കൊച്ചിയിൽ എടിഎം കവർച്ച ; രാജസ്ഥാൻ സ്വദേശികൾ അറസ്റ്റിൽ

കൊച്ചി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ എടിഎം സോഫ്റ്റ്‍വെയറിലെ അപാകത മുതലെടുത്ത് കൊച്ചിയിൽ എടിഎം കവർച്ച. പത്തുലക്ഷത്തിലധികം രൂപ കവർന്നെന്നാണ് പൊലീസിൻറെ പ്രാഥമിക നിഗമനം. കവർച്ച നടത്തിയ രാജസ്ഥാൻ സ്വദേശികളായ രണ്ടുപേരെ പൊലീസ് അറസ്റ്റു ചെയ്തു.

കഴിഞ്ഞ ഡിസംബർ 25, 26 തിയതികളിൽ പോണേക്കര എസ്ബിഐ എടിഎമ്മിലാണ് കവർച്ച നടന്നത്. പണം നഷ്ടപെട്ടെന്ന് ബാങ്കുദ്യോഗസ്ഥർ പൊലിസിനെ അറിയിച്ചതോടെ അന്വേഷണം തുടങ്ങി. എടിഎം മെഷീനിലിട്ട് പണം പുറത്തെത്തുമ്പോൾ വൈദ്യുതി വിച്ഛേദിച്ചാണ് തട്ടിപ്പ് നടത്തിയത്. എടിഎമ്മിൽ നിന്ന് പണം ലഭിക്കുമെങ്കിലും ബാങ്കിൻറെ സോഫ്റ്റ്‍വെയറിൽ ഇത് രേഖപെടുത്തില്ല. അതുകൊണ്ടുതന്നെ പണം പിൻവലിച്ചതിൻറെ സൂചനകൾ അക്കൗണ്ടുകളിലുമുണ്ടാകില്ല. രണ്ടു ദിവസത്തിനുശേഷം പണം എണ്ണി തിട്ടപെടുത്തിയപ്പോഴാണ് കുറവ് ബാങ്കുദ്യോഗസ്ഥർക്ക് മനസിലാകുന്നത്. തുടർന്ന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് സിസിടിവി കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങി. രാജസ്ഥാൻ സ്വദേശികളായ ഷാഹിദ് ഖാൻ, ആസിഫ് അലി എന്നിവരാണ് അറസ്റ്റിലായത്.

പ്രതികൾ കവർച്ച നടത്താൻ മാത്രമാണ് കേരളത്തിലെത്തിയത്. ട്രെയിനിലെത്തി കവർച്ച നടത്തി വിമാനമാർഗ്ഗം രാജസ്ഥാനിലേക്ക് പോകുന്നതാണ് ഇവരുടെ രീതി. എളമക്കരയിലും വൈപ്പിനിലും പ്രതികൾ കവർച്ച നടത്തിയിട്ടുണ്ടെന്ന വിവരം പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇതേകുറിച്ചും അന്വേഷണം തുടങ്ങി

Related posts

Leave a Comment