കെ.കെ രാഗേഷിന്റെ ഭാര്യയുടെ നിയമനം; കണ്ണൂർ വിസിയോട് ഗവർണർ വിശദീകരണം തേടി

തിരുവനന്തപുരം: കണ്ണൂർ സർവകലാശാലയിൽ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയും മുൻ എംപിയുമായ കെ.കെ രാഗേഷിന്റെ ഭാര്യയുടെ അസോസിയേറ്റ് പ്രൊഫസർ നിയമനം സംബന്ധിച്ച്  ലഭിച്ച പരാതികളിൽ  വിശദീകരണം നൽകാൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ  വൈസ് ചാൻസലറോട് ആവശ്യപ്പെട്ടു. യു ജി സി വ്യവസ്ഥ പ്രകാരമുള്ള അധ്യാപന പരിചയമില്ലാത്ത ഡോ. പ്രിയ വർഗീസിനെ ഇന്റർവ്യൂവിനുള്ള ഹ്രസ്വ പട്ടികയിൽ ഉൾപ്പെടുത്തി, ഉയർന്ന യോഗ്യതയുള്ള അപേക്ഷകരെ പിൻതള്ളി ഒന്നാം റാങ്ക് നൽകിയത് സംബന്ധിച്ച് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി നൽകിയ പരാതിയിലാണ് നടപടി. നിലവിലെ വൈസ് ചാൻസലർ പ്രൊഫ. ഗോപിനാഥ് രവീന്ദ്രൻ ഈമാസം 23-ന് കാലാവധി പൂർത്തിയാക്കിയ ഒഴിവിലേക്ക് തിടുക്കത്തിൽ ഇന്റർവ്യൂ നടത്തി കെ.കെ രാഗേഷിന്റെ ഭാര്യ പ്രിയയെ നിയമിക്കുന്നതിനായി ഭരണ ഉന്നതങ്ങളിൽ നിന്ന് നിർദ്ദേശം നൽകിയെന്നായിരുന്നു സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റിയുടെ പരാതി.

നേരത്തെ സി.പി.എമ്മിന്റെ പ്രമുഖ നേതാക്കളുടെ ഭാര്യമാർക്ക് വിവിധ സർവകലാശാലകളിൽ അസിസ്റ്റന്റ പ്രൊഫസർമാരായി നിയമനം നൽകിയത് വലിയ വിവാദമായതിന് പിന്നാലെയാണ് രാകേഷിന്റെ ഭാര്യയെ നേരിട്ട് അസോസിയേറ്റ് പ്രൊഫസറാക്കാൻ ചരടുവലി നടന്നത്.  1,31400 –2,17100 രൂപ ശമ്പളസ്കെയിലിൽ ഒന്നര ലക്ഷം രൂപയാണ് തുടക്കത്തിൽ അസോസിയേറ്റ് പ്രൊഫസറുടെ ശമ്പളം.  2021 നവംബർ 12വരെ അപേക്ഷ സ്വീകരിച്ച്, തൊട്ട് അടുത്ത ദിവസം തന്നെ വിസി നിയോഗിച്ച സ്ക്രീനിംഗ് കമ്മിറ്റി അപേക്ഷകൾ പരിശോധിച്ച്  രാഗേഷിന്റെ ഭാര്യ ഉൾപ്പടെ ഇന്റർവ്യൂവിന് ക്ഷണിക്കപ്പെടുന്ന ആറുപേരുടെ ഹ്രസ്വപട്ടിക തയാറാക്കി. വിവിധ അധ്യാപക തസ്തികകൾക്കായി മാസങ്ങൾക്കുമുമ്പ് ക്ഷണിച്ച അപേക്ഷകളിൽ ഒരു നടപടിയും കൈക്കൊള്ളാതിക്കെ, അപേക്ഷ സ്വീകരിച്ച തൊട്ടടുത്ത ദിവസം തന്നെ സ്ക്രീനിംഗ് നടത്തിയത് വൈസ് ചാൻസലറുടെ മേലുള്ള സമ്മർദ്ദത്തെ തുടർന്നാണെന്ന് വ്യക്തം.
അസോസിയേറ്റ് പ്രൊഫസർക്ക് ഗവേഷണ ബിരുദദവും  എട്ടുവർഷം അസിസ്റ്റൻറ് പ്രൊഫസർ തസ്തികയിലുള്ള അധ്യാപന പരിചയവു മാണ് യോഗ്യതയായി യുജിസി നിശ്ചയിച്ചിട്ടുള്ളത്. 2012ൽ തൃശൂർ, കേരളവർമ്മ കോളേജിൽ മലയാളം അസിസ്റ്റന്റ് പ്രൊഫസറായി നിയമനം ലഭിച്ച പ്രിയ സർവീസിലിരിക്കെ മൂന്നുവർഷത്തെ അവധിയിൽ ഗവേഷണം നടത്തിയാണ്  പി.എച്ച്.ഡി ബിരുദം നേടിയത്. 2019 മുതൽ രണ്ടുവർഷകാലം കണ്ണൂർ സർവകലാശാലയിൽ സ്റ്റുഡന്റ് സർവീസ് ഡയറക്ടറായി ഡെപ്യൂട്ടേഷനിൽ ജോലി ചെയ്തിരുന്നു.


2018ലെ  യുജിസി നിയമം 3(9) വകുപ്പ് പ്രകാരം  അസോസിയേറ്റ് പ്രൊഫസർ, പ്രൊഫസർ നിയമനങ്ങൾക്ക് ഗവേഷണ ബിരുദം നേടുന്നതിന് വിനിയോഗിച്ച കാലയളവ് അധ്യാപന പരിചയമായി കണക്കുകൂട്ടാൻ പാടില്ലെന്ന് വ്യവസ്ഥ ചെയ്യുന്നുണ്ട്. സ്റ്റുഡൻസ് സർവീസ് ഡയറക്ടർ തസ്തിക അനധ്യാപക തസ്തികയായതിനാൽ ഈ സർവീസും അധ്യാപന പരിചയമായി  ഉൾപ്പെടുത്താനാവില്ല. എന്നാൽ ഈ കാലയളവുകൾ മുഴുവനും അധ്യാപന പരിചയമായി കണക്കിലെടുത്താണ് സ്ക്രീനിംഗ് കമ്മിറ്റി കെ.കെ രാഗേഷിന്റെ ഭാര്യയെ  ഇൻറർവ്യൂ  പട്ടികയിൽ ഉൾപ്പെടുത്തിയത്. എട്ടു വർഷത്തെ അധ്യാപന പരിചയം വേണ്ട പ്രിയക്ക് ചട്ടപ്രകാരം നാല് വർഷത്തെ അധ്യാപന പരിചയം മാത്രമാണുള്ളത്.

അതേസമയം, യുജിസി വ്യവസ്ഥകൾ പാടേ അവഗണിച്ച് അസോസിയേറ്റ് പ്രൊഫസ്സറാകാൻ യോഗ്യതയില്ലാത്ത പ്രിയയെ ഇന്റർവ്യൂ പട്ടികയിൽ ഉൾപ്പെടുത്തിയ നടപടി റദ്ദാക്കണമെന്നും അപേക്ഷ പരിശോധിച്ച്  യോഗ്യത പട്ടികയിൽ ഉൾപ്പെടുത്താൻ ശുപാർശ ചെയ്ത ഉദ്യോഗസ്ഥർക്കെതിരെ നടപടി കൈക്കൊള്ളണമെന്നും സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.

Related posts

Leave a Comment