പ്രണയനിഷേധത്തിനൊടുവില്‍കേട്ട വെടിയൊച്ച

ഗോപിനാഥ് മഠത്തിൽ

സ്ത്രീപീഡനം പല വഴികളിലൂടെയാണ് കേരളത്തെ ഇപ്പോള്‍ ഗ്രസിച്ചുതുടങ്ങിയിരിക്കുന്നത്. പെണ്‍മക്കളുള്ള മാതാപിതാക്കള്‍ കൂടുതല്‍ ശ്രദ്ധയോടെയും കരുതലോടെയും കഴിയേണ്ട കാലം. അടുത്തകാലത്ത് എല്ലാ മാധ്യമങ്ങളും ചര്‍ച്ച ചെയ്ത വിഷയം സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍തൃഗൃഹത്തില്‍ പെണ്‍കുട്ടികള്‍ അനുഭവിക്കുന്ന യാതനകളും അതിനുശേഷമുള്ള മരണവുമായിരുന്നു. ഇപ്പോള്‍ അത് പ്രണയനിഷേധത്തിന്റെ പേരിലുള്ള പെണ്‍മരണത്തിലേയ്ക്ക് വഴിമാറിയിരിക്കുന്നു. ഒരുപെണ്‍കുട്ടിയുടെ ജീവിതം അവള്‍ എങ്ങനെ ജീവിച്ചുതീര്‍ക്കണമെന്നും അനുഭവിക്കണമെന്നും ആണുങ്ങള്‍ തീരുമാനിക്കുന്ന സ്വാര്‍ത്ഥതയുടെ കാലം കൂടിയാണിത്. ആദ്യം പെണ്ണിന്റെ മരണം ഉറപ്പാക്കിയശേഷം അവള്‍ക്ക് പിറകെ മരണവഴി തിരഞ്ഞെടുക്കുന്ന ആണുങ്ങളുടെ എണ്ണം കൂടിക്കൊണ്ടിരിക്കുന്നു. അത് ആണിന്റെ ഒരുതരം ഭ്രാന്തമായ അവസ്ഥയാണ്. ആദ്യം ഇങ്ങനെ ഒരു സംഭവം കേട്ടത് ചില വര്‍ഷങ്ങള്‍ക്കുമുമ്പ് കോട്ടയത്തുനിന്നായിരുന്നു. ഒരുവിദ്യാര്‍ത്ഥിനിയെ സഹപാഠിയായ കാമുകന്‍ (കാമുകന്‍ എന്നത് അയാള്‍ സ്വയം ഭാവനയില്‍ സൃഷ്ടിക്കുന്ന സ്ഥാനമാണ്. അതിന് പെണ്‍കുട്ടിയുടെ അധികാരമില്ലെന്ന് കൂടി ഓര്‍ക്കണം) പെട്രോള്‍ ഒഴിച്ച് കൊല്ലുകയും പിന്നെ ആ മരണത്തില്‍ പങ്കാളിയാവുകയും ചെയ്ത കഥ. ആ കഥയുടെ തനിയാവര്‍ത്തനമാണ് ഇപ്പോള്‍ കോതമംഗലത്ത് സംഭവിച്ചത്. പ്രണയാഭ്യര്‍ത്ഥന നിരസിച്ച വൈരാഗ്യത്തില്‍ ബിഡിഎസ് വിദ്യാര്‍ത്ഥിനിയായ മാനസയെ വെടിവച്ച് കൊന്ന് യുവാവ് സ്വയം വെടിവച്ച് മരിച്ചു. ഒരുപക്ഷേ ഇത്തരത്തിലുള്ള മനോവൈകൃതത്തിന്റെ ഇരകളായി നാളെയും യുവാക്കള്‍ മാറിക്കൂടെന്നില്ല. കാരണം ഇത് സാമൂഹിക നന്മയെയും സ്വന്തം ജീവിതത്തിലേയ്ക്ക് പകര്‍ത്താനും ഉള്‍ക്കൊള്ളാനും കഴിയുന്ന യുവതയുടെ കാലം അസ്തമിച്ചിരിക്കുന്നു എന്നത് പുതിയ കാലത്ത് നിഷേധിക്കാനാകാത്ത യാഥാര്‍ത്ഥ്യമാണ്. പകരം തെറ്റായ കീഴ്‌വഴക്കങ്ങളെയും തിന്മയെയും അനുകരിക്കാന്‍ ഭ്രാന്തമായി ഉഴറുകയാണ് ഇപ്പോള്‍ യുവാക്കളില്‍ ഏറിയ പങ്കും അതിന്റെ ആവര്‍ത്തനാനുകരണത്തില്‍ സ്വന്തം ജീവിതലക്ഷ്യങ്ങള്‍ പോലും പലരും വിസ്മരിക്കുകയും