Kerala
ഉമ്മൻ ചാണ്ടിയെയും വക്കം പുരുഷോത്തമനെയും ആദരിച്ചും അനുസ്മരിച്ചും നിയമസഭ
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കും മുൻ സ്പീക്കറും മന്ത്രിയും ലഫ്. ഗവർണറുമായിരുന്ന വക്കം പുരഷോത്തമനും നിയമസഭ ആദരാഞ്ജലികൾ അർപ്പിച്ചു. അന്തരിച്ച നേതാക്കൾക്ക് ആദരാഞ്ജലികൾ അർപ്പിച്ചും അവരുടെ അപദാനങ്ങൾ വാഴ്ത്തിയും നേതാക്കൾ പ്രസംഗിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ വാക്കുകൾ:
ഉമ്മൻ ചാണ്ടി
കേരളത്തിന്റെ ആദരണീയനായ മുൻ മുഖ്യമന്ത്രിയും ഈ പതിനഞ്ചാം നിയമസഭയിലെ അംഗവുമായിരുന്ന ഉമ്മൻചാണ്ടിയുടെ സ്മരണകൾക്കു മുമ്പിൽ ആദരാഞ്ജലികൾ അർപ്പിക്കുന്നു.
ഉമ്മൻചാണ്ടിയുടെ വേർപാടോടെ അവസാനിച്ചിരിക്കുന്നത് കേരള രാഷ്ട്രീയത്തിലെ ഒരു സുപ്രധാന ഏടാണ്. ഭൗതികമായ സാന്നിദ്ധ്യം വിടവാങ്ങുമ്പോഴും ഉമ്മൻചാണ്ടി അവശേഷിപ്പിച്ചു പോകുന്ന സവിശേഷതകൾ പലതും കേരളരാഷ്ട്രീയത്തിൽ കാലത്തെ അതിജീവിച്ചു നിലനിൽക്കും.
ഒരേ മണ്ഡലത്തിൽ നിന്നുതന്നെ ആവർത്തിച്ച് തെരഞ്ഞെടുക്കപ്പെട്ടു സഭയിലെത്തുക. അങ്ങനെ നിയമസഭാ ജീവിതത്തിൽ അഞ്ച് പതിറ്റാണ്ടിലേറെ പൂർത്തിയാക്കുക. തെരഞ്ഞെടുപ്പിനെ നേരിട്ട 12 തവണകളിൽ ഒരു തവണ പോലും പരാജയമെന്തെന്നത് അറിയാനിടവരാതിരിക്കുക. 53 വർഷക്കാലത്തോളം നിയമസഭാ സാമാജികനായി തുടരുക. ഇതൊക്കെ ലോക പാർലമെന്ററി ചരിത്രത്തിൽത്തന്നെ അത്യപൂർവം പേർക്കു മാത്രം സാധ്യമായിട്ടുള്ള കാര്യങ്ങളാണ്. ആ അത്യപൂർവം നിയമസഭാ സാമാജികരുടെ നിരയിലാണ് ഉമ്മൻചാണ്ടിയുടെ സ്ഥാനം. ആ സവിശേഷത തന്നെ ജനഹൃദയങ്ങളിൽ അദ്ദേഹം നേടിയ വിജയത്തിന്റെ തെളിവാണ്.
