അറഫാദിനത്തിന്റെ പുണ്യം

അറഫാദിനത്തിന്റെ പുണ്യം
മാസങ്ങളില്‍ ഏറ്റവും പുണ്യമുള്ളത് റമളാന്‍ മാസം ആണെങ്കില്‍ ദിവസങ്ങളില്‍ ഏറ്റവും ശ്രേഷ്ഠം അറഫാദിവസത്തിനാണ്. അറഫാ ദിനം അല്ലാഹുവിന്റെ കാരുണ്യം വര്‍ഷിക്കുന്ന അല്ലാഹു ആദരിച്ച ദിനമാണ്. അല്ലാഹു അവന്റെ അതിഥികളായ ഹാജിമാരെ നോക്കി അഭിമാനിക്കുകയും, അവരുടെ തൗബ സ്വീകരിക്കുകയും, അവര്‍ക്ക് പൊറുത്തു കൊടുക്കുകയും, അവന്റെ കാരുണ്യം അവരുടെ മേല്‍ വര്‍ഷിക്കുകയും ചെയ്യുന്ന ദിവസമാണത്.
അന്നത്തെ ആരാധനാ കര്‍മങ്ങള്‍ക്ക് പ്രതേക പുണ്യമുണ്ട്. അന്നത്തെ പ്രാര്‍ത്ഥനക്ക് ഉത്തരം ലഭിക്കും. ദോഷങ്ങള്‍ എത്ര തന്നെയുണ്ടായാലും എത്ര ഭീകരമായിരുന്നാലും അല്ലാഹുവിന്റെ കരുണാ കടാക്ഷത്താല്‍ അവന്റെ. അടിമക്ക് അവന്‍ മാപ്പ് നല്‍കും. നബി (സ്വ)പറയുന്നു: പ്രാര്‍ത്ഥനയില്‍ ഏറ്റവും ഉത്തമമായത് അറഫാദിനത്തിലെ പ്രാര്‍ത്ഥനയാണ്. ( തുര്‍മുദി )
അറഫയില്‍ നില്‍ക്കല്‍ ആണ് ഹജ്ജിന്റെ പ്രധാന ഭാഗമെങ്കില്‍ അതിന് സാധിക്കാത്ത വിശ്വാസികള്‍ക്ക് ഹാജിമാരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ട് അവരവരുടെ ദുല്‍ഹിജ്ജ ഒമ്പതിന് നോമ്പനുഷ്ഠിക്കാന്‍ നിര്‍ദേശമുണ്ട്.
ഹാജിമാര്‍ അല്ലാത്തവര്‍ക്ക് ശക്തിയായ സുന്നത്താണ് അറഫാദിനത്തിലെ നോമ്പ്.
നാം താമസിക്കുന്ന പ്രദേശത്ത് സൂര്യാസ്തമയ വ്യത്യാസവും മാസപ്പിറവി ദര്‍ശനവും പരിഗണിച്ചാണ് നാം അറഫാ ദിനം ആചരിക്കേണ്ടത്.
പാപമോചനത്തിന്റെ മഹാവ്രതമാണ് അറഫാ നോമ്പ്. പ്രവാചകര്‍ (സ്വ) പറഞ്ഞതിങ്ങനെ: കഴിഞ്ഞുപോയതും വരാന്‍ പോകുന്നതുമായ എല്ലാ പാപങ്ങളും പൊറുക്കുന്നതാണ് അറഫാ ദിനത്തിലെ നോമ്പ് ( മുസ്‌ലിം)
അറഫാദിനത്തേക്കാളേറെ നിന്ദിതനും നീചനും കോപാകുലനുമായി പിശാചിനെ മറ്റൊരു ദിവസത്തിലും കാണാനാവുകയില്ല. കാരണം, ആ ദിവസത്തിലാണ് അല്ലാഹുവിന്റെ കാരുണ്യം വര്‍ഷിക്കുന്നതും അതുവഴി ഒരുപാട് ദോഷങ്ങള്‍ പൊറുക്കപ്പെടുന്നതും.
അല്ലാഹുവിന്റെ അതിഥികളുടെ സംഗമം ഒരിടത്ത് നടക്കുമ്പോള്‍ അതില്‍ പങ്കുചേരാനാവാത്ത നമ്മള്‍ ആരാധനകള്‍ കൊണ്ട്, പ്രാര്‍ത്ഥനകള്‍കൊണ്ട് വിടവ് നികത്തണം. കണ്ണും കാതും നാക്കും മൂക്കും തുടങ്ങീ എല്ലാ സര്‍വ്വാവയവങ്ങളും അല്ലാഹുവില്‍ കേന്ദ്രീകൃതമാക്കി നാം അറഫാദിനത്തെ കൂടുതല്‍ ഉള്‍ക്കൊള്ളേണ്ടിയിരിക്കുന്നു.

Related posts

Leave a Comment