ ചോദ്യം ചെയ്ത ശേഷമാണ് ഇയാളുടെ അറസ്റ്റ് മെട്രോ പൊലീസ് രേഖപ്പെടുത്തിയത്.
അപകടത്തിനു പിന്നിൽ ഇയാൾ ഉൾപ്പെട്ട കാർ മത്സര ഓട്ടമായിരുന്നു എന്നാണു പൊലീസ് കണ്ടെത്തിയത്. പൊലീസ് പറയുന്നത്:
അപകടമുണ്ടായ നവംബർ ഒന്നിനു രാത്രി 18 ഹോട്ടലിൽ ഡിജെ പാർട്ടി കഴിഞ്ഞു മടങ്ങിയ താരങ്ങളെ സൈജു തങ്കച്ചൻ ആഡംബര കാറിൽ പിന്തുടർന്നു. ഹോട്ടലിൽ നിന്നു കുണ്ടന്നൂർ വരെ ഇരു കാറുകളും സാധാരണ വേ​ഗതയിലായിരുന്നു. കുണ്ടന്നൂരിൽ വച്ച് താരങ്ങളുടെ കാർ നിർത്തിയ റഹ്മാനുമായി സൈജു വാക്കേറ്റം നടത്തി. പിന്നീട് ഇരു കാറുകളും അമിത വേ​ഗത്തിൽ വൈറ്റില ഭാ​ഗത്തേക്കു കുതിച്ചു. പലപ്പോഴും ഇരു വാഹനങ്ങളും പരസ്പരം ഓവർടേക്ക് ചെയ്തു. പിന്നീടാണ് കാർ ബൈക്കിലും ഡിവൈഡറിലും തട്ടി മറിഞ്ഞ് രണ്ടു യുവതികളും മരിച്ചത്.‌
അമിത വേ​ഗതയിൽ പോയ റഹ്മനോട് അങ്ങനെ കാർ ഓടിക്കരുതെന്നു പറയാനാണ് പിന്തുടർന്നതെന്നാണ് സൈജു ആദ്യം പൊലീസിനോടു പറഞ്ഞത്. ഇതു പ്രകാരം ആദ്യം ചോദ്യം ചെയ്തെങ്കിലും വിട്ടയച്ചു. വിശ്വാസ യോ​ഗ്യമല്ലാത്ത മൊഴികളുടെ അടിസ്ഥാനത്തിൽ അന്വേഷണം തുടരുന്നതിനിടെ കോടതിയിൽ നൽകിയ ജാമ്യാപേക്ഷയും തള്ളി. തുടർന്ന് വ്യാഴാഴ്ച പൊലീസിൽ ഹാജരാകാൻ നിർദേശം നൽകിയെങ്കിലും ഹാജരായില്ല. വെള്ളിയാഴ്ച രാവിലെ അഭിഭാഷകനുമൊത്ത് ഹാജരായ സൈജു തങ്കച്ചനെ ആറു മണിക്കൂറിലധികം ചോദ്യം ചെയ്ത ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ശനിയാഴ്ച കോടതിയിൽ ഹാജരാക്കിയ ശേഷം വീണ്ടും കസ്റ്റഡിയിൽ ആവശ്യപ്പെടും.

Related posts

Leave a Comment