അർജ്ജുൻ ആയങ്കിയുടെ ഭാര്യയോട് ചോദ്യം ചെയ്യലിന് ഹാജരാകാൻ കസ്റ്റംസ് ; അമലയ്ക്കു സ്വർണക്കടത്തുമായി മുമ്പേ അറിവുണ്ടെന്ന് സൂചന

കണ്ണൂര്‍ : കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസ് പ്രതി അർജുൻ ആയങ്കിയുടെ ഭാര്യ അമലയോട് ചോദ്യം ചെയ്യലിന് ഹാജരാകാൻ കസ്റ്റംസിന്‍റെ നിർദേശം. അമലയ്ക്കും സ്വർണക്കടത്തുമായി മുമ്പേ അറിവുണ്ടെന്ന് സംശയമുള്ളതായി പറയപ്പെടുന്നു. കൊല്ലം സ്വദേശിയായ അമല എസ്എഫ്ഐയുടെ സജീവ പ്രവർത്തക കൂടിയായിരുന്നു.കൊച്ചിയിലെ ഓഫീസിൽ തിങ്കളാഴ്‌ച എത്താനാണ് നിർദേശം. അർജുന്‍റെ വീട്ടിൽ നിന്നും നിർണായക തെളിവുകൾ കിട്ടിയതായി കസ്റ്റംസ് അറിയിച്ചു.

സ്വർണക്കടത്തുമായി ബന്ധമുണ്ടെന്ന് തെളിയിക്കാൻ കഴിയുന്ന രേഖകളാണ് വീട്ടിൽ നിന്ന് ലഭിച്ചതെന്നാണ് വിവരം. ഡിജിറ്റൽ തെളിവുകൾ ലഭിച്ചിട്ടുണ്ടെന്ന് കസ്റ്റംസ് വ്യക്തമാക്കി. അതേസമയം, ഫോൺ നഷ്‌ടപ്പെട്ടുവെന്ന മൊഴി അർജുൻ ആയങ്കി തിരുത്തി. ആളൊഴിഞ്ഞ പറമ്പിൽ നിന്നും കാറ് മാറ്റുന്നതിനിടെ ഫോൺ നഷ്‌ടപ്പെട്ടു എന്നായിരുന്നു ആദ്യമൊഴി. എന്നാല്‍, ഫോൺ നഷ്‌ടപ്പെട്ടതല്ലെന്നും തൊട്ടടുത്ത വളപട്ടണം പുഴയിലേക്ക് ഫോൺ വലിച്ചെറിഞ്ഞു എന്നുമാണ് പുതിയ മൊഴി.

കരിപ്പൂരിൽ വന്നത് പണം വാങ്ങാനാണെന്നും സ്വർണം കവരാനല്ലെന്നും അർജുൻ പറയുന്നു. തെളിവില്ലാത്ത കാര്യങ്ങളിൽ തന്‍റെ പങ്ക് സമ്മതിച്ച് കേസിൽ നിന്ന് രക്ഷപ്പെടാനാണ് അർജുൻ ശ്രമിക്കുന്നതെന്നാണ് കസ്റ്റംസിന്‍റെ സംശയം. അർജുന്‍റെ വീട്ടിൽ ഇപ്പോഴും കസ്റ്റംസ് പരിശോധന തുടരുകയാണ്.

Related posts

Leave a Comment