സൗജന്യ ഭക്ഷ്യ കിറ്റ് നൽകണംഃ എ.എ.അസീസ്

തിരുവനന്തപുരം: പ്രളയബാധിത പ്രദേശങ്ങളിൽ ദുരിതമനുഭവിക്കുന്നവർക്കായി റേഷൻ കട വഴി അടിയന്തിരമായി സൗജന്യ ഭക്ഷ്യ കിറ്റ് നൽകാൻ സംസ്ഥാന സർക്കാർ തയ്യാറാകണമെന്ന് ആർ എസ് പി സംസ്ഥാന സെക്രട്ടറി എ.എ.അസീസ് ആവശ്യപ്പെട്ടു.

കടലേറ്റം മൂലം മത്സ്യ ബന്ധനത്തിന് പോകാൻ കഴിയാത്ത മത്സ്യതൊഴിലാളികൾ പട്ടിണിയിലാണ്. കൊവിഡ് പ്രതിസന്ധിയും ട്രോളിംഗ് നിരോധനവും കാരണം തൊഴിൽ ഇല്ലാതെ കഷ്ടത അനുഭവിക്കുകയായിരുന്നു മത്സ്യതൊഴിലാളികൾ. അതിനു പിന്നാലെ വന്ന കടൽക്കാറ്റും നൂനമർദ്ദവും മത്സ്യതൊഴിലാളികളുടെ ജീവിതം കൂടുതൽ ദു:സ്സഹമാക്കുന്നതാണ്. ഈ സാഹചര്യത്തിൽ മത്സ്യതൊഴിലാളി കുടുംബങ്ങളിലെ പട്ടിണിക്കും മരുന്നിനും പഠനത്തിനും സർക്കാർ സഹായം നൽകണമെന്ന് എ.എ.അസീസ് അഭിപ്രായപ്പെട്ടു.

കേരളത്തിൽ സ്ഥിരമായി പ്രളയമുണ്ടാകുന്ന സ്ഥിതിക്ക് ജനതയുടെ ജീവനും സ്വത്തിനും പ്രാധാന്യം നൽകുന്നതിന് ശാസ്ത്രീയ പഠനം അനിവാര്യമാണ് . സ്ഥിരമായ പ്രളയം കൃഷി നാശത്തിനും നിർമ്മാണമേഖലയിൽ വലിയ നഷ്ടത്തിനും കാരണമാകുന്നു. ഇതെല്ലാം ജനങ്ങളെ മാനസ്സികമായി തളർത്തുന്ന വിഷയങ്ങളാണ്. അതിനാൽ ഇതെല്ലാം ഗൗരവമായി കണ്ട് വിദഗ്ധരുടെയും രാഷ്ട്രീയ പാർട്ടികളുടെയും യോഗം ചേർന്ന് ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ ഉതകുന്ന നടപടികൾ സംസ്ഥാന സർക്കാർ സ്വീകരിക്കണമെന്ന് എ.എ.അസീസ് ആവശ്യപ്പെട്ടു.

Related posts

Leave a Comment