1970 ൽ ഞാനും ഉമ്മൻചാണ്ടിയും ഒരേ ദിവസമാണ് നിയമസഭാംഗങ്ങളായത്. എന്നാൽ, ഞാൻ മിക്കവാറും വർഷങ്ങളിലൊക്കെ സഭയ്ക്കു പുറത്തെ പൊതുരാഷ്ട്രീയ പ്രവർത്തനരംഗത്തായിരുന്നു. ഇടയ്‌ക്കൊക്കെ സഭയിലും. എന്നാൽ, ഉമ്മൻചാണ്ടി ആദ്യം സത്യപ്രതിജ്ഞ ചെയ്തതു മുതൽക്കിങ്ങോട്ട് എന്നും ഈ സഭയിലെ അംഗമായിതന്നെ തുടർന്നു. പല കോൺഗ്രസ് നേതാക്കളും – കെ. കരുണാകരനും എ കെ ആന്റണിയുമടക്കം – പാർലമെന്റംഗങ്ങളായും മറ്റും പോയിട്ടുണ്ട്. എന്നാൽ, ഉമ്മൻചാണ്ടിക്ക് എന്നും പ്രിയങ്കരം കേരള നിയമസഭയായിരുന്നു. അതുകൊണ്ടുതന്നെ അദ്ദേഹം ഈ സഭ വിട്ടുപോയതുമില്ല. കേരളജനതയോടും കേരള നിയമസഭയോടും അദ്ദേഹത്തിനുണ്ടായിരുന്ന ആത്മബന്ധത്തിന് ഇതിലും വലിയ ദൃഷ്ടാന്തം ആവശ്യമില്ല. ദേശീയ തലത്തിൽ പ്രവർത്തിക്കാൻ അവസരമുണ്ടായപ്പോഴും അദ്ദേഹം കേരളത്തിൽ കേന്ദ്രീകരിച്ചു തന്നെ പ്രവർത്തിക്കാനിഷ്ടപ്പെട്ടു. കേരളം വിട്ടുപോവാത്ത മനസ്സായിരുന്നു അദ്ദേഹത്തിന്റേത്.
എഴുപതുകളുടെ തുടക്കത്തിൽ നിരവധി യുവാക്കളുടെ സാന്നിദ്ധ്യംകൊണ്ട് കേരള നിയമസഭ ശ്രദ്ധിക്കപ്പെട്ടിരുന്നു. ലെജിസ്ലേച്ചറിലും എക്‌സിക്യൂട്ടീവിലുമായി അവരിൽ മറ്റാരേക്കാളും കൂടുതൽ ഉത്തരവാദിത്തങ്ങൾ ഉമ്മൻചാണ്ടിക്കു ലഭിച്ചു. മൂന്നുവട്ടം മന്ത്രിയായി. ധനം, ആഭ്യന്തരം, തൊഴിൽ തുടങ്ങിയ സുപ്രധാന വകുപ്പുകൾ അദ്ദേഹം കൈകാര്യം ചെയ്തു. മുഖ്യമന്ത്രിയായും അതിനെത്തുടർന്ന് പ്രതിപക്ഷ നേതാവായും അദ്ദേഹം സേവനം ചെയ്തു. കഴിവും കാര്യക്ഷമതയുമുള്ള ഭരണാധികാരിയായിരുന്നു അദ്ദേഹം; ശ്രദ്ധേയനായ നിയമസഭാ സാമാജികനും.
ജീവിതം രാഷ്ട്രീയത്തിനു വേണ്ടി സമർപ്പിച്ച വ്യക്തിയാണദ്ദേഹം. 1970 മുതൽക്കിങ്ങോട്ടെന്നും കേരളത്തിന്റെ രാഷ്ട്രീയ മുഖ്യധാരയിൽ സജീവ സാന്നിധ്യമായി ഉമ്മൻചാണ്ടി ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ അരനൂറ്റാണ്ടു കാലമായി കോൺഗ്രസ് രാഷ്ട്രീയത്തിന്റെ ഗതിവിഗതികൾ നിയന്ത്രിക്കുന്ന കാര്യത്തിൽ എന്നും ഉമ്മൻചാണ്ടിയുടെ പങ്ക് ശ്രദ്ധേയമായിരുന്നു. അക്കാലയളവിൽ ഉടനീളം കോൺഗ്രസിന്റെയും യു ഡി എഫിന്റെയും മന്ത്രിസഭയുടെയും നേതൃ നിർണയ കാര്യങ്ങളിലടക്കം നിർണായകമാം വിധം ഇടപെട്ടിട്ടുണ്ട് ഉമ്മൻചാണ്ടി. ഇളം പ്രായത്തിലേ പൊതുരംഗത്തേക്കു കടന്നുവന്നയാളാണ് അദ്ദേഹം. ബാലജനസഖ്യത്തിലൂടെ, കെ എസ് യുവിലൂടെ കടന്നുവന്ന് കോൺഗ്രസ് രാഷ്ട്രീയത്തിലും പൊതുരംഗത്തും അദ്ദേഹം നിറഞ്ഞുനിന്നു.
