പൊലീസ് നാണം കെടുത്തിയെന്നു തുറന്നു സമ്മതിച്ചു മുഖ്യമന്ത്രി, ഇന്ന് ഉന്നതതല യോഗം

തിരുവനന്തപുരം: തന്‍റെ കീഴിലുള്ള കേരള പോലീസ് തികഞ്ഞ പരാജയമാണെന്നു തുറന്നു സമ്മതിച്ചു മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാന പോലീസ് പരാജയം തന്നെയാണ്. സ്വയം നാണം കെടുകയും സര്‍ക്കാരിനെ നാണം കെടുത്തുകയുമാണെന്ന് വിജയന്‍ പോലീസ് മേധാവി അനില്‍ കാന്തിനോടു തുറന്നു പറഞ്ഞതായാണു വിവരം. എന്നാല്‍ മുഖ്യമന്ത്രി പറയുന്ന ആരോപണങ്ങളെല്ലാം മുന്‍ ഡിജിപി ലോക്നാഥ് ബഹറയുടെ കാലത്താണെന്നും സേനയില്‍ നവീകരണം നടക്കുകയാണെന്നുമാണ് അനില്‍ കാന്തിന്‍റെ വിശദീകരണം. ഏതായാലും സര്‍ക്കാരിന്‍റെയും പൊലീസിന്‍റെയും മുഖം മിനുക്കാന്‍ മുഖ്യമന്ത്രി ഇന്നു പോലീസ് യോഗം വിളിച്ചു. ഡി‍ജിപി, എഡിജിപി, ഐജി, ജില്ലാ പോലീസ് സൂപ്രണ്ട്, സിറ്റി കമ്മിഷണര്‍ തുടങ്ങി സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ വരെയുള്ളവര്‍ ഓണ്‍ലൈനായി യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. ചരിത്രത്തിലാദ്യമാണ് ഇത്തരത്തിലൊരു പൊലീസ് യോഗം മുഖ്യമന്ത്രി വിളിക്കുന്നത്. അത്ര ഗുരുതരമാണ് പൊലീസിലെ ആഭ്യന്തര പ്രശ്നങ്ങള്‍.

  • മോന്‍സണ്‍ മാവുങ്കലെന്ന തട്ടിപ്പ്കാരനുമായുള്ള വഴിവിട്ട ബന്ധം

പുരാവസ്തു തട്ടിപ്പ് കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന മോന്‍സണ്‍ മാവുങ്കലുമായി കേരള പോലീസിലെ സമുന്നതര്‍ക്കുള്ള ബന്ധമാണ് ഇപ്പോള്‍ യോഗം വിളിക്കാന്‍ പ്രധാന കാരണം. മുന്‍ സംസ്ഥാന പൊലീസ് മേധാവി ലോക്നഥാ ബഹറ തന്നെ നേരിട്ട് കേസില്‍ ഉള്‍പ്പെട്ട സാഹചര്യത്തില്‍ പൊലീസിനു പറഞ്ഞുനില്‍ക്കാന്‍ ഒന്നുമില്ല. ഒന്‍പതു തവണയാണ് ബഹറ മോന്‍സണെ സന്ദര്‍ശിച്ചത്. അനിത പുല്ലയില്‍ എന്ന മറുനാടന്‍ മലയാളിയുടെ ഉപദേശപ്രകാരമാണ് ബഹറ മോന്‍സണെ വീട്ടില്‍ പോയി കണ്ടത്. യാത്രയ്ക്കും സന്ദര്‍ശകരെ സ്വീകരിക്കുന്നതിനു പോലും കര്‍ശനമായ പ്രോട്ടോകോള്‍ നിയന്ത്രണങ്ങളുള്ള ഒരു സമുന്നത ഉദ്യോഗസ്ഥന്‍ വിദേശ വനിതയുടെ ഉപദേശം കേട്ട് എന്തിന്ഒരു തട്ടിപ്പുകാരന്‍റെ വീട്ടില്‍ പോയി എന്ന ചോദ്യത്തിന് ഉത്തരം ഇന്നല്ലെങ്കില്‍ നാളെ ബഹറ നല്‍കേണ്ടി വരും. വേണ്ടി വന്നാല്‍ അദ്ദേഹത്തെ ചോദ്യം ചെയ്യാനും ക്രൈം ബ്രാഞ്ച് പോലീസിനു മേല്‍ സമ്മര്‍ദം വന്നേക്കാം. തട്ടിപ്പുകാരന്‍റെ വീട്ടുപടിക്കല്‍ പൊലീസ് ബീറ്റ് ബോക്സ് സ്ഥാപിച്ചതടക്കമുള്ള സാഹചര്യങ്ങളും അന്വേഷിക്കുന്നുണ്ട്. നിയമത്തിന്‍റെ പിടിയില്‍ നിന്ന് ഒരുദ്യോഗസ്ഥനും വഴുതി മാറാന്‍ കഴിയില്ല. പക്ഷേ, പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രി പിണറായി വിജയനുമായി നേരിട്ട് അടുത്ത വ്യക്തബന്ധമുള്ല ബഹറയ്ക്ക് ആരു മണികെട്ടുമെന്ന് കണ്ടറിയണം. സംസ്ഥാന പോലീസ് മേധാവിയായിരുന്ന ഒരാള്‍ ചോദ്യം ചെയ്യപ്പെടലിന്‍റെ വക്കില്‍ നില്‍ക്കുന്നതും ഇതാദ്യം. നടപടി ഭയന്ന് അവധിയെടുത്ത് മുങ്ങിയിരിക്കയാണ് ബെഹറ.

