കണ്ണീർമുത്തുകൾക്ക് നിയമസഭയുടെ ആദരാഞ്ജലി, സമ്മേളനം വെട്ടിച്ചുരുക്കി


തിരുവനന്തപുരം: പ്രളയമഴയിൽ ജീവൻ നഷ്ടമായവർക്കു നിയമസഭയുടെ ആദരാഞ്ജലി. മരിച്ചവരുടെ നിരാലംബരായ കുടുംബാം​ഗങ്ങൾ ഒറ്റയ്ക്കല്ലെന്നും കേരള സമൂഹവും നിയമസഭയും അവർക്കൊപ്പമുണ്ടാകുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കും പുനരധിവാസത്തിനും പ്രളയദുരിത നിവാരണത്തിനുമായി സർക്കാർ സ്വീകരിക്കുന്ന എല്ലാ നപടികൾക്കും പൂർണ പിന്തുണ നൽകുമെന്നു പ്രതിപക്ഷത്തിനു വേണ്ടി കെ. ബാബുവും ഉറപ്പ് നൽകി. സാമാജികർക്ക് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി കൂടുതൽ സമയം ആവശ്യമുള്ളതിനാൽ ഇന്ന് അവശേഷിച്ച സഭാ നടപടികളെല്ലാം റദ്ദാക്കി. മുൻ നിശ്ചയ പ്രകാരം 21, 22 തീയതികളിലെ സമ്മേളനവും റദ്ദാക്കിയതായി മുഖ്യമന്ത്രി അവതരിപ്പിച്ച പ്രത്യേക പ്രമേയത്തിൽ അറിയിച്ചു. സഭ ഏകകണ്ഠമായി പ്രമേയം അം​ഗീകരിച്ചു. ഈ മാസം 25 ന് സഭ വീണ്ടും സമ്മേളിക്കുമെന്നു സ്പീക്കർ എം.വി. രാജേഷ്.


ഒരാഴ്ച നീണ്ട പ്രളയക്കെടുതികളിൽ 39 പേർ മരണമടഞ്ഞതായി മുഖ്യമന്ത്രി സഭയെ അറിയിച്ചു. ആറു പേരെ കാണാതായി. ഇവർക്കായുള്ള തെരച്ചിൽ തുടരുന്നു. 217 വീടുകൾ പൂർണമായി നശിച്ചു. 1837 വീടുകൾ ഭാ​ഗികമായി തകർന്നു. 304 ദുരിതാശ്വാസ ക്യാംപുകളിലായി 3,851 കുടുംബങ്ങളെ മാറ്റി പാർപ്പിച്ചിട്ടുണ്ട്. ഇവർക്ക് ആവശ്യമായ ഭക്ഷണം, മരുന്ന്, മറ്റ് അവശ്യവസ്തുക്കൾ തുടങ്ങിയവ ഉറപ്പ് വരുത്തുന്നതിന് തദ്ദേശ സ്ഥാപനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്. അതിതീവ്ര മഴയ്ക്കു സാധ്യതയുണ്ടെന്നു കേന്ദ്ര മുന്നറിയിപ്പുള്ളതിനാൽ പ്രതിരോധപ്രവർത്തനങ്ങൾ ഊർജിതമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
മരണമടഞ്ഞവരും പരുക്കേറ്റവരും കിടപ്പാടം നഷ്ടപ്പെട്ടവരും മറ്റ് ദുരിതങ്ങൾ അനുഭവിക്കുന്നവരും തനിച്ചല്ലെന്നും ഈ സഭ അപ്പാടെ അവർക്കൊപ്പമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കക്ഷി വ്യത്യാസമില്ലാതെ മുഴുവൻ സാമാജികരും ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ വ്യാപൃതരാണെന്നും എല്ലാവരും ഒറ്റക്കെട്ടായി നിൽക്കേണ്ട സന്ദർഭമാണിതെന്നും മുഖ്യമന്ത്രി ഓർമിപ്പിച്ചു.

Related posts

Leave a Comment