രാഷ്ട്രീയമായി ഇരുചേരികളിൽ നിൽക്കുമ്പോഴും ഞങ്ങൾ തമ്മിലുള്ള സൗഹൃദത്തിന് ഒരു കോട്ടവുമുണ്ടായിരുന്നില്ല. 2016 ൽ മുഖ്യമന്ത്രിയാകണമെന്ന് എൽ ഡി എഫ് പാർലമെന്ററി പാർട്ടി നിശ്ചയിച്ചതിനെ തുടർന്ന് ഞാൻ ആദ്യം പോയി സന്ദർശിച്ചത് അതിനു തൊട്ടുമുമ്പ് മുഖ്യമന്ത്രിയായിരുന്ന ശ്രീ ഉമ്മൻചാണ്ടിയെ ആയിരുന്നു. രണ്ടു തവണ ഈ സഭയുടെ നാഥനായിരുന്ന അദ്ദേഹത്തിൽ നിന്നും സഭയുടെ നടത്തിപ്പിൽ ഉൾപ്പെടെ മികച്ച സഹകരണമാണ് ഉണ്ടായിട്ടുള്ളത്.
കഠിനാധ്വാനവും സ്ഥിരോത്സാഹവുമാണ് എന്നും ഉമ്മൻചാണ്ടിയെ നയിച്ചത്. ഊണിനും ഉറക്കത്തിനുമൊന്നും പ്രാധാന്യം കൽപിക്കാതെ ആരോഗ്യം പോലും നോക്കാതെ പൊതുമണ്ഡലത്തിൽ വ്യാപരിക്കുന്ന പ്രകൃതക്കാരനായിരുന്നു അദ്ദേഹം. രോഗാതുരനായ ഘട്ടത്തിൽപ്പോലും ഏറ്റെടുത്ത കടമകൾ പൂർത്തീകരിക്കുന്നതിൽ അദ്ദേഹം വ്യാപൃതനായിരുന്നു. പൊതുപ്രവർത്തനത്തോടുള്ള ഉമ്മൻചാണ്ടിയുടെ ഈ ആത്മാർത്ഥത പുതുതലമുറയ്ക്കടക്കം മാതൃകയാണ്.
കേരളത്തിന്റെ പൊതുമണ്ഡലത്തിൽ നികത്താനാവാത്ത വിടവ് സൃഷ്ടിച്ച, നാലാം നിയമസഭ മുതൽ ഇപ്പോഴത്തെ പതിനഞ്ചാം നിയമസഭ വരെ തുടർച്ചയായി കേരള നിയമസഭയുടെ അംഗമായിരുന്ന ഉമ്മൻചാണ്ടിയുടെ വിയോഗത്തിൽ കേരള നിയമസഭയ്ക്കുള്ള അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തുന്നു.
വക്കം പുരുഷോത്തമൻ – അനുശോചനം
കേരള നിയമസഭയുടെ മുൻസ്പീക്കറും സംസ്ഥാനത്തിന്റെ മുൻമന്ത്രിയും കേരളത്തിൽ നിന്നുള്ള പാർലമെന്റംഗവും ഒക്കെയായിരുന്ന വക്കം പുരുഷോത്തമൻ വിടവാങ്ങിയിരിക്കുകയാണ്. ഈ സഭയുടെ തന്നെ അധ്യക്ഷൻ എന്ന നിലയിലും പാർലമെന്റംഗം, നിയമസഭാ സാമാജികൻ എന്നീ നിലകളിലും സംസ്ഥാനത്തെ വിവിധ മന്ത്രിസഭകളിലെ അംഗമെന്ന നിലയിലും അദ്ദേഹം നടത്തിയ പ്രവർത്തനങ്ങൾ നന്ദിയോടെ സ്മരിക്കുകയാണ്.
അഭിഭാഷകവൃത്തിയിൽ പേരും പെരുമയും കൈവരിച്ച അദ്ദേഹത്തിന് വേണമെങ്കിൽ ആ രംഗത്തു തന്നെ തുടരാമായിരുന്നു. എന്നാൽ അദ്ദേഹം ജനസേവനത്തിന് വില കൽപ്പിച്ചു. അങ്ങനെ അദ്ദേഹം പൊതുപ്രവർത്തനരംഗത്തേക്ക് കടന്നുവന്നു. പിന്നീടുള്ള അദ്ദേഹത്തിന്റെ ജീവിതം ആധുനിക കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിനൊപ്പം സഞ്ചരിക്കുന്ന നിത്യസാന്നിധ്യമായിരുന്നു.
സജീവ പൊതുപ്രവർത്തനത്തിലേക്ക് തന്നെ കൈപിടിച്ചു കൊണ്ടുവന്നത് കേരളത്തിന്റെ ആദരണീയനായ മുൻ മുഖ്യമന്ത്രി ശ്രീ. ആർ ശങ്കറായിരുന്നുവെന്ന് വക്കം പറയാറുണ്ടായിരുന്നു. എന്നാൽ, അതുമാത്രമായിരിക്കില്ല വക്കത്തെ രാഷ്ട്രീയരംഗത്തേക്ക് ആകർഷിച്ചത്. ഈ രാജ്യത്തിന്റെ ചരിത്രത്തിൽ, പ്രത്യേകിച്ച് സാമ്രാജ്യത്വവിരുദ്ധ പ്രക്ഷോഭങ്ങളിൽ, സവിശേഷമായ സ്ഥാനമുള്ള നാടാണ് തിരുവനന്തപുരം ജില്ലയിലെ വക്കം. മാധ്യമരംഗത്തിനാകെ മാതൃകയായിത്തീർന്ന അബ്ദുൾ ഖാദർ മൗലവിയുടെ നാടാണത്. ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിൽ ഐ എൻ എയുടെ ഭാഗമായി പൊരുതിയ വക്കം ഖാദറിന്റെ നാടാണത്. അങ്ങനെ നിരവധി ചരിത്രസംഭവങ്ങളും വ്യക്തികളുമായി ബന്ധപ്പെട്ടുകിടക്കുന്ന നാടാണ് വക്കം.
ആ നാടിന്റെ ചരിത്രത്തിൽ നിന്ന് ഉൾക്കൊണ്ട ഊർജ്ജവും വിദ്യാർത്ഥി രാഷ്ട്രീയരംഗത്തെ മികവുറ്റ പ്രവർത്തനപരിചയവും അഭിഭാഷക വൃത്തിയിലൂടെ ലഭിച്ച അനുഭവസമ്പത്തുമെല്ലാം ഒന്നുചേർന്ന് വക്കം പുരുഷോത്തമനിലെ പൊതുപ്രവർത്തകനെ രൂപപ്പെടുത്തി എന്നുവേണം കരുതാൻ. അദ്ദേഹത്തിന്റെ ഉള്ളിൽ വളർന്നുവന്ന രാഷ്ട്രീയ വ്യക്തിത്വത്തെ പൊതുരംഗത്തേക്ക് ഉയർത്തിക്കൊണ്ടുവരികയാണ് ആർ ശങ്കർ ചെയ്തതെന്നു പറയേണ്ടിവരും.
ജനാധിപത്യപ്രക്രിയയുടെ ഒട്ടുമിക്ക തലങ്ങളിലും നേതൃത്വപരമായ പങ്കുവഹിച്ചിട്ടുണ്ട് വക്കം. പഞ്ചായത്ത് മുതൽ പാർലമെന്റ് വരെയുള്ള ജനപ്രതിനിധി സഭകളിൽ അദ്ദേഹം അംഗമായിട്ടുണ്ട്. അംഗമായിരുന്ന സഭകളിലെല്ലാം അദ്ദേഹം ശ്രദ്ധേയമായ ഇടപെടലുകൾ നടത്തിയിട്ടുണ്ട്. ജനങ്ങൾക്കിടയിലേക്ക് ഇറങ്ങിച്ചെന്ന് പ്രവർത്തിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു. അത് അദ്ദേഹത്തിന് നേടിക്കൊടുത്ത ജനസമ്മതി വളരെ വലുതായിരുന്നു. അതുകൊണ്ടാണല്ലോ അഞ്ചുവട്ടം ആറ്റിങ്ങൽ നിയമസഭാ മണ്ഡലത്തിൽ നിന്നും അദ്ദേഹം നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.
