അസം-മിസോറാം അതിർത്തി സംഘർഷം ; വെടിവെപ്പിൽ മൂന്ന് പേർക്ക് പരിക്ക്

ഗുവാഹത്തി: അസം-മിസോറാം അതിർത്തി പ്രദേശം സംഘർഷഭരിതം. ​ സ്​ത്രീകൾ ഉൾപ്പെടെ മൂന്ന്​ മിസോറാംകാർക്ക്​ നേരെ അസം പൊലീസ്​ വെടിയുതിർത്തതിനെ തുടർന്നാണ്​ അതിർത്തി പ്രദേശം വീണ്ടും സംഘർഷത്തിലായത്. ഒരു സ്​ത്രീക്ക്​ കൈക്ക്​ പരിക്കേറ്റതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട്​ ചെയ്​തു. അയൽ സംസ്​ഥാനത്ത്​ നിന്നും ഭക്ഷണസാധനങ്ങൾ ശേഖരിക്കാൻ പോയതായിരുന്നു ഇവരെന്ന്​ മിസോറാം അധികൃതർ വ്യക്തമാക്കി.അസമിലെ ഹൈലകണ്ടി ജില്ലയുമായി അതിർത്തി പങ്കിടുന്ന ഐത്​ലങ്​ ത്ലാങ്​പുയി പ്രദേശത്ത്​ ചൊവ്വാഴ്ചയാണ്​ വെടിവെപ്പുണ്ടായതെന്ന്​ കോലാസിബ്​ ഡെപ്യൂട്ടി കമീഷണർ എച്ച്‌​. ലാൽതലങ്​ലിയാ പറഞ്ഞു. അസമിലെ ബിലിയാപൂരിലുള്ള നിബുസ്​ എന്നയാളിൽ നിന്ന്​ ഇറച്ചി വാങ്ങാനാണ്​ മിസോറാമുകാർ അയൽ സംസ്​ഥാനത്തേക്ക് പോകാനൊരുങ്ങിയത്​​​.ജനങ്ങളോട്​ സംഘർഷത്തിൽ പരിഹാരം കാണുന്നത്​ വരേ അതിർത്തിയിലെത്തരുതെന്ന്​ പൊലീസ്​ നിർദ്ദേശം നൽകി.പ്രദേശത്ത് ഏറെ നാളുകളായി സംഘർഷാവസ്ഥ നിലനിൽക്കുകയാണ്. ജൂലെ 26നുണ്ടായ സംഘർഷത്തിൽ ആറ് അസം പൊലീസുകാർ ഉൾപ്പെടെ ഏഴുപേർ മരിക്കുകയും 50ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.165 കിലോമീറ്റർ നീളമുള്ള അസം- മിസോറം അതിർത്തിയുമായി ബന്ധപ്പെട്ട തർക്കത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. രണ്ട് സംസ്ഥാനങ്ങളുടെ മൂന്ന് ജില്ലകൾ ഇവിടെ അതിർത്തി പങ്കിടുന്നു. ബ്രിട്ടീഷ് ഭരണകാലത്തുള്ള രണ്ട് അതിർത്തി നിർണയങ്ങളിൽ ഏത് പിന്തുടരണം എന്നത് സംബന്ധിച്ച അഭിപ്രായ വ്യത്യാസമാണ് തർക്കത്തിനുള്ള പ്രധാനകാരണം.

Related posts

Leave a Comment