ഡോ.പൂർണിമ മോഹന്റെ നിയമനം ; ന്യായീകരണവുമായി ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദു

തിരുവനന്തപുരം: കേരള സർവകലാശാല മലയാളം മഹാ നിഘണ്ടു വകുപ്പ് മേധാവിയായി നിയമിച്ച ഡോ.പൂർണിമ മോഹന് പിന്തുണയുമായി ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദു രംഗത്തുവന്നു.സർവ്വകലാശാല ഓർഡിനൻസ് മറികടന്ന് പൂർണിമ മോഹനനെ നിയമിച്ച കാര്യം തനിക്കറിയില്ല.പൂർണിമയുടേത് സ്ഥിരം നിയമനമല്ലെന്നും മന്ത്രി പറഞ്ഞു.

അതേസമയം, സംസ്‌കൃത അദ്ധ്യാപികയെ മലയാളം മഹാനിഘണ്ടു മേധാവിയായി നിയമിക്കുന്നതിന് സർവകലാശാല ഓർഡിനൻസിലെ യോഗ്യതയോടൊപ്പം സംസ്‌കൃതം കൂട്ടി ചേർത്താണെന്ന പരാതിയിൽ കേരള സർവകലാശാല വിസിയോട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വിശദീകരണം തേടി. സേവ് യൂണിവേഴ്സിറ്റി ക്യാംപെയ്ൻ കമ്മിറ്റിയാണ് ഇതു സംബന്ധിച്ച പരാതി ചാൻസിലർ കൂടിയായ ഗവർണർക്ക് നൽകിയത്.

മലയാള പണ്ഡിതരായിരുന്ന ഡോ. ശൂരനാട് കുഞ്ഞൻപിള്ള, ഡോ. ആർ.ഇ. ബാലകൃഷ്ണൻ, ഭാഷാശാസ്ത്ര പണ്ഡിതനായ ഡോ. സോമശേഖരൻനായർ എന്നിവരുൾപ്പെടെയുള്ള മുതിർന്ന മലയാളം പ്രൊഫസർമാരെയാണ് ഇതുവരെ ലെക്സിക്കൺ എഡിറ്റർമാരായി നിയമിച്ചത്. മുതിർന്ന മലയാളം പ്രൊഫസർമാരെ ഒഴിവാക്കിയാണ് മറ്റൊരു ഭാഷയിൽ പ്രാവീണ