അട്ടപ്പടിയിലെ പോലീസ് നടപടി ; മുഖ്യമന്ത്രിയുടെ നടപടിക്കെതിരെ പ്രതിപക്ഷം

തിരുവനന്തപുരം:അട്ടപ്പാടിയിൽ ആദിവാസികളെ പൊലീസ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് പിടികൂടിയ വിഷയത്തിൽ പൊലീസിനെ രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷം. അപമാനകരമായ പ്രവർത്തനമാണ് പൊലീസിന്റേതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു.കൊലക്കേസ് പ്രതികളോട് പോലും ഇല്ലാത്ത രീതിയിലുള്ള പെരുമാറ്റമാണ് ആദിവാസികളോട് പൊലീസ് ചെയ്തത്. പൊലീസിനെ ന്യായീകരിക്കുന്ന മുഖ്യമന്ത്രിയുടെ നടപടി വിചിത്രമാണ്. പൊലീസ് റിപ്പോർട്ട് വായിച്ച മുഖ്യമന്ത്രി ദൃശ്യങ്ങൾ കണ്ടിരുന്നെങ്കിൽ നന്നായിരുന്നു.ഭൂമാഫിയയ്‌ക്കെതിരെ പ്രവർത്തിക്കുന്ന ആക്ടിവിസ്റ്റാണ് പൊലീസ് അറസറ്റ് ചെയ്ത മുരുകൻ. അട്ടപ്പാടിയിലെ ചരിത്രത്തിൽ ആദ്യമായാണ് നേരം പുലരും മുമ്പ് ഇത്തരത്തിലുള്ള ഒരു പൊലീസ് രാജ് നടക്കുന്നത്. അട്ടപ്പാടിയിലെ ഭൂമാഫിയയുടെ ഉപകരണമായി പൊലീസ് മാറിയെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആരോപിച്ചു.അതേസമയം നീതിനിർവഹണം നടത്താനാണ് പൊലീസ് ഊരിലേക്ക് പോയതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വിഷയത്തിൽ അടിയന്തര നോട്ടിസിന് മറുപടി നൽകി. ഊരു മൂപ്പനും മകനും അയൽവാസിയായ കുറന്താചലത്തിനെ പരിക്കേൽപ്പിച്ചു. കുറ്റകൃത്യം നടന്നെന്ന പരാതിയെ തുടർന്നാണ് പൊലീസ് സ്ഥലത്തെത്തിയത്. ക്രമസമാധാനം ഉറപ്പാക്കാനുള്ള നടപടിയാണ് പൊലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടായത്. നീതിനിർവഹണം നടത്താനാണ് പൊലീസ് ശ്രമിച്ചതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സംസ്ഥാനത്ത് പോലീസ് ആക്രമവും, പിടിച്ച് പറിയും വർധിച്ചു വരികയാണെന്നും, ഇതിനെതിരെ യാതൊരു വിധത്തിലും പ്രതികരിക്കാതെ പോലീസിന്റെ മനോവീര്യം മുഖ്യമന്ത്രി കാത്ത് സൂക്ഷിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. പോലീസിനെതിരെ സാമൂഹിക മാധ്യമങ്ങളിൽ ഉൾപ്പടെ വലിയ തോതിൽ ആക്ഷേപം ഉയർന്നിട്ടും പോലീസിനെ നേർവഴിക്കു നടത്താൻ സർക്കാരിന് കഴിയാത്തത് നിരാശജനകമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related posts

Leave a Comment