നിയമസഭാ കയ്യാങ്കളി: ‘സര്‍ക്കാരിന്റെ നടപടി ജനങ്ങളോടുള്ള വഞ്ചന’

അഡ്വ. ടി ആസഫ് അലി

(പ്രസിഡന്റ് ഇന്ത്യൻ ലോയേഴ്സ് കോൺഗ്രസ് & മുൻ ഡി ജി പി)

നിയമസഭാ കയ്യാങ്കളി കേസ് പിന്‍വലിക്കുവാനുള്ള സര്‍ക്കാര്‍ അപ്പീല്‍ തള്ളിക്കൊണ്ട് ശക്തവും രൂക്ഷവുമായ ഭാഷയില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച രാജ്യത്തെ പരമോന്നത കോടതിയുടെ വാക്കുകളാണ് മേല്‍ ഉദ്ധരിച്ചത്. കെ.എം.മാണിയെ സംസ്ഥാന ബജറ്റ് അവതരിപ്പിക്കുവാന്‍ അനുവദിക്കുകയില്ല എന്ന് പ്രഖ്യാപിച്ചുകൊണ്ട് നിയമസഭക്കാക്കകത്തു അന്നത്തെ പ്രതിപക്ഷങ്ങള്‍ നടത്തിയ നിയമസഭാ മൈക്ക്, കമ്പ്യൂട്ടര്‍, സ്പീക്കറുടെ കസേര മറ്റു ഇലക്ട്രോണിക് ഉപകരണങ്ങള്‍ എന്നീ പൊതുമുതലുകള്‍ തച്ചു തകര്‍ത്തുകൊണ്ടുള്ള സമരത്തിന്റെയും പ്രതിഷേധത്തിന്റെയും പേരില്‍ നടത്തിയ അക്രമങ്ങളും കയ്യാങ്കളിയുമാണ് ഇപ്പോള്‍ തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ വിദ്യാഭ്യസ മന്ത്രി ശിവന്‍കുട്ടി അടക്കമുള്ളവര്‍ക്കെതിരായ കേസിനാസ്പദമായ സംഭവം. പ്രസ്തുത കേസില്‍ പ്രതികള്‍ക്കുന്നുവേണ്ടിയും സര്‍ക്കാര്‍ തന്നെ വാദിച്ച അത്യപൂര്‍വ കേസാണ് സര്‍ക്കാരിന് കനത്ത തിരിച്ചടി നല്‍കികൊണ്ട് സുപ്രീം കോടതി തള്ളിയത്. നാളെകളില്‍ വിചാരണ കോടതിയില്‍ പ്രതികള്‍ ഉന്നയിക്കുന്ന എല്ലാ വാദങ്ങളും സര്‍ക്കാരും പ്രതികളും ഒരുമിച്ചു തിരുവനന്തപുരത്തെ രണ്ടു ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിലും അതിനു ശേഷം കേരളാ ഹൈക്കോടതിയിലും നടത്തിയിട്ടും തോറ്റ സര്‍ക്കാര്‍, അവസാനം പ്രതികളും സര്‍ക്കാരും വേറെ വക്കീലന്മാരെ വെച്ച് സുപ്രീം കോടതിയില്‍ നല്‍കിയ അപ്പീല്‍ തള്ളിയെന്നു മാത്രമല്ല, പരമോന്നത കോടതി പ്രതികളുടെ നേര്‍ക്കു വിരല്‍ചൂണ്ടിയ ശക്തമായ പരാമര്‍ശങ്ങള്‍ ഇന്നു വരെ ഒരു കേസിലും ഒരിക്കലും ഒരു സര്‍ക്കാരിനെതിരെയും പറയാത്ത പ്രഹരങ്ങള്‍ തന്നെയാണ്. പക്ഷെ മന്ത്രിയും ഇടതു മുന്നണിയുമെല്ലാം കോടതിയുടെ രൂക്ഷമായ പരാമര്‍ശങ്ങള്‍ ഒന്നും സംഭവിച്ചിട്ടില്ല എന്ന മട്ടില്‍ കരിമ്പാറക്കു പ്രേമ ലേഖനം അയച്ചാലുണ്ടാവുന്ന പോലെയാണ് പ്രതികരിച്ചതായി അറിഞ്ഞത്.


