അഷ്റഫ് ഘനി അമേരിക്കയിലേക്ക്; തീരുമാനം താജിക്കിസ്ഥാൻ പ്രവേശനാനുമതി നിഷേധിച്ചതോടെ

കാബൂൾ: താലിബാൻ ഭരണത്തിലായതോടെ രാജ്യം വിട്ട നിലവിലെ പ്രസിഡന്റ് അഷ്റഫ് ഘനി അമേരിക്കയിൽ അഭയം തേടിയേക്കുമെന്ന് റിപ്പോർട്ട്. അഫ്‌ഗാനിൽ നിന്ന് പലായനം ചെയ്ത അദ്ദേഹത്തിന് താജിക്കിസ്ഥാൻ പ്രവേശനാനുമതി നിഷേധിച്ചു. ഇതേത്തുടർന്നാണ് അമേരിക്കയിലേക്ക് പോകുന്നതെന്നാണ് റിപ്പോർട്ട്. എന്നാൽ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. അദ്ദേഹം ഇപ്പോൾ ഒമാനിലാണ്.

താലിബാൻ കാബൂൾ പിടിച്ചെടുത്ത ഉടനാണ് അഷ്റഫ് ഘനി രാജ്യം വിട്ടത്. രക്തച്ചൊരിച്ചിൽ ഒഴിവാക്കാനാണ് താൻ രാജ്യം വിട്ടതെന്നാണ് അദ്ദേഹം സോഷ്യൽ മീഡിയയിൽ കുറിച്ചത്. കാബൂളിലേക്ക് താലിബാൻ ഭീകരർ പ്രവേശിച്ചതോടെ അധികാരമൊഴിയാൻ തയ്യാറാണെന്ന് ഘനി വ്യക്തമാക്കിയിരുന്നു. അതിനിടെ ഇപ്പോഴും രാജ്യത്ത് തുടരുന്ന മുൻ അഫ്‌ഗാൻ പ്രസിഡന്റ് ഹമീദ് കർസായിയും ദേശീയ അനുരഞ്ജന ഹൈ കൗൺസിൽ തലവനുമായ അബ്ദുള്ള അബ്ദുള്ളയും സർക്കാരുണ്ടാക്കുന്ന കാര്യത്തിൽ താലിബാനുമായി ഇപ്പോഴും ചർച്ച നടത്താൻ ശ്രമിക്കുന്നു എന്നും റിപ്പോർട്ടുകളുണ്ട്. തന്റെ പെൺകുട്ടികളോടൊപ്പം കാബൂളിലുണ്ടെന്ന് കർസായി വീഡിയോ സന്ദേശത്തിൽ പറഞ്ഞിരുന്നു. ജനങ്ങൾക്ക് സംരക്ഷണം നൽകണമെന്നും അവരുടെ സുരക്ഷ ഉറപ്പാക്കണമെന്നും സന്ദേശത്തിൽ അദ്ദേഹം താലിബാനോട് അഭ്യർത്ഥിച്ചിരുന്നു.അതിനിടെ രാജ്യത്ത് പലയിടത്തും തങ്ങളുടെ കാടൻ നയങ്ങൾ താലിബാൻ നടപ്പാക്കിത്തുടങ്ങി. സ്ത്രീകളും ,കുട്ടികളും ഉൾപ്പടെ നിരവധി പേർ പലായനത്തിലാണ്.

Related posts

Leave a Comment