ന്യൂഡൽഹി: തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദം അസാനി ചുഴലിക്കാറ്റായി രൂപപ്പെട്ടു. ചുഴലിക്കാറ്റ് നാളെ ഒഡീഷ, ബംഗാൾ, ആന്ധ്ര തീരംതൊടും. ഈ വർഷം വടക്കേ ഇന്ത്യൻ മഹാസമുദ്രത്തിൽ രൂപപ്പെടുന്ന ആദ്യത്തെ കൊടുങ്കാറ്റാണിത്. അസാനി കരതൊടുന്ന സംസ്ഥാനങ്ങളിൽ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയുണ്ടാകുമെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. അസാനി ചുഴലിക്കാറ്റിൻറെ സഞ്ചാരപാത കേരളത്തെ നേരിട്ട് ബാധിക്കില്ല. എങ്കിലും ചുഴലിക്കാറ്റിന്റ ഭാഗമായി കേരളം ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ഇടിയോടു കൂടിയ മഴക്ക് സാധ്യതയുണ്ട്. നാളെ വൈകിട്ടോടെ അസാനി ആന്ധ്ര, ഒഡീഷ തീരത്തേക്ക് അടുക്കുമെങ്കിലും കരതൊടാതെ കടന്നുപോകും. തീരമേഖലയിൽ നിന്ന് ആളുകളെ മാറ്റിപാർപ്പിക്കാൻ തുടങ്ങിയിട്ടുണ്ട്.
‘ഉഗ്രകോപി’ എന്നാണ് അസാനി എന്ന വാക്കിനർഥം. ശ്രീലങ്കയാണ് കാറ്റിന് പേരിട്ടത്. ബംഗാൾ ഉൾക്കടലിൽ മത്സ്യബന്ധനത്തിന് പോയവർ സുരക്ഷിത തീരങ്ങളിലേക്ക് മാറണമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിപ്പിലുണ്ട്. അസാനി ചുഴലിക്കാറ്റിൻറെ പശ്ചാത്തലത്തിൽ ആന്ധ്ര, ഒഡീഷ തീരങ്ങളിലും മഴ മുന്നറിയിപ്പുണ്ട്.
അസാനി നാളെ തീരം തൊടും ; ഇടിമിന്നലോടു കൂടിയ ശക്തമായ മഴക്ക് സാധ്യത