മൂന്നുവട്ടം അദ്ദേഹം മന്ത്രിയായി. ധനകാര്യം, ആരോഗ്യം, എക്സൈസ്, തൊഴിൽ, കൃഷി, ടൂറിസം തുടങ്ങി സുപ്രധാനമായ പല വകുപ്പുകളും അവധാനതയോടെ അദ്ദേഹം കൈകാര്യം ചെയ്തു. ഏറ്റെടുത്ത ചുമതലകൾ കൃത്യമായി നിറവേറ്റുന്നതോടൊപ്പംതന്നെ തന്റെ കീഴിലുള്ള വകുപ്പുകളെക്കുറിച്ച് ഗാഢമായി പഠിക്കാനും അവഗാഹത്തോടെ കാര്യങ്ങൾ അവതരിപ്പിക്കാനും അദ്ദേഹത്തിനു കഴിഞ്ഞു. ഒരു തവണ അദ്ദേഹം മുഖ്യമന്ത്രിയുടെ ചുമതല വഹിച്ചു. രണ്ടുതവണ അദ്ദേഹം ഈ നിയമസഭയുടെ സ്പീക്കറായി. നിയമസഭാ അധ്യക്ഷൻ എന്ന നിലയിൽ അദ്ദേഹം നടത്തിയ ഇടപെടലുകൾ ഈ സഭയുടെ ചരിത്രത്തിലെ ശ്രദ്ധിക്കപ്പെട്ട അധ്യായങ്ങളാണ്.
രണ്ടു ടേമുകളിലായി പാർലമെന്റിലും ശ്രദ്ധേയമായ ഇടപെടലുകൾ നടത്താൻ അദ്ദേഹത്തിനു സാധിച്ചു. മിസോറാം ഗവർണ്ണറായിരുന്നപ്പോഴും ആൻഡമാൻ – നിക്കോബാർ ലഫ്റ്റനന്റ് ഗവർണർ ആയിരുന്നപ്പോഴുമെല്ലാം ഭരണഘടനയോട് കൂറുപുലർത്തുന്ന പ്രവർത്തനങ്ങൾ അദ്ദേഹം ഏറ്റെടുത്തു. ഏഴര പതിറ്റാണ്ടോളം നീണ്ടുനിന്ന വക്കത്തിന്റെ രാഷ്ട്രീയജീവിതം പൊതുപ്രവർത്തകർക്കാകെ, പ്രത്യേകിച്ച് പുതുതലമുറയിൽപ്പെടുന്നവർക്കുള്ള മികച്ച ഒരു റഫറൻസാണ്.
ആധുനിക കേരളത്തിന്റെ രാഷ്ട്രീയ വികാസപരിണാമങ്ങൾക്കൊപ്പം സഞ്ചരിച്ച വ്യക്തിയാണ് വക്കം പുരുഷോത്തമൻ. അദ്ദേഹം വിടവാങ്ങുമ്പോൾ ആ ചരിത്രത്തിലെ സുപ്രധാനമായ ഒരു അധ്യായം അവസാനിക്കുകയാണ്. വക്കം പുരുഷോത്തമന്റെ വിയോഗത്തിൽ കേരള നിയമസഭയ്ക്കുള്ള അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തുന്നു.