പൊലീസ് സര്‍വീസില്‍ നിന്നു വിരമിച്ചിട്ടും ഉയര്‍ന്ന ശമ്പളം നല്‍കി ബഹറയെ കൊച്ചി മെട്രൊ റെയില്‍ കോര്‍പ്പറേഷന്‍റെ സിഎംഡിയായി നിയമിച്ചതു തന്നെ ഉന്നത ബന്ധങ്ങളുടെ ആഴം കൊണ്ടാണ്. ഏതാനും വര്‍ഷത്തെേ പഴക്കം മാത്രമുള്ള ‌അലങ്കൃത കസേരയില്‍ , ഒരുവേള ഏതെങ്കിലും കുറ്റവാളിയുടേതാകാന്‍ സാധ്യതയുള്ള വടിവാളും പിടിച്ച് ടിപ്പു സുല്‍ത്താന്‍റെ സിംഹാസനവും ഉടവാളുമാണെന്നു വിശ്വസിച്ച് ബഹുമാന പൂര്‍വം പിടിച്ചു നില്‍ക്കുന്ന ബഹറയുടെയും എഡിജിപി മനോജ് ഏബ്രഹാമിന്‍റെയും ചിത്രമാണ് സമീപകാലത്ത് കേരള പോലീസിനെ ഏറ്റവും കൂടുതല്‍ നാണം കെടുത്തിയത്.

മുഖ്യമന്ത്രി, മന്ത്രിമാര്‍, ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങി വലിയൊരു നിര തന്നെ മോണ്‍സണ്‍ മാവുങ്കലിന്‍റെ സമ്പര്‍ക്കപ്പട്ടികയിലുണ്ട്. സ്വര്‍ണക്കടത്ത് കേസില്‍ എം.ശിവശങ്കറിനെയും മുഖ്യമന്ത്രിയെയും ബന്ധിപ്പിച്ചത് സ്വപ്ന സുരേഷ് ആയിരുന്നെങ്കില്‍ മോന്‍സണും ബഹറയും മുഖ്യമന്ത്രിയും തമ്മിലുള്ള കണ്ണി അനിത പുല്ലയില്‍ എന്ന എന്‍ആര്‍ഐ വനിതയാണ് ആണ്. കേരള ലോക്സഭയിലടക്കം മുഖ്യമന്ത്രിയുടെ ഇഷ്ടക്കാരെ കണ്ടെത്തുന്ന ചുമതലക്കാരിയാണ് അനിത.

