എല്ലാ വകുപ്പും സിപിഎം ഭരിക്കും; ഗതാഗത വകുപ്പിൽ വെട്ടിനിരത്തൽ ആന്റണി രാജുവിന്റെ അസി. പ്രൈവറ്റ് സെക്രട്ടറിയെ പുറത്താക്കി

തിരുവനന്തപുരം: എല്ലാ വകുപ്പുകളിലും പാർട്ടിയാണ് ഭരണം നടത്തുകയെന്ന മുന്നറിയിപ്പ് ആവർത്തിച്ച് ജനാധിപത്യ കേരളാ കോൺഗ്രസിന്റെ മന്ത്രി ആന്റണി രാജുവിന് നൽകിയ ഗതാഗത വകുപ്പിൽ സിപിഎമ്മിന്റെ വെട്ടിനിരത്തൽ. ആന്റണി രാജുവിന്റെ അസിസ്റ്റന്റ് പ്രൈവറ്റ് പി.കെ ശ്രീവത്സ കുമാറിനെ ഇന്നലെ പുറത്താക്കിയതാണ് സിപിഎം ഇടപെടലിന്റെ ഏറ്റവും ഒടുവിലെ ഉദാഹരണം. സിപിഎമ്മിനോട് ആലോചിക്കാതെ നിയമിച്ചുവെന്നതാണ് പുറത്താക്കലിന് കാരണമായി പറയുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദ്ദേശപ്രകാരമാണ് നടപടി. ഒന്നാം പിണറായി സർക്കാരിൽ മന്ത്രിയായിരുന്ന കടകംപള്ളി സുരേന്ദ്രന്‍റെ പഴ്സനൽ സ്റ്റാഫിലെ അംഗമായിരുന്നു ശ്രീവത്സ കുമാർ. ജില്ലാ കമ്മിറ്റിയിലെ ചിലരുടെ ശുപാർശ പ്രകാരമായിരുന്നു നിയമനം. പിന്നീട് ഇയാളെ ഒഴിവാക്കി. എന്നാൽ, രണ്ടാം പിണറായി സർക്കാരിൽ ഇയാളെ പേഴ്സണൽ സ്റ്റാഫായി നിയമിച്ച് ഈ മാസം ഉത്തരവ് ഇറങ്ങിയിരുന്നു.  എന്നാൽ, പാർട്ടിയുടെ അനുമതിയില്ലാതെയാണു നിയമനമെന്നു മുഖ്യമന്ത്രിയുടെ ഓഫിസിൽ വിവരം ലഭിച്ചതിനെത്തുടർന്നു നിയമനം റദ്ദാക്കി ഉത്തരവിറക്കുകയായിരുന്നു. തെറ്റായി ഉത്തരവിറങ്ങിയതിനെ തുടർന്നാണു നിയമനം റദ്ദാക്കിയതെന്നാണ് പൊതുഭരണവകുപ്പിന്റെ വിശദീകരണം.
സ്വർണക്കടത്തു കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിക്കെതിരെ ആരോപണം ഉയർന്നതിനെത്തുടർന്ന് പേഴ്സണൽ സ്റ്റാഫ് നിയമനം ജാഗ്രതയോടെ വേണമെന്നു പാർട്ടി നിർദേശിച്ചിരുന്നു. ഇക്കാരണത്താൽ ഏറെ ആലോചനകൾക്കുശേഷമാണു സ്റ്റാഫിനെ നിയമിക്കുന്നത്. സർക്കാർ അധികാരത്തിലേറി രണ്ടു മാസമായിട്ടും പല മന്ത്രിമാരുടെയും പേഴ്സണൽ സ്റ്റാഫ് അംഗങ്ങളുടെ തെരഞ്ഞെടുപ്പു ഇനിയും പൂർത്തിയായിട്ടില്ലെന്നതാണ് ശ്രദ്ധേയം.

Related posts

Leave a Comment