ആറ്റിങ്ങലിലെ അല്‍ഫോണ്‍സയുടെ കണ്ണീരിന് മറുപടി നല്‍കാതെ ആരോഗ്യ മന്ത്രി ; ചോദ്യം ചെയ്ത് പ്രതിപക്ഷം

തിരുവനന്തപുരം : കഴിഞ്ഞ ദിവസം ആറ്റിങ്ങലിൽ മൽസ്യത്തൊഴിലാളി സ്ത്രീയുടെ മീൻ തട്ടിയെറിഞ്ഞ സംഭവത്തെച്ചൊല്ലി നിയമസഭയിൽ പ്രതിഷേധം. കോവളം എം എൽ എ വിൻസന്റ് ഈ പ്രശ്നം അവതരിപ്പിക്കുകയും മന്ത്രിയിൽ നിന്നും മറുപടി അന്വേഷിക്കുകയും ചെയ്തു. എന്നാൽ ഈ വിഷയത്തിൽ കൃത്യമായി പ്രതികരിക്കാതെ ആരോഗ്യ മന്ത്രി ഒഴിഞ്ഞു മാറി. ഇതേ തുടർന്ന് പ്രതിപക്ഷം സഭയിൽ ശബ്ദമുയർത്തി.

മത്സ്യമേഖലയ്ക്ക് പ്രത്യേക കരുതൽ നൽകുമെന്ന് പറഞ്ഞ മന്ത്രി വീണ ജോർജ് ജനങ്ങളുടെ ജീവനും ജീവനോപാധിയും രക്ഷിക്കാനുള്ള ഇടപെടലുകളാണ് നടത്തുന്നതെന്ന് വിശദീകരിച്ചു. ഇതോടെ കൃത്യമായി ചോദിച്ച വിഷയത്തിൽ മറുപടി നൽകാതെ അരിയെത്ര എന്ന് ചോദിക്കുമ്ബോൾ പയറഞ്ഞാഴി എന്ന മട്ടിലാണ് മന്ത്രിയുടെ മറുപടി എന്ന് പ്രതിപക്ഷം ആരോപിച്ചു. കൊവിഡ് നിയന്ത്രണങ്ങളെ കുറിച്ച്‌ സഭയിൽ അവതരിപ്പിച്ചത് ആരോഗ്യ മന്ത്രിയാണെന്നും അതിനാൽ ഈ വിഷയത്തിൽ മറുപടി നൽകാതെ ഒഴിയാനാവില്ലെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഓർമ്മിപ്പിച്ചു.

മത്സ്യക്കച്ചവടത്തിനെത്തിയ സ്ത്രീയെ ആറ്റിങ്ങൽ നഗരസഭാ ജീവനക്കാർ ആക്രമിച്ച്‌ മത്സ്യം നടുറോഡിൽ വലിച്ചെറിഞ്ഞ സംഭവത്തിൽ വ്യാപകമായ പ്രതിഷേധമുയരുകയാണ്. അനധികൃതമായി റോഡിൽ മത്സ്യക്കച്ചവടം നടത്തി എന്നാരോപിച്ചാണ് നഗരസഭാ ജീവനക്കാർ അതിക്രമം കാട്ടിയത്. അഞ്ചുതെങ്ങ് സ്വദേശി അൽഫോൺസ എന്ന 52 കാരിക്ക് ഉദ്യോഗസ്ഥരുടെ ആക്രമണത്തിൽ പരിക്കേറ്റു. ഇവർ വലിയകുന്ന് താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. പിടിച്ചെടുത്ത മത്സ്യം നഗരസഭ അധികൃതർ കൊണ്ടുപോയി നശിപ്പിച്ചു.

Related posts

Leave a Comment