ഇന്ധന വില വര്‍ധനയിലൂടെ കേന്ദ്രവും കേരളവും ജനങ്ങളെ കൊള്ളയടിക്കുന്നു: ആര്യാടന്‍ മുഹമ്മദ്

നിലമ്പൂര്‍: ഇന്ധന വിലവര്‍ധനയിലൂടെ കേന്ദ്ര സര്‍ക്കാരും കേരള സര്‍ക്കാരും ജനങ്ങളെ കൊള്ളയടിക്കുകയാണെന്ന് മുന്‍ മന്ത്രി ആര്യാടന്‍ മുഹമ്മദ്. ഇന്ധന വില വര്‍ധനക്കെതിരെ യു.ഡി.എഫിന്റെ കുടുംബസത്യാഗ്രഹത്തില്‍ കുടുംബാംഗങ്ങള്‍ക്കൊപ്പം പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ധനത്തിന് വന്‍തോതില്‍ വിലകൂട്ടിയതോടെ അവശ്യസാധനങ്ങള്‍ക്ക് 40 ശതമാനം വിലവര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ജനങ്ങളെ പട്ടിണിയിലാക്കി ഖജനാവ് നിറക്കാനാണ് സര്‍ക്കാരുകള്‍ ശ്രമിക്കുന്നത്. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് ഇന്ധനത്തിന്റെ അധികവിലയുടെ നികുതി ഈടാക്കേണ്ടെന്ന് തീരുമാനിച്ച് ജനങ്ങളെ സഹായിച്ചിരുന്നു. എന്നാല്‍ ഇടത് സര്‍ക്കാര്‍ നികുതി ഇളവു വരുത്താതെ കേന്ദ്രത്തിന്റെ കൊള്ളക്ക് കൂട്ട് നില്‍ക്കുകയാണ്. കോവിഡ് വ്യാപനത്തിലും വിലക്കയറ്റത്തിലും പൊറുതിമുട്ടിയ ജനങ്ങളിലേക്ക് നേരിട്ട് സാമ്പത്തിക സഹായം നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും അങ്ങിനെയേ വിപണിയെ ചലിപ്പിക്കാനാവൂ എന്നും ആര്യാടന്‍ പറഞ്ഞു. ആര്യാടന്റെ ഭാര്യ മറിയം മകന്‍ സംസ്‌ക്കാര സാഹിതി ചെയര്‍മാന്‍ ആര്യാടന്‍ ഷൗക്കത്ത്, ഭാര്യ മുംതാസ്, ഷൗക്കത്തിന്റെ മക്കളായ ഒലിന്‍ സാഗ, ഒവിന്‍ സാഗ, പേരക്കുട്ടി മൂന്നു വയസുകാരി മലീഹ എന്നിവര്‍ കുടുംബസത്യാഗ്രഹത്തില്‍ പങ്കാളികളായി.

Related posts

Leave a Comment