നിയമസഭ അംഗങ്ങള്‍ക്ക് ഭരണഘടനാ അനുവദിച്ച പ്രതേക അവകാശങ്ങള്‍ ഉണ്ടെന്നും അതുകൊണ്ടു അവര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്താ കേസ് നിലനില്‍ക്കില്ല എന്ന വാദം സുപ്രീം കോടതി വാദം ആരംഭിച്ച ഘട്ടത്തില്‍ തന്നെ മുനയൊടിച്ചുകൊണ്ടു പറഞ്ഞത്, അത്തരം പ്രതേക അവകാശങ്ങള്‍ നിയമ സഭക്കകത്തു ക്രിമിനല്‍ കുറ്റം ചെയ്യാനുള്ളതല്ലയെന്നും ക്രിമിനല്‍ കുറ്റം ചെയ്താല്‍ വിചാരണ നേരിടണം എന്നുതന്നെയായിരുന്നു സുപ്രീം കോടതിയുടെ നിലപാട്. പൊതുമുതല്‍ തകര്‍ക്കുന്നതു നിയമസമാജികന്മാര്‍ക്കുള്ള അഭിപ്രായ സ്വതന്ത്രവുമായ തുലനം ചെയ്യുവാന്‍ കഴിയില്ലായെന്നു വിധിയില്‍ സൂചിപ്പിച്ചതു വളരെ പ്രസക്തമായ വിഷയമാണ്. ഇത്തരം കേസുകള്‍ പിന്‍വലിക്കുവാന്‍ അനുവദിക്കുന്നതില്‍ കൂടി നിയമവിരുദ്ധമായ സംഗതികള്‍ക്കുവേണ്ടി നീതി നിര്‍വഹണ പ്രക്രിയയില്‍ നിയമവിരുദ്ധമായി ഇടപെടുന്നതിന് തുല്യമായിരിക്കും എന്ന പരാമര്‍ശത്തോടുകൂടിയാണ് സര്‍ക്കാരിന്റെ അപ്പീല്‍ തള്ളിയത്. പൊതുമുതല്‍ നശിപ്പിച്ച പ്രതികളുടെ നടപടി മാപ്പര്‍ഹിക്കാത്ത കുറ്റമാണന്നേ സുപ്രീം കോടതിയുടെ പരാമര്‍ശം സര്‍ക്കാരിന്റെ അപ്പീല്‍നിമേല്‍ വീണ അവസാനത്തെ ആണിയാണ്. മന്ത്രിയുടെ രാജി :-
സുപ്രീം കോടതിയുടെ വിധിയുടെ വെളിച്ചത്തില്‍ പ്രതിയായ മന്ത്രി ശിവന്‍ കുട്ടി രാജി വെക്കണം എന്ന ആവശ്യം പ്രതിപക്ഷം ഉന്നയിച്ചത് തികച്ചും സ്വാഭാവികമാണ്. രാജി ആവശ്യത്തിന്മേല്‍ മന്ത്രിയുടെ പ്രതികരണം വിചിത്രമാണ്. വിചാരണ കോടതിയില്‍ നിരപരാധിത്തം തെളിയിക്കും എന്നാണ് മന്ത്രി പറഞ്ഞത്. കേസിലെ പ്രതികള്‍ ആരൊക്കെയാണെന്നും അറിയാതെയാണ് സുപ്രീം കൊടുത്തി വിധി പറഞ്ഞതെന്നും മന്ത്രി പറഞ്ഞതയായി കേട്ടു. നട്ടുച്ചയെ പാതിരയാക്കുന്നതു പോലുള്ള പ്രതികരണ മായിപ്പോയി എന്ന് മാത്രമേ ഇത്തരം പ്രതികരണത്തെ കുറിച്ച് പറയാന്‍ കഴിയുകയുള്ളൂ. എന്താണ് നിരപരാധിത്തം എന്നാണ് സര്‍ക്കാര്‍ സുപ്രീം കോടതി വരെയുള്ള മൂന്ന് കോടതികളിലും വാദിച്ചത്. പ്രതികള്‍ക്കെതിരെ കേസ് പ്രോസിക്യൂട്ട് ചെയ്യേണ്ട പബ്ലിക് പ്രോസിക്യൂട്ടര്‍ തികച്ചും അസാധാരണമായിട്ടാണ് കേസ് പിന്‍വലിക്കേണ്ട ഹര്‍ജിയില്‍ തെളിവില്ല എന്ന വാദം ഉന്നയിച്ചത്, അതാണ് സുപ്രീം കോടതി തള്ളിയത്. ഇനി പ്രതികള്‍ ഉന്നയിച്ചേക്കാവുന്ന ഒരു വാദം സാധാരണ അടിപിടി കേസുകളില്‍ ഉന്നയിക്കുന്ന പ്രതികള്‍ സംഭവ സമയം അവിടെ ഉണ്ടായിരുന്നില്ല എന്നും പോലീസ് രാഷ്ട്രീയ വിദ്വേഷം വെച്ച് കള്ള കേസ് രജിസ്റ്റര്‍ ചെയ്തുവെന്നുമാണ്. അത്തരം മുനയൊടിഞ്ഞ വാദങ്ങള്‍ എങ്ങിനെ നിലനില്‍ക്കും എന്നത് എല്ലാവര്‍ക്കും അറിയാവുന്ന വസ്തുതയാണ്. സംഭവം ലോകം മുഴുവനും കണ്ടു ഇപ്പോഴും കണ്ടുകൊണ്ടിരിക്കുന്നു. മന്ത്രിയുടെ രാജി ആവശ്യം നിയമപരമല്ല, പക്ഷേ രാഷ്ട്രീയ ധാര്‍മികത മാത്രമാണ്. നിയമ പരമാണെങ്കില്‍ വിചാരണ കോടതി പ്രതികളെയും ശിക്ഷിച്ചിച്ചാലും അപ്പീല്‍ കോടതിയും, ഹൈക്കോടതിയും, സുപ്രീം കോടതിയുഉം ഉണ്ടല്ലോ എന്ന വാദത്തില്‍ പിടിച്ചു നില്‍ക്കാമെങ്കില്‍, എന്തിനാണ്, ഇ.പി.ജയരാജനും, തോമസ് ചാണ്ടിയും, എ.കെ. ശശീന്ദ്രനും രാജി വെച്ചത് എന്ന പ്രസക്തമായ ചോദ്യത്തിന് സര്‍ക്കാരും മന്ത്രിയും മറുപടി പറയണം. അവര്‍ക്കെതിരെ ഒരു കോടതിയും ഇതുപോലെ ശക്തമായ ഭാഷയില്‍ വിധിപുറപ്പെട്ടുവച്ചിട്ടുണ്ടായിരുന്നില്ല എന്ന ചോദ്യം ഉന്നയിക്കുമ്പോള്‍ സര്‍ക്കാര്‍ കുഴങ്ങും.


