മത സ്‌പർദ്ധ വളർത്താൻ ശ്രമം ; എ പി അബ്‌ദുള്ളക്കുട്ടിക്കെതിരെ പരാതി

കോഴിക്കോട്: മതസ്പർദ്ധ വളർത്തുന്ന തരത്തിലും മതസമൂഹങ്ങൾക്ക് ഇടയിൽ ഭിന്നിപ്പ് സൃഷ്ടിക്കണമെന്ന ഉദ്ദേശത്തോടെയും വർഗീയ പ്രസ്താവന നടത്തിയെന്നാരോപിച്ച്‌ ബി ജെ പി ദേശീയ വൈസ് പ്രസിഡന്റ് എ പി അബ്ദുള്ള കുട്ടിക്കെതിരെ സംസ്ഥാന പൊലീസ് മേധാവി അനിൽകാന്തിന് ജമാഅത്തെ ഇസ്ലാമി സംസ്ഥാന സെക്രട്ടറി ശിഹാബ് പൂക്കോട്ടൂർ പരാതി സമർപ്പിച്ചു. വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ താലിബാൻ നേതാവെന്ന് ആരോപിച്ച്‌ അബ്ദുള്ള കുട്ടി മാധ്യമങ്ങളോട് നടത്തിയ പ്രതികരണത്തിനെതിരെയാണ് പരാതി.

ഹിന്ദു- മുസ്ലിം മതസമൂഹങ്ങൾക്ക് ഇടയിൽ ശത്രുത സൃഷ്ടിക്കുന്ന തരത്തിലുള്ള പ്രസ്താവനകളാണ് അബ്ദുള്ളകുട്ടിയുടേതെന്നും വ്യാജവും വസ്തുതാവിരുദ്ധവുമായ ഇത്തരം പ്രസ്താവനകളിലൂടെ വിവിധ മതസമൂഹങ്ങൾക്ക് ഇടയിൽ ശത്രുതയും സ്പർധയും പടർത്തി കലാപത്തിനുള്ള ശ്രമമാണെന്നും പരാതിയിൽ ആരോപിക്കുന്നു. രാഷ്ട്രീയ നേട്ടത്തിനായി വർഗീയത പടർത്താനുള്ള ആസൂത്രിത ശ്രമത്തിനെതിരെ എഫ് ഐ ആർ രജിസ്റ്റർ ചെയ്യണമെന്നാണ് പരാതിയിലെ ആവശ്യം.

‘മാപ്പിള ലഹള’ ഹിന്ദു വിരുദ്ധ കലാപമായിരുവെന്നും ആരോപിച്ച അബ്ദുള്ള കുട്ടി ജമാഅത്തെ ഇസ്ലാമി കേരളത്തിൽ താലിബാനിസം നടപ്പാക്കുകയാണെന്നും ഐ എസ് ബന്ധമാരോപിച്ചു കണ്ണൂരിൽ നിന്നും എൻ ഐ എ അറസ്റ്റ് ചെയ്ത യുവതികളെ ഐ എസിലേക്ക് റിക്രൂട്ട് ചെയ്തത് ജമാഅത്തെ ഇസ്ലാമി ആണെന്നും ആരോപിച്ചിരുന്നു.

Related posts

Leave a Comment