Kerala
കഞ്ചിക്കോട് മദ്യനിര്‍മാണ ശാല: ടെണ്ടര്‍ പോലും വിളിക്കാതെ എന്തു ചട്ടമാണ് പാലിച്ചതെന്ന് രമേശ് ചെന്നിത്തല
തിരുവനന്തപുരം: ടെണ്ടര്‍ വിളിക്കാതെയും യാതൊരു നടപടിക്രമങ്ങള്‍ പാലിക്കാതെയും ഓയാസിസ് കമേഴ്സ്യല്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന് പാലക്കാട് കഞ്ചിക്കോട് ഡിസ്റ്റിലറി തുടങ്ങാന്‍ അനുമതി നല്‍കിയതിന്റെ കാരണം അഴിമതിയാണെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല. മന്ത്രി എം. ബി രാജേഷ് കാര്യങ്ങള്‍ ജനങ്ങള്‍ക്കു മുമ്പാകെ വിശദീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.ഈ കമ്പനിയുടെ കൈയില്‍ നിന്ന് അപേക്ഷ വാങ്ങി മന്ത്രിസഭയുടെ മുന്നില്‍ അനുമതിക്കു സമര്‍പ്പിച്ചത് എക്സൈസ് മന്ത്രിയാണ്. ഈ കമ്പനിയില്‍ രാജേഷിനും ഇടതു സര്‍ക്കാരിനുമുള്ള പ്രത്യേക താല്‍പര്യം വെളിവാക്കണം. മദ്യനയത്തിന്റെ അടിസ്ഥാനത്തിലാണ് ഇത് ചെയതത് എന്നാണ് മന്ത്രി രാജേഷ് പറയുന്നത്. അങ്ങനെയെങ്കില്‍ ടെണ്ടര്‍ വിളിക്കണ്ടേ.
എല്ലാ ചട്ടങ്ങളും പാലിച്ചുവെന്നാണ് അദ്ദേഹത്തിന്റെ അവകാശവാദം. ടെണ്ടര്‍ പോലും വിളിക്കാതെ എന്തു ചട്ടമാണ് പാലിച്ചത്. കേരളത്തില്‍ 17 ല്‍പരം ഡിസ്റ്റിലറികളില്‍ ഇ.എന്‍.എ ഉല്‍പാദനത്തിന് ലൈസന്‍സ് നല്‍കിയിട്ടുള്ള സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനമായ മലബാര്‍ ഡിസ്റ്റിലറീസിന് എന്തുകൊണ്ടാണ് അനുമതി നല്‍കാതിരുന്നത്.തൃശൂര്‍ ജില്ലയിലെ തിരുവില്വാമലയില്‍ സ്വകാര്യമേഖലയിലെ സൂപ്പര്‍ സ്റ്റാര്‍ ഡിസ്റ്റിലറീസ് എന്ന സ്ഥാപനത്തില്‍ മരച്ചീനിയില്‍ നിന്ന് മദ്യം ഉല്‍പാദിപ്പിക്കാന്‍ സര്‍ക്കാര്‍ കൊണ്ടുവന്ന പദ്ധതിയുടെ ഇപ്പോഴത്തെ അവസ്ഥയെന്താണ്. കമ്പനീസ് ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്ത സ്ഥാപനമാണ് ഒയാസിസ് എന്നാണ് മന്ത്രി എംബി രാജേഷ് പറയുന്നത്. ഇന്ത്യയിലെ ഏതെങ്കിലും കമ്പനിക്ക് ഈ ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്യാതെ പ്രവര്‍ത്തിക്കാന്‍ കഴിയുമോ.
രാജേഷ് എന്തൊക്കെയാണ് പറയുന്നത് എന്ന് അദ്ദേഹത്തിന് തന്നെ അറിയില്ല. കഴിഞ്ഞ തവണ യാതൊരു പരിചയവുമില്ലാത്ത കടലാസ് കമ്പനികള്‍ക്ക് ഡിസ്റ്റിലറി അനുവദിച്ചു കൊടുത്തത് ഓര്‍ത്തായിരിക്കും മന്ത്രി ഇപ്പോള്‍ സംസാരിക്കുന്നത്. അന്ന് പ്രതിപക്ഷത്തിന്റെ ശക്തമായ എതിര്‍പ്പ് കാരണമാണ് ആ പദ്ധതി നടക്കാതെ വന്നത്.കേരളത്തിലെ ഡിസ്റ്റിലറികള്‍ ഒരു വര്‍ഷം ഉല്‍പാദിപ്പിക്കുന്ന മദ്യം ഇവിടെ ചെലവാകുന്നുണ്ടോ എന്ന കാര്യം കൂടി മന്ത്രി വ്യക്തമാക്കണം. 1999 ലെ എക്സിക്യൂട്ടിവ് ഓര്‍ഡര്‍ നിനില്‍ക്കുന്ന കാലത്തോളം ഇവിടെ പുതിയ ഡിസ്റ്റിലറികള്‍ അനുവദിക്കാന്‍ പാടുള്ളതല്ല.
