സംസ്ഥാനത്ത് വീണ്ടും ഗുണ്ടാവിളയാട്ടം ; ദുരഭിമാന കൊലപാതക ശ്രമം ; സിപിഐ പ്രവർത്തകന് ഗുരുതര പരുക്ക്

കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും ഗുണ്ടാവിളയാട്ടം. പ്രണയ വിവാഹത്തിന് പിന്തുണ നൽകിയതിന്റെ പേരിൽ ഭരണകക്ഷിയുടെ സജീവ പ്രവർത്തകനെ ഗുണ്ടകൾ ക്രൂരമായി അക്രമിച്ചു.
ഭാര്യയുടെ സഹോദരന്റെ പ്രണ വിവാഹത്തിന് പിന്തുണ നൽകിയതിനാണ് സി പി ഐ വെള്ളിമാടുകുന്ന് ബ്രാഞ്ച് അംഗവും കോഴിക്കോട്ടെ സാംസ്‌ക്കാരിക- ജീവകാരുണ്യ സംഘടനാ പ്രവർത്തകനുമായ റിനീഷ് കയ്യാലത്തോടിക്കു നേരെ അക്രമമുണ്ടായത്. കഴിഞ്ഞ ദിവസം രാത്രി 8.45 ഓടെയാണ് സംഭവം. കോവൂരിലെ ടെക്‌സ്‌റ്റൈൽ സ്ഥാപനം അടച്ചു സ്‌കൂട്ടറിൽ വീട്ടിലേക്ക് വരുമ്പോൾ വീടിന് മുൻവശത്തുവെച്ചായിരുന്നു അക്രമം. റിനീഷ് അല്ലേ എന്ന് ചോദിച്ച ശേഷം പരിചയഭാവം നടിച്ച് ഹെൽമറ്റ് അഴിക്കാൻ പറഞ്ഞ ശേഷം കത്തി പിടിപ്പിച്ച ഇരുമ്പു ദണ്ഡുകൊണ്ട് തലയ്ക്ക് അടിക്കുകയായിരുന്നു. അക്രമം ചെറുക്കാൻ ശ്രമിച്ചപ്പോൾ കൈകൾക്കും പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ റിനീഷ് രക്തത്തിൽ കുളിച്ച് നിലത്ത് വീണു. വീട്ടിലുണ്ടായിരുന്ന സഹോദരി ഭർത്താവ് ഓടി വരുമ്പോഴേക്കും അക്രമികൾ രക്ഷപെട്ടു. തലയ്ക്ക് ഉൾപ്പെടെ ഗുരുതരമായി റിനീഷ് കോഴിക്കോട്ട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. തലയിൽ 21 തുന്നികെട്ടലുകൾ ഉണ്ട്.
തങ്ങൾ ക്വട്ടേഷൻ അംഗങ്ങളാണെന്നും ആരാണ് ക്വട്ടേഷൻ നൽകിയതെന്നും അക്രമികൾ പറഞ്ഞതായി റിനീഷ് വ്യക്തമാക്കി. ക്വട്ടേഷൻ നൽകിയെന്ന് അക്രമി സംഘം പറഞ്ഞ ദമ്പതികളുടെ മകളുമായി റിനീഷിന്റെ ഭാര്യ സഹോദരൻ സ്വരൂപ് പ്രണയത്തിലായിരുന്നു. ഇവരിപ്പോൾ വിവാഹിതരായി വിദേശത്ത് താമസിച്ചുവരികയാണ്. ഈ പ്രണയ വിവാഹത്തിന് പിന്തുണ നൽകിയെന്നാരോപിച്ച് നിരവധി തവണ നേരത്തെയും റിനീഷിന് ഭീഷണി ഉണ്ടായിരുന്നു.
നഗരപരിധിയിൽ ക്വട്ടേഷൻ സംഘം അഴിഞ്ഞാടുകയും സിപിഐ പ്രവർത്തകൻ അക്രമിക്കപ്പെടുകയും ചെയ്തിട്ടും പൊലീസ് നിസംഗത കാട്ടിയെന്ന് വിമർശമുണ്ട്.

Related posts

Leave a Comment