നിയമസഭ കയ്യാങ്കളി കേസ്; തടസ്സ ഹർജികളുടെ വിധി ആറിന്

തിരുവനന്തപുരം: നിയമസഭ കയ്യാങ്കളി കേസ് പിൻവലിക്കുന്നതിനെതിരെ നൽകിയ തടസ്സ ഹർജികളിൽ സെപ്റ്റംബർ ആറിന് വിധി പറയും. കേസിൽ പ്രതികൾ സമർപ്പിച്ച വിടുതൽ ഹർജികളും മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നൽകിയ തടസ ഹർജിയുമാണ് തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി പരിഗണിച്ചത്.നേരത്തെ കേസ് അവസാനിപ്പിക്കാൻ ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ നൽകിയ അപ്പീൽ സുപ്രീം കോടതി തള്ളുകയും പ്രതികളോട് വിചാരണ നേരിടാൻ നിർദേശിക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് പ്രതികളുടെ വിടുതൽ ഹർജിയിൽ കക്ഷി ചേർക്കണമെന്ന ആവശ്യവുമായി രമേശ് ചെന്നിത്തല കോടതിയെ സമീപിച്ചത്.കേസിൽ വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിയടക്കം ആറ് പ്രതികളാണുള്ളത്. മുൻ മന്ത്രിമാരായ കെ.ടി.ജലീൽ, ഇ.പി.ജയരാജൻ എന്നിവരും പ്രതിപ്പട്ടികയിലുണ്ട്. 2015-ൽ യുഡിഎഫ് സർക്കാരിന്റെ കാലത്താണു നിയമസഭയിൽ പ്രതിപക്ഷ എംഎൽഎമാരുടെ പ്രതിഷേധത്തെത്തുടർന്ന് കയ്യാങ്കളിയും പൊതുമുതൽ നശിപ്പിക്കലും നടന്നത്. പൂട്ടിക്കിടന്ന ബാറുകൾ തുറക്കാൻ ഒരുകോടി രൂപ കൈക്കൂലി വാങ്ങിയെന്നാരോപിച്ച്‌ അന്നത്തെ ധനമന്ത്രി കെ.എം. മാണിക്കെതിരെയായിരുന്നു പ്രതിഷേധം.ബജറ്റ് അവതരിപ്പിക്കുന്നതിൽനിന്നു മാണിയെ തടയാൻ പ്രതിപക്ഷം നിയമസഭയ്ക്കകത്തും പുറത്തും പ്രക്ഷോഭം നടത്തി. സഭയിൽ മാണിയുടെ ബജറ്റ് പ്രസംഗം തടസപ്പെടുത്തിയ പ്രതിപക്ഷം സ്പീക്കറുടെ ഡയസിൽ കയറി കസേര മറിച്ചിടുകയും കംപ്യൂട്ടറും മറ്റ് ഉപകരണങ്ങളും നശിപ്പിക്കുകയും ചെയ്തിരുന്നു.മൊത്തം രണ്ടര ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായി. നിയമസഭാ സെക്രട്ടറിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്.

Related posts

Leave a Comment