ചെയ്യുന്നു. മുമ്പും ഇങ്ങനെയുള്ള പ്രണയനിരാസത്തില്‍ പെണ്‍കുട്ടികള്‍ ഇരകളായി തീര്‍ന്നിട്ടുണ്ട്. കേരളത്തില്‍ അപൂര്‍വ്വവും ഉത്തരേന്ത്യയില്‍ പല ഇടങ്ങളിലായും നടന്നുവന്നിട്ടുള്ള ആസിഡ് ആക്രമണങ്ങളില്‍ സുന്ദരമുഖങ്ങള്‍ നഷ്ടപ്പെടുത്തേണ്ടിവന്ന പെണ്‍കുട്ടികളും പ്രണയത്തിന്റെ ബലിപീഠത്തില്‍ ജീവിതം ഹോമിച്ചവരാണ്. പ്രണയം എന്നത് ഇപ്പോള്‍ ബൗദ്ധികമായും മാനസികവുമായുമുള്ള അടുപ്പത്തിലൂടെ പൂവിടുന്ന സ്‌നേഹത്തില്‍ പിറവികൊള്ളുന്ന മൃദുലവികാരമല്ല. പകരം അത് ആണിന്റെ സ്വാര്‍ത്ഥതയില്‍ പിറന്ന് മൃഗീയവികാരമായി മാറിയിരിക്കുന്നു. താന്‍ ആശിക്കുന്നത് നേടിയെടുക്കാനും നിഷേധിക്കുകയാണെങ്കില്‍ ഉന്മൂലനം ചെയ്യാനും, മറ്റൊരുതരത്തില്‍ പറഞ്ഞാല്‍ കെടുത്താനും സ്വയം കെടാനുമുള്ള മൃഗതൃഷ്ണയുടെ ഭാഗമായി പ്രണയത്തിന് ഇപ്പോള്‍ ജനിതകമാറ്റം വന്നിരിക്കുന്നു എന്നതാണ് സത്യം. പ്രശസ്ത ആംഗലേയ കവി ജോണ്‍കീറ്റ്‌സിന്റെ കവിതയായ ‘ഓഡ് ടു ദ യേണി’ ലെ പ്രമേയം മാംസബന്ധമല്ലാത്ത അനുരാഗമാണ്. കാമുകി കാമുകന്മാര്‍ പരസ്പരം ചുംബിക്കുന്നത് പ്രണയത്തിന്റെ ഭാഗമല്ല, അത് കാമത്തിന്റെ ഭാഗമാണ്. കാമം ജനിക്കുമ്പോള്‍ പ്രണയം മരിക്കുന്നു. അചുംബിതമായ വികാരമാണ് പ്രണയം. ഇന്ന് എവിടെയും പ്രണയത്തിന്റെ പേരില്‍ നടക്കുന്നത് കാമത്തിന്റെ പേക്കൂത്തുകള്‍ തന്നെ. ഇപ്പോള്‍ പ്രണയം കാമവും പിന്നിട്ട് മരണത്തിന്റെ ഏകാധിപത്യത്തിലേക്ക് കൂപ്പുകുത്തിയിരിക്കുന്നു.
ഇന്ന് പ്രണയം നവമാധ്യമങ്ങളിലൂടെയുള്ള ഒരുതരം വലവീശിപ്പിടുത്തമായി തരംതാഴ്ന്നിരിക്കുന്നു. രാവ് വെളുക്കംവരെ സ്മാര്‍ട്ട് ഫോണുകളില്‍ തോണ്ടിത്തോണ്ടിയാണ് പല യുവ ആണ്‍മനസ്സുകളും വല നെയ്ത് പെണ്‍മനസ്സുകളെ കീഴ്‌പ്പെടുത്താന്‍ ശ്രമിക്കുന്നത്. അതൊരിക്കലും കീറ്റ്‌സിന്റെ പ്രണയസിദ്ധാന്തം പോലെ വിശുദ്ധമായ ഒന്നാണ്. ഭോഗതൃഷ്ണയുടെ സാധൂകരണത്തിനുള്ള തന്ത്രം മാത്രമാണ്. പ്രണയത്തിന്റെ പേരില്‍ അത് നിഷേധിക്കുമ്പോള്‍ അവന്‍ മൃഗമായി മരണത്തെ കൂട്ടുവിളിക്കുന്നു. ദൃശ്യമാധ്യമങ്ങളുടെ സ്വാധീനം ഇത്തരം ഒരവസ്ഥയിലേയ്ക്ക് യുവാക്കളെ കൊണ്ടുചെന്നെത്തിക്കുന്നുണ്ട്. പ്രണയവ്യാകരണത്തെ മാംസബന്ധമായ തീഷ്ണവികാരമായി പരിവര്‍ത്തനപ്പെടുത്തുന്നതില്‍ അതിനുള്ള പങ്ക് നിഷധിക്കാന്‍ ആവാത്തതാണ്. പ്രണയത്തില്‍ മാത്രമല്ല കുടുംബസംവിധാനങ്ങളില്‍ കരിനിഴല്‍ പരത്താനും അതിന് കഴിയുന്നു. ഉദാഹരണത്തിന് ഒരുവീട്ടില്‍ പണ്ട് അച്ഛന്‍ എന്നത് മഹനീയ പദവിയും അലങ്കാരവുമായിരുന്നു. ഇപ്പോഴത്തെ ന്യൂജെന്‍ ചിത്രങ്ങളില്‍ അച്ഛന്‍ ഒരു പോഴന്‍ കഥാപാത്രവും വീട്ടിലെ അനാവശ്യജീവിയും മക്കള്‍മാരുടെ കുത്തുവാക്കുകളില്‍ ചൂളിപ്പോകുന്ന ആത്മാവ് നഷ്ടപ്പെട്ട നികൃഷ്ടജന്മവുമാണ്. അത് പുരോഗമനമാണെന്ന് വാദിക്കുന്നവരുണ്ടാകാം. പക്ഷേ ‘പുരോഗമന’ത്തിന്റെ ആ ശരപഞ്ചരത്തിനുള്ളില്‍ സ്വത്വം നഷ്ടപ്പെട്ട പ്രതിച്ഛായപോലെ എത്രയോ അച്ഛന്മാര്‍ ഗൃഹങ്ങളില്‍ അതിജീവനത്തിനായി ചിറകിട്ടടിക്കുന്നു എന്നുകൂടി നമ്മള്‍ മനസ്സിലാക്കേണ്ടതുണ്ട്. അതേപോലെ യഥാര്‍ത്ഥ പ്രണയവും ചിറകടിച്ച് കൂടുതകര്‍ത്തു തുടങ്ങിയിരിക്കുന്നു. രക്ഷപ്പെടലിന്റെ ചിറകടിയല്ല അത്, മരണത്തിന്റെ ചിറകടിയാണത്. സ്വയം മരിക്കാന്‍ തീരുമാനിച്ചവനെ ഒരുപരിധിവരെ അംഗീകരിക്കാം. പക്ഷേ സ്വയം മരണത്തിനുമുമ്പേ പ്രണയനിഷേധത്തിന്റെ പേരില്‍ ഒരുപെണ്ണിന്റെ മരണക്കൂട്ട് ആവശ്യപ്പെടുന്നത് ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ല. അതിനാല്‍ പെണ്‍കുട്ടികള്‍ കരുതിയിരിക്കുക. ഒരുചിരി ഒരാള്‍ക്ക് നല്‍കുന്നുവെങ്കില്‍ അവന്‍ അതിന് അര്‍ഹനാണോ എന്ന് ആദ്യം ചിന്തിക്കുക. കാരണം, ഒരുചിരിപോലും പ്രണയമാണെന്ന് തെറ്റിദ്ധരിക്കുന്നവരാണ് ഇന്നേറെയും ആണുങ്ങള്‍.
വാല്‍ക്കഷണം:
കൊറോണക്കിരീടവും അണിഞ്ഞ് മുഖ്യമന്ത്രി ലജ്ജിതനായി നില്‍ക്കുന്നതാണ് വര്‍ത്തമാനകേരളത്തിന്റെ നേര്‍ചിത്രം. ഓണം കഴിയുമ്പോഴേയ്ക്ക് താന്‍ കൂടുതല്‍ തലകുനിക്കേണ്ടി വരുമോ എന്നും അദ്ദേഹം ഭയപ്പെടുന്നു. രാജ്യത്തെ പകുതിയിലേറെ കോവിഡ് രോഗികളും ഇപ്പോള്‍ കേരളത്തിലാണുള്ളത് അതിന് ജനജീവിതം തകര്‍ക്കുന്ന സമ്പൂര്‍ണ്ണലോക്ഡൗണ്‍ അല്ല പരിഹാരം; സമ്പൂര്‍ണ്ണ വാക്‌സിനേഷനാണ്. കേന്ദ്രത്തിന്റെ പൂര്‍ണസഹായം ആവശ്യമുള്ള കാര്യം. ആ ആവശ്യത്തിനിടയിലാണ് കേന്ദ്രം നാളീകേര വികസനബോര്‍ഡില്‍ സുരേഷ് ഗോപിയെ അംഗമാക്കിയിരിക്കുന്നത്. ഒരുപക്ഷേ കേരളത്തില്‍ കോവിഡ് ബാധിച്ച് ആളുകള്‍ മരിച്ചാലും നാളീകേരമെങ്കിലും രക്ഷപ്പെടട്ടെ എന്ന് അവര്‍ വിചാരിച്ചുകാണും.

Related posts

Leave a Comment