Ernakulam
സിയാലില്‍ അതിവേഗ ഇമിഗ്രേഷന്‍ തുടങ്ങി
കൊച്ചി: സിയാലില്‍ അതിവേഗ ഇമിഗ്രേഷന്‍ പദ്ധതിയ്ക്ക് തുടക്കമായി. ഉദ്യോഗസ്ഥ സഹായമില്ലാതെ ഇമിഗ്രേഷന്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ കഴിയുന്ന കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ പദ്ധതി ഫാസ്റ്റ് ട്രാക്ക് ഇമിഗ്രേഷന്‍ – ട്രസ്റ്റഡ് ട്രാവലര്‍ പ്രോഗ്രാമിനാണ് തുടക്കമായത്.
ആഭ്യന്തര യാത്രക്കാര്‍ക്ക് ബോര്‍ഡിങ് പാസ് രഹിത പ്രവേശനമൊരുക്കുന്ന ഡിജി-യാത്ര സംവിധാനം നേരത്തെ തന്നെ സിയാലില്‍ പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്. എഫ്.ടി.ഐ – ടി.ടി.പി സംവിധാനത്തിലൂടെ രാജ്യാന്തര യാത്രക്കാര്‍ക്ക് 20 സെക്കന്‍ഡുകള്‍ കൊണ്ട് ഇമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കാനാവും. അറൈവല്‍, ഡിപ്പാര്‍ച്ചര്‍ മേഖലകളിലായി നാല് വീതം ബയോമെട്രിക് ഇ -ഗേറ്റുകള്‍ ഫാസ്റ്റ് ട്രാക്ക് ഇമിഗ്രേഷനായി സജ്ജീകരിച്ചിട്ടുണ്ട്. ഇന്ത്യക്കാര്‍ക്കും ഓവര്‍സീസ് സിറ്റിസണ്‍ ഓഫ് ഇന്ത്യ (ഒ.സി.ഐ.) കാര്‍ഡുടമകള്‍ക്കും ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രത്യേക പോര്‍ട്ടല്‍ വഴി അപേക്ഷ സമര്‍പ്പിക്കാം.
പാസ്പോര്‍ട്ട് ഉള്‍പ്പെടെയുള്ള രേഖകള്‍ വിജയകരമായി അപ്ലോഡ് ചെയ്താല്‍ അടുത്ത ഘട്ടമായ ബയോമെട്രിക് എന്റോള്‍മെന്റിലേയ്ക്ക് കടക്കാം. മുഖവും വിരലടയാളവും രേഖപ്പെടുത്താനുള്ള എന്റോള്‍മെന്റ് കൗണ്ടറുകള്‍ കൊച്ചി വിമാനത്താവളത്തില്‍ പ്രവര്‍ത്തിക്കുന്ന എഫ്.ആര്‍.ആര്‍.ഒ ഓഫീസിലും ഇമിഗ്രേഷന്‍ കൗണ്ടറുകളിലും ഒരുക്കിയിട്ടുണ്ട്. ഒറ്റത്തവണ രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കുന്നവര്‍ക്ക് പിന്നീടുള്ള എല്ലാ രാജ്യാന്തര യാത്രകള്‍ക്കും സ്മാര്‍ട് ഗേറ്റുകള്‍ ഉപയോഗപ്പെടുത്താം. ഇതോടെ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ വരി നിന്നുള്ള കാത്തുനില്‍പ്പും ഒഴിവാകും.
