ആശ്രിത നിയമനം; ശമ്പള കമ്മീഷൻ ശുപാർശ അംഗീകരിക്കരുതെന്ന് കെജിഒയു

തിരുവനന്തപുരം: ശമ്പള പരിഷ്കരണ കമ്മീഷന്റെ തുടർ ശുപാർശകളിൽ സർവീസ് രംഗത്തിന് ഗുണകരമായത് മാത്രമേ പരിഗണിക്കാവൂവെന്ന് കേരളാ ഗസറ്റസഡ് ഓഫീസേഴ്സ് യൂണിയൻ (കെജിഒയു) സംസ്ഥാന പ്രസിഡന്റ് ഡോ. മനോജ് ജോൺസൺ. പെൻഷൻ പ്രായം 57 വയസ്സായി ഉയർത്തണമെന്ന നിർദ്ദേശം സ്വാഗതാർഹമാണ്. എന്നാൽ 2013 ഏപ്രിൽ മാസം മുതൽ നിയമിക്കപ്പെട്ട എല്ലാ  ജീവനക്കാരുടെയും വിരമിക്കൽ പ്രായം 60 വയസ്സ് ആയിരിക്കേ, മറ്റു ജീവനക്കാരുടെയും പെൻഷൻ പ്രായം 60 വയസ്സായി ഉയർത്തി ഏകീകരിക്കുകയാണ് ഇക്കാര്യത്തിൽ ചെയ്യേണ്ടതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കെജിഒയു സംസ്ഥാന ഭാരവാഹികളുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രവർത്തി ദിനം അഞ്ചാക്കി കുറച്ചുകൊണ്ടുള്ള നിർദ്ദേശം ജീവനക്കാരുടെ കാര്യക്ഷമതയും ഉത്തരവാദിത്വവും വർധിപ്പിക്കും. പക്ഷേ സർക്കാർ ജീവനക്കാർക്ക് സുരക്ഷിതത്വം നൽകിക്കൊണ്ടിരുന്ന ആശ്രിത നിയമനം നിർത്തലാക്കാനുള്ള ശുപാർശ അംഗീകരിക്കാൻ പാടുള്ളതല്ല. അതിനെതിരെ സംഘടന ശക്തമായി പ്രതികരിക്കും. ഇക്കാര്യങ്ങളിൽ നടപടികൾ എടുക്കും മുൻപ് ജീവനക്കാരുടെ സംഘടനകളുമായി അടിയന്തരമായി ചർച്ചകൾ നടത്തേണ്ടതുണ്ടെന്നും യോഗം ആവശ്യപ്പെട്ടു.
സംസ്ഥാന പ്രസിഡന്റിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജനറൽ സെക്രട്ടറി കെ ജെ കുര്യാക്കോസ്, സംസ്ഥാന ട്രഷറർ കെ സി സുബ്രഹ്മണ്യൻ, സംസ്ഥാന വൈസ് പ്രസിഡന്റുമാരായ വി എം ശ്രീകാന്ത്,   ബി ഗോപകുമാർ, അബ്ദുൾ ഹാരിസ്, ബീന പൂവത്തിൽ, സംസ്ഥാന സെക്രട്ടറിമാരായ വി എം ഷൈൻ, ദിലീപ് ജി, പി ഐ സുബൈർ കുട്ടി, എസ് അനിൽകുമാർ, ഡോ. ജി ആർ  ഹരി കൃഷ്ണകുമാർ, കെ ജോൺസൺ, സി ബ്രിജേഷ് എന്നിവർ സംസാരിച്ചു

Related posts

Leave a Comment