1977 ല്‍ മുഖ്യ മന്ത്രിയായിരുന്ന കെ.കരുണാകരന്‍ അടിയന്തിരാവസ്ഥ കാലത്തു പോലീസ് കസ്റ്റഡിയില്‍ വെച്ച് മരണപ്പെട്ട കോഴിക്കോട് എഞ്ചിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥി രാജനെ പോലീസിനെ കസ്റ്റഡിയില്‍ എടുത്തില്ലയെന്ന വിവരം പോലീസ് നല്കിയ വിവരമനുസരിച്ചാണ് നിയമ സഭയിലും ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലും പറഞ്ഞിട്ടുണ്ടായിരുന്നത്. പിന്നീട് പോലീസ് നല്‍കിയ വിവരം വെച്ച് തന്നെയായിരുന്നു രാജനെ പോലീസിനെ അറസ്റ്റ് ചെയ്തിരുന്നുവെന്നും പോലീസിന്റെ കസ്റ്റഡിയില്‍ വെച്ച് മരണപ്പെട്ടുവെന്നും ഹൈ കൊടുത്തിയില്‍ സത്യവാങ്മൂലം നല്കിയിട്ടുണ്ടായിരുന്നത്. രാജനെ അറസ്റ്റ് ചെയ്തത് കരുണാകരന്‍ ആണെന്ന് ആരും പറഞ്ഞിട്ടുണ്ടയിരുന്നില്ല. പക്ഷെ കരുണാകരന് എതിരായി ഹൈക്കോടതി നടപടി മജിസ്ട്രേറ്റ് കോടതിയില്‍ സ്വീകരിക്കണം എന്ന് ഉത്തരവിട്ടപ്പോള്‍ തന്നെ വിചാരണ കോടതിയുടെ വിധി വരുന്നതുവരെ കാത്തുനില്‍ക്കാതെ മുഖ്യ മന്ത്രി സ്ഥാനം രാജി വെച്ച് ഉന്നതമായ രാഷ്ട്രീയ ധാര്‍മികത ഉയര്‍ത്തിപ്പിടിച്ച പാരമ്പര്യം കേരളത്തിനുണ്ട്.


