മലബാറിലെ സ്വര്‍ണക്കടത്തിന്‍റെ നിയന്ത്രണം ടിപി വധക്കേസ് പ്രതികള്‍ക്ക്

കൊച്ചിഃ കരിപ്പൂര്‍ വഴിയുള്ള സ്വര്‍ണക്കടത്തിനും ഹവാല ഇടപാടുകള്‍ക്കും ടി.പി. ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികള്‍ക്കു പങ്കുണ്ടെന്നു കസ്റ്റംസിനു വിവരം കിട്ടി. കസ്റ്റഡിയിലുള്ള അര്‍ജുന്‍ ആയങ്കി, മുഹമ്മദ് ഷെഫീഖ് എന്നിവരെ ചോദ്യം ചെയ്തപ്പോഴാണ് ഇക്കാര്യം വെളിപ്പെടുത്തപ്പെട്ടത്. അര്‍ജുന്‍റെ സഹായികളായി നിരവധി ചെറുപ്പക്കാരുണ്ട്. ഇവരെ റിക്രൂട്ട് ചെയ്യുന്നതിലും പ്രതിഫലം നിശ്ചയിക്കുന്നതിലും ഷാഫി അടക്കമുള്ള ജയില്‍പ്പുള്ളികള്‍ക്കു പങ്കുണ്ടെന്ന് പ്രതികള്‍ വെളിപ്പെടുത്തി.

ടിപിവധക്കേസിലെ പ്രതികളുടെ ഉന്നത രാഷ്‌ട്രീയ ബന്ധമാണ് കള്ളക്കടത്തിനു പ്രതികള്‍ മറയാക്കിയത്. സിപിഎമ്മില്‍ നിന്നുള്ള സംരക്ഷണം ഉറപ്പാക്കാന്‍ വിവിധ തലങ്ങളില്‍ ബന്ധങ്ങളുണ്ടായിരുന്നു എന്നും കസ്റ്റംസിനു വിവരം ലഭിച്ചു. ഡിവൈഎഫ്ഐയില്‍ നിന്ന് ഈയിടെ മാറ്റി നിര്‍ത്തിയിരിക്കുന്ന സജേഷിനെപ്പോലുള്ളവര്‍ ചെറിയ കണ്ണികള്‍ മാത്രമാണ്. ഉന്നത നേതാക്കളുടെ സംരക്ഷണത്തിലും സഹായത്തിലുമാണ് കള്ളക്കടത്ത് സംഘം പ്രവര്‍ത്തിക്കുന്നത്. എന്‍.എം. ഷംസീര്‍ അടക്കമുള്ള ഡിവൈഎഫ് ഐ നേതാക്കളുമായി പ്രതികള്‍ നില്‍ക്കുന്ന ഫോട്ടോകള്‍ പുറത്തു വന്നതോടെ ഹവാല സംഘങ്ങളുമായി ഇവര്‍ക്കുള്ള ബന്ധവും പരസ്യമായി.

എന്നാല്‍, ഇവരുമായി പരിചയമുണ്ടായിരുന്നു എന്നും കുറ്റകൃത്യങ്ങളില്‍ പങ്കുണ്ടെന്നു ബോധ്യപ്പെട്ടപ്പോള്‍ അവരുമായി എല്ലാ സൗഹൃദവും അവസാനിപ്പിച്ചെന്നുമാണ് ഷംസീര്‍ പറയുന്നത്. എന്നാല്‍, അവസാന നിമിഷം തങ്ങളെ ഒറ്റുകാരായി മാറ്റരുതെന്ന് അര്‍ജുന്‍ അടക്കമുള്ളവര്‍ മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു.

ഏതായാലും അര്‍ജുന്‍ ആയങ്കിയെ കണ്ണൂരിലെത്തിച്ചു പോലീസ് തെളിവെടുപ്പ് തുടങ്ങി. അഴീക്കോടുള്ള വീട്ടിലും അയാളെ കൊണ്ടു പോകും. ആവശ്യമെങ്കില്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലെത്തിച്ചു തെളിവെടുക്കാനും കസ്റ്റംസ് ആലോചിക്കുന്നു. കൊച്ചിയില്‍ നിന്ന് ഇന്നു പുലര്‍ച്ചെ മൂന്നരയോടെയാണ് അര്‍ജുനെയും കൊണ്ട് കസ്റ്റംസ് കണ്ണൂര്‍ക്കു തിരിച്ചത്. എട്ടു ‌മണിയോടെ കണ്ണൂരിലെത്തി. ഈ മാസം ആറുവരെ ഇയാള്‍ കസ്റ്റംസിന്‍റെ കസ്റ്റഡിയില്‍ തുടരും. അതിനുള്ളില്‍ നിര്‍ണായക തെളിവുകള്‍ കണ്ടെത്താനുള്ള നീക്കത്തിലാണു കസ്റ്റംസ്.

Related posts

Leave a Comment