ആര്യാ രാജേന്ദ്രന് പ്രായം മാത്രമല്ല, ജനാധിപത്യ ബോധവും കുറവ് അഴിമതിയിൽ ഭരണകക്ഷിക്ക് ഇരട്ടചങ്ക് ;എം വിൻസെന്റ്

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിലെ ലക്ഷങ്ങളുടെ നികുതി വെട്ടിപ്പ് സംബന്ധിച്ച് സമഗ്ര അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് നിയമസഭയിൽ പ്രതിപക്ഷ പ്രതിഷേധം. കോൺഗ്രസ് അംഗം എം വിൻസെന്റ് അടിയന്തര പ്രമേയ നോട്ടീസിലൂടെയാണ് വിഷയം സഭയുടെ ശ്രദ്ധയിൽ കൊണ്ടുവന്നത്. ഭരണസിരാ കേന്ദ്രത്തിന്റെ മൂക്കിന് താഴെയുള്ള നഗരസഭയിൽ ഇത്രയും വലിയ അഴിമതി നടന്നിട്ടും സർക്കാർ ഇടപെടാതെ മാറി നിൽക്കുകയാണെന്നും അഴിമതിയുടെ കാര്യത്തിൽ ഭരണകക്ഷിക്ക് ഇരട്ടച്ചങ്കാണെന്നും എം വിൻസെന്റ് നോട്ടീസിൽ കുറ്റപ്പെടുത്തി. കോർപ്പറേഷനിലെ തട്ടിപ്പുകൾ ആവർത്തിക്കുമ്പോഴും യഥാർത്ഥ പ്രതികൾ രാഷ്ട്രീയ സ്വാധീനത്താൽ രക്ഷപ്പെടുകയാണ്. മേയർ ആര്യാ രാജേന്ദ്രന് പ്രായം മാത്രമല്ല, ജനാധിപത്യ ബോധവും കുറവാണെന്ന് വിൻസെന്റ് വിമർശിച്ചു. ദിവസങ്ങളായി കൗൺസിലർമാർ സമരം നടത്തിയിട്ടും മേയർ അവിടേക്ക് തിരിഞ്ഞു നോക്കിയിട്ടില്ല. പകരം സമരപ്പന്തലിൽ ടിവി സ്ഥാപിച്ച് അതിലൂടെ സമരത്തിന് എതിരായ പ്രഭാഷണം നടത്തി പ്രകോപനം ഉണ്ടാക്കുന്ന മേയറുടെ നടപടി ധിക്കാരമാണ്. അഴിമതിക്കാരായ ഉദ്യോഗസ്ഥർക്കു സർക്കാർ ഒത്താശ ചെയ്യുകയാണ്. കുറ്റക്കാരായ ഉദ്യോഗസ്ഥർക്കു മുൻകൂർ ജാമ്യത്തിന് അപേക്ഷ നൽകാൻ സർക്കാർ അവസരം കൊടുത്തു. മുൻകൂർ ജാമ്യം ലഭിക്കാത്തതിനെത്തുടർന്നാണ് ജീവനക്കാർ കീഴടങ്ങിയത്, അല്ലാതെ പൊലീസ് അറസ്റ്റു ചെയ്തതല്ലെന്നും അദ്ദേഹ പറഞ്ഞു.
നമ്മൾ കൊയ്യും വയലെല്ലാം നമ്മുടേതാകും പൈങ്കിളിയെ എന്നത് പോലെ നമ്മൾ പിരിക്കും ടാക്സെല്ലാം നമ്മുടേതാകും പൈങ്കിളിയേ എന്നാണ് നഗരസഭയിലെ സിപിഎം നേതാക്കൾ ഇപ്പോൾ പാടുന്നത്. കഴിഞ്ഞ ജൂലൈയിൽ തട്ടിപ്പ് സംബന്ധിച്ച് ഉന്നത ഉദ്യോഗസ്ഥർ റിപ്പോർട്ട് നൽകിയിട്ടും ഇക്കഴിഞ്ഞ ദിവസമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഇത് അവർക്ക് മുൻകൂർ ജാമ്യത്തിന് വഴിയൊരുക്കാനായിരുന്നു. ഡിവൈഎഫ്ഐ നേതാവിന്റേതുൾപ്പെടെ 24 വ്യാജ അക്കൗണ്ടുകളിലേക്കാണ് പണം പോകുന്നത്. ക്ഷേത്രത്തിലെ പണ്ടാര അടുപ്പിൽ മാത്രം ഇക്കുറി നടന്ന ആറ്റുകാൽ പൊങ്കാലയുടെ പേരിൽ ലക്ഷങ്ങളാണ് വെട്ടിച്ചത്. അക്ഷര ശ്രീ പദ്ധതിയിൽ വ്യാജരേഖയുണ്ടാക്കി വേറെയും അഴിമതി നടത്തി. നഗരസഭയുടെ 135 വാഹനങ്ങളിൽ 41 എണ്ണം കാണാനില്ല. 16 എണ്ണം ശാന്തികവാടത്തിന് സമീപം എൻജിനും മറ്റ് ഭാഗങ്ങളും അഴിച്ചുമാറ്റിയ ശേഷം ഉപേക്ഷിച്ച നിലയിലാണ്. ഇല്ലാത്ത വാഹനങ്ങളുടെ പേരിൽ മെയിന്റനൻസ് ചാർജും ഇൻഷ്വറൻസ് തുകയും തട്ടിയെടുക്കുന്ന സംഘം നഗരസഭയിൽ പ്രവർത്തിക്കുന്നുണ്ട്. നേരത്തെയും നിരവധി അഴിമതി ആരോപണം നേരിട്ട നഗരസഭയാണിത്. ഇക്കാര്യങ്ങളെല്ലാം നഗരസഭ തന്നെ ചുമതലപ്പെടുത്തിയ കമ്മിറ്റിയാണ് കണ്ടെത്തിയതെന്നും 15 വർഷത്തെ നഗരസഭയുടെ അഴിമതികളെക്കുറിച്ച് സർക്കാർ തലത്തിൽ സമഗ്ര അന്വേഷണം വേണമെന്നും വിൻസെന്റ് ആവശ്യപ്പെട്ടു.
അതേസമയം, നഗരസഭയിലെ 33 ലക്ഷം രൂപയുടെ നികുതി വെട്ടിപ്പിനെക്കുറിച്ച് വിവരം ലഭിച്ചപ്പോൾ തന്നെ സമഗ്ര അന്വേഷണം ആരംഭിച്ചുവെനന് തദ്ദേശ മന്ത്രി എംവി ഗോവിന്ദന് പകരം മറുപടി പറഞ്ഞ മന്ത്രി കെ. രാധാകൃഷ്ണൻ സഭയെ അറിയിച്ചു. നാല് ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്തു. 13 പേരെ സസ്പെന്റ് ചെയ്തു. നഗരസഭയിൽ കെട്ടിട –ഭൂനികുതി അടച്ച ഒരാൾക്കും പണം നഷ്ടപ്പെടില്ലെന്നും കുറ്റക്കാർക്കെതിരെ മുഖം നോക്കാതെ നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു. നികുതി അടച്ചവരുടെ കയ്യിൽ രസീത് ഇല്ലെങ്കിലും ഓഫിസ് രജിസ്റ്ററിൽ പേരുവിവരങ്ങൾ കാണുമെന്നും അതിനാൽ പണം നഷ്ടപ്പെടുമെന്ന ആശങ്ക വേണ്ടെന്നും മന്ത്രി പറഞ്ഞു. ഇപ്പോൾ നടക്കുന്ന അന്വേഷണ പുരോഗതി വിലയിരുത്തി കൂടുതൽ അന്വേഷണം വേണ്ടതുണ്ടെങ്കിൽ അപ്പോൾ നടപടി സ്വീകരിക്കാമെന്നും മന്ത്രി അറിയിച്ചു. മന്ത്രിയുടെ മറുപടിയെ തുടർന്ന് അടിയന്തര പ്രമേയത്തിന് സ്പീക്കർ അനുമതി നിഷേധിച്ചെങ്കിൽ പ്രതിപക്ഷം വാക്കൗട്ട് നടത്തിയില്ല.

Related posts

Leave a Comment