അസോസിയേറ്റ് ഡയറക്റ്റര്‍ ജയിന്‍ കൃഷ്ണ അന്തരിച്ചു

  • അന്ത്യം തൃശൂരിൽ വീട്ടിൽ നെഞ്ച് വേദനയെടുത്ത് കുഴഞ്ഞ് വീണ്

തൃശൂര്‍: മലയാള ചലച്ചിത്രരംഗത്ത് ശ്രദ്ധേയനായ ചീഫ് അസോസിയേറ്റ് ഡയറക്ടർ പി.കെ ജയകുമാർ (അഡ്വ. ജയിൻ കൃഷ്ണ -45) അന്തരിച്ചു. ഹൃദയസ്തംഭനം മൂലം ഉച്ചയോടെയായിരുന്നു അന്ത്യം. കോലഴി പൂവണിയിലെ വീട്ടിൽ വെച്ച് നെഞ്ച് വേദന അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മോഹന്‍ ലാല്‍ ചിത്രമായ ആറാട്ടിലാണ് അവസാനമായി പ്രവര്‍ത്തിച്ചത്. പ്രീസ്റ്റ്, കള എന്നീ ചിത്രങ്ങളിലും അസോസിയേറ്റ് ഡയറക്റ്ററായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

നിരവധി മുൻനിര സംവിധായകർക്കൊപ്പം സഹ സംവിധായകനായി പ്രവർത്തിച്ചിരുന്നു. മോഹൻലാലിനെ നായകനാക്കി ബി. ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത ‘ആറാട്ടാ’ണ് അവസാനം ചെയ്ത സിനിമ.

അനിൽ സി മേനോൻ, സുനിൽ കാര്യാട്ടുകര, ജിബു ജേക്കബ്, വി.എസ്. രോഹിത് തുടങ്ങിയവർക്കൊപ്പവും പ്രവർത്തിച്ചു. ഫെഫ്ക് ഡയറക്ടേഴ്സ് യൂണിയൻ എക്സിക്യൂട്ടീവ് കമ്മിറ്റിയംഗമാണ്. ലോക്ക് ഡൗൺ ഇളവിനെ തുടർന്ന് സിനിമാ പ്രവർത്തനങ്ങളിൽ സജീവമായ ജയകുമാർ, ഓണം അവധിയെ തുടർന്നുള്ള ഇടവേളയിൽ വീട്ടിലെത്തിയതായിരുന്നു. പരേതനായ കൃഷ്ണൻകുട്ടിയുടെയും ചന്ദ്രികയുടെയും മകനാണ്.
നിയമ ബിരുദധാരിയാണ്.

Related posts

Leave a Comment