യു.ഡി.എഫ് ഭരണകാലത്ത് ഏതോ ഒരു പ്രതി നല്‍കിയ ഒരു ജാമ്യ ഹര്‍ജിയിലെ വിധിയില്‍ ഉണ്ടായ ഹൈക്കോടതിയുടെ പരാമര്‍ശത്തെ തുടര്‍ന്നാണ് അന്നത്തെ മന്ത്രി കെ.പി. വിശ്വനാഥന്‍ രാജി വെച്ച് ഉന്നതമായ രാഷ്ട്രീയ ധാര്‍മികത ഉയര്‍ത്തിപിടിച്ചതു എന്നു നാം ഓര്‍മിക്കണം. ഒരു മജിസ്ട്രേറ്റ് കോടതി, അന്നത്തെ മന്ത്രി എം.പി. ഗംഗാധരന്‍ തന്റെ മകളുടെ കല്യാണം പ്രായം തികയുന്നതിനു മുമ്പ് നടത്തി എന്നാരോപിച്ചുള്ള കേസില്‍ മന്ത്രിക്കെതിരെ സമന്‍സ് അയച്ചു എന്ന കേസിലാണ് മന്ത്രി സ്ഥാനം രാജിവെച്ചു മാതൃക കാണിച്ചത്. ഇനിയും ഇത്രയും വലിയ രൂക്ഷവിമര്‍ശനം രാജ്യത്തെ പരമോന്നത കോടതിയില്‍ നിന്ന് ഉണ്ടായി എന്നു മാത്രമല്ല പ്രതികള്‍ യാതൊരു പരിരക്ഷയും അര്‍ഹിക്കുന്നില്ല എന്നുപോലും നിരീക്ഷണം ഉണ്ടായിട്ടും നിരപരാധിത്തം എന്ന ഉമ്പാച്ചി പറഞ്ഞു അധികാരത്തില്‍ മന്ത്രി അള്ളിപ്പിടിച്ചു നില്‍ക്കുന്നത് സാക്ഷര കേരളത്തോട് കൊഞ്ഞനം കാട്ടുന്നതിനു തുല്യമാണ്.


മന്ത്രി ശിവന്‍ കുട്ടി ഈ കേസില്‍ പരമോന്നത കോടതിയുടെ വിധി യുടെ വെളിച്ചത്തില്‍ രാജി വെക്കുന്നില്ലെങ്കില്‍, ഒരു മന്ത്രിയെയോ നിയമസമാജികനെയോ ഏതെങ്കിലും കേസില്‍ തൂക്കിക്കൊല്ലാന്‍ വിധിച്ചാല്‍ പോലും അപ്പീല്‍ ഉണ്ടല്ലോ, വിധി അന്തിമമല്ലല്ലോ എന്നു പറഞ്ഞു അധികാരത്തില്‍ പിടിച്ചു തൂങ്ങുകയും, മറ്റൊരു വശത്തു കൂടി രാഷ്ട്രീയ ധാര്‍മികത പറഞ്ഞു വീമ്പിളക്കുകയും ചെയ്യും എന്നു തന്നെ കരുത്തേണ്ടിയിരിക്കും. സാക്ഷര കേരളം ഇത്തരം രാഷ്ട്രീയ അവസര വാദങ്ങളെ എങ്ങിനെ വിലയിരുത്തുന്നു വെന്നത് വരും നാളുകളില്‍ നമുക്ക് കാണാം.

Related posts

Leave a Comment