സ്മാര്‍ട് ഗേറ്റില്‍ ആദ്യം പാസ്പോര്‍ട്ട് സ്‌കാന്‍ ചെയ്യണം. രജിസ്റ്ററേഷന്‍ നടത്തിയിട്ടുണ്ടെങ്കില്‍ ഗേറ്റുകള്‍ താനെ തുറക്കും. തുടര്‍ന്ന് രണ്ടാം ഗേറ്റിലെ ക്യാമറയില്‍ മുഖം കാണിക്കാം. സിസ്റ്റം നിങ്ങളുടെ മുഖം തിരിച്ചറിയുന്നതോടെ ഗേറ്റ് തുറക്കുകയും ഇമിഗ്രേഷന്‍ നടപടി പൂര്‍ത്തിയാവുകയും ചെയ്യും.
Alappuzha
കുറുവ സംഘത്തിലെ രണ്ട് പേര്‍ ആലപ്പുഴ മണ്ണഞ്ചേരി പൊലീസിന്റെ പിടിയില്‍
ആലപ്പുഴ: കുറുവ സംഘത്തിലെ രണ്ട് പേര്‍ ആലപ്പുഴ മണ്ണഞ്ചേരി പൊലീസിന്റെ പിടിയില്‍. തമിഴ്‌നാട് പൊലീസിന്റെ പിടികിട്ടാപുള്ളികളാണ് പിടിയിലായത്. കറുപ്പയ്യയും നാഗരാജുവും ആണ് പിടിയിലായിരിക്കുന്നത്. ഇവരെ ഇടുക്കി രാജകുമാരിയില്‍ നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തത്. അതേസമയം, കസ്റ്റഡിയിലെടുത്തവര്‍ക്ക് നിലവില്‍ കേരളത്തില്‍ കേസുകള്‍ ഇല്ലെന്നാണ് പൊലീസ് പറയുന്നത്.
മണ്ണഞ്ചേരിയില്‍ രജിസ്റ്റര്‍ ചെയ്ത കുറുവ സംഘത്തിനെതിരായ കേസന്വേഷണത്തിന്റെ ഭാഗമായി കസ്റ്റഡിയില്‍ എടുത്തതാണ് ഇവരെ. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് പിടിയിലായവര്‍ തമിഴ്‌നാട് പൊലീസിന്റെ പിടികിട്ടാപുള്ളികള്‍ ആണെന്ന് അറിയുന്നത്. നാഗര്‍കോവില്‍ പൊലീസിന് പ്രതികളെ കൈമാറും.
-
Kerala2 months ago
ജീവനക്കാരുടെ ശമ്പളബില്ല്
കേന്ദ്രീകൃതമാക്കാനുള്ള നീക്കം,
ശമ്പളം കവര്‍ന്നെടുക്കാനുള്ള ആസൂത്രിത ശ്രമമാണെന്ന് ; ചവറ ജയകുമാര്‍ -
News1 month ago
ക്ഷാമബത്ത കേസില്‍ ഇടക്കാല ഉത്തരവ്
-
News2 months ago
ക്ഷാമ ബത്ത കേസിൽ ഇടക്കാല ഉത്തരവ്
-
Featured3 months ago
ഡി എ: പ്രഖ്യാപനം നിരാശാജനകമെന്ന് സെക്രട്ടേറിയറ്റ് അസോസിയേഷൻ
-
Kerala3 months ago
ക്ഷാമബത്ത: കുടിശ്ശിക നിഷേധിച്ചാൽ നിയമപരമായി നേരിടും; ചവറ ജയകുമാർ
-
News2 months ago
ജീവനക്കാരെ രണ്ടു തട്ടിലാക്കുന്ന നടപടി സർക്കാർ അവസാനിപ്പിക്കണം
-
News1 month ago
സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരുംഅനിശ്ചിത കാല പണിമുടക്കിലേക്ക്: സെറ്റോ
-
Featured5 days ago
സംസ്ഥാനത്ത് നാളെ 6 ജില്ലകൾക്ക് അവധി
You must be logged in to post a comment Login