  • മനഃസാക്ഷിയെ നടുക്കിയ പിങ്ക് പൊലീസ്

വനിതകളുടെയും കുട്ടികളുടെയും സുരക്ഷ ഉറപ്പ് വരുത്തുമെന്ന് പറഞ്ഞ് പിങ്ക് പോലീസിന്‍റെ പ്രത്യേക യൂണിറ്റിനെ ചുമതലപ്പെടുത്തിയതിന്‍റെ ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിച്ച് ദിവസങ്ങള്‍ക്കുള്ളിലാണ് ആറ്റിങ്ങലില്‍ ഒരു എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയെയും അവളുടെ പിതാവിനെയും ആറ്റിങ്ങല്‍ പിങ്ക് പൊലീസ് ക്രൂരമായി പീഡിപ്പിച്ചത്. മോഷണക്കുറ്റം ചുമത്തി, പൊതുജന മധ്യത്തില്‍ ഈ പിതാവിനെയും മകളെയും ആക്ഷേപിച്ച പൊലീസ് ഉദ്യോഗസ്ഥയ്ക്കെതിരേ ശക്തമായ ജനരോഷമാണ് ഉയരുന്നത്. ഈ ഉദ്യോഗസ്ഥയെ സര്‍വീസില്‍ നിന്നു പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ട് കുട്ടിയുടെ അമ്മയും ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികളും കഴിഞ്ഞ ദിവസം സെക്രട്ടേറിയറ്റിനു മുന്നില്‍ നടത്തിയ ഉപവാസ സമരം വലിയ തോതിലുള്ള ജനശ്രദ്ധ ആകര്‍ഷിച്ചിരുന്നു.

  • നാണം കെടുത്തിയ ഹണി ട്രാപ്പ്

ഒരു എസ്‌പിയടക്കം നൂറിലേറെ പൊലീസ് ഉദ്യോഗസ്ഥരെ ഹണി ട്രാപ്പില്‍ കുടുക്കിയ അശ്വതിയെന്ന യുവതിയാണ് കേരള പോലീസിന്‍റെ മറ്റൊരു തലവേദന. ഒരു ഉദ്യോഗസ്ഥനെ ആത്മഹത്യയുടെ വക്കിലെത്തിക്കുകയും അനേകരുടെ കുടുംബം തകര്‍ക്കുകയും പൊലീസില്‍ത്തന്നെ ശക്തമായ ചേരിതിരിവുണ്ടാക്കുകയും ചെയ്ത സംഭവം കേരള പോലീസിലെ തന്നെ ഏറ്റവും വലിയ ഇന്‍റലിജന്‍സ് വീഴ്ചയാണ്. തലപ്പത്തുള്ളവര്‍ കള്ളക്കടത്തുകാര്‍ക്കും തട്ടിപ്പുകാര്‍ക്കും പിന്നാലെ പോയപ്പോള്‍ താഴെയുള്ളവര്‍ ഹണിട്രാപ്പിലും കുടുങ്ങി. ഈ തക്കം നോക്കി സാധാരണ പൊലീസ് ഉദ്യോഗസ്ഥര്‍ നാട്ടുകാര്‍ക്കു പെറ്റി ചുമത്താല്‍ മത്സരിക്കുകയായിരുന്നു. കോവിഡ് മൂലം പ്രതിസന്ധിയിലായ സാധാരണക്കാര്‍ക്ക് രണ്ടായിരം മുതല്‍ പതിനായിരം രൂപവരെ ഫൈന്‍ ചുമത്തി പീഡിപ്പിക്കുകയായിരുന്നു.

ഇക്കാര്യങ്ങളെല്ലാം ഇന്നത്തെ യോഗത്തില്‍ ചര്‍ച്ചയാകും. സംസ്ഥാന പോലീസ് സര്‍ക്കാരിന്‍റെ പ്രതിച്ഛായ തകര്‍ത്തെന്നാണു മുഖ്യമന്ത്രിയുടെ പരാതി. എന്നാല്‍ മുഖ്യമന്ത്രിയുടെ തന്നെ വിശ്വസ്തന്‍റെ കാലത്തു നടന്ന വിവാദങ്ങളില്‍ തങ്ങള്‍ക്കെന്തു ചെയ്യാനാവുമെന്നാണ് ഇപ്പോഴത്തെ തലപ്പത്തുള്ളവരുടെ മറുചോദ്യം. ഈ സാഹചര്യത്തില്‍ ഇന്നത്തെ യോഗത്തില്‍ പൊലീസ് സേനയിലെ അച്ചടക്കരാഹിത്യത്തെക്കുറിച്ചു മുഖ്യമന്ത്രി ശക്തമായ മുന്നറിയിപ്പ് നല്‍കും. ശക്തമായ നടപടികളും ശുപാര്‍ശ ചെയ്തേക്കും.

Related posts

Leave a Comment