വിജയ് ബാബുവിനെതിരായ അറസ്റ്റ് വാറന്റ് യുഎഇ പൊലീസിനു കൈമാറി, അറസ്റ്റ് വൈകില്ലെന്ന് കൊച്ചി സിറ്റി പൊലീസ്

ദുബായ്; നടിയെ ബലാത്സംഗം ചെയ്തെന്ന കേസിൽ നടനും നിർമാതാവുമായ വി‍ജയ് ബാബുവിനെതിരായ അറസ്റ്റ് വാറൻറ് യുഎഇ പൊലീസിന് കൈമാറി. കൊച്ചി സിറ്റി പൊലീസിൻറേതാണ് നടപടി. വിജയ് ബാബു യുഎഇയിൽ എവിടെയുണ്ടെന്ന കാര്യത്തിൽ കൊച്ചി പൊലീസിന് വ്യക്തയില്ല.
ഇത് കണ്ടെത്തി അറിയിക്കാനാണ് യുഎഇ പൊലീസിന് വാറൻറ് കൈമാറിയത്. അവരുടെ മറുപടി കിട്ടിയ ശേഷം തുടർനടപടിയുണ്ടാകുമെന്ന് പൊലീസ് അറിയിച്ചു.
വി‍ജയ് ബാബുവിനെതിരെ അന്വേഷണ സംഘം നേരത്തെ ബ്ലൂ കോർണർ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. കേസിൽ പ്രതിയായതോടെ വിദേശത്തേക്ക് മുങ്ങിയ വിജയ് ബാബുവിനെതിരെ ഇൻറർപോൾ സഹായത്തോടെയാണ് പൊലീസ് ബ്ലൂ കോർണർ നോട്ടീസ് ഇറക്കിയത്.
നടിയുടെ പരാതിയിൽ ചോദ്യം ചെയ്യുന്നതിന് ഹാജരാകാൻ പല തവണ നോട്ടീസ് നൽകിയിട്ടും വഴങ്ങാതിരുന്നതിനെ തുടർന്നാണ് വിജയ് ബാബുവിനെതിരെ കർശന നടപടികളിലേക്ക് നീങ്ങാൻ പൊലീസ് തീരുമാനിച്ചത്.
ബിസിനസ് ആവശ്യാർത്ഥം വിദേശത്താണെന്നും 19 ന് മാത്രമേ നാട്ടിലേക്ക് എത്താൻ കഴിയുകയുള്ളൂവെന്നുമായിരുന്നു വിജയ് ബാബു പൊലീസിനെ അറിയിച്ചിരിക്കുന്നത്. മുൻകൂർ ജാമ്യത്തിന് ഹൈക്കോടതിയിൽ അപേക്ഷ നൽകിയ ഇയാൾ അപേക്ഷ ഹൈക്കോടതി പരിഗണിക്കുന്നതുവരെ നാട്ടിൽ വരാതെ മാറി നിൽക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് പൊലീസിന് വ്യക്തമായിരുന്നു.
വേനൽ അവധിക്ക് ശേഷം ഈ മാസം പതിനെട്ടിന് ശേഷം മാത്രമേ വിജയ് ബാബുവിൻറെ മുൻകൂർ ജാമ്യാപേക്ഷ കോടതി പരിഗണിക്കൂ. ഇത് മുന്നിൽ കണ്ടാണ് വിജയ് ബാബു കീഴടങ്ങാൻ പത്തൊമ്പതാം തീയതി വരെ സമയം ചോദിച്ചത്. എന്നാൽ ഗൗരവ സ്വഭാവമുള്ള കേസിൽ വിജയ ബാബുവിന് സമയം അനുവദിക്കാനാവില്ലെന്ന ഉറച്ച നിലപാടിലാണ് പൊലീസ്.

Related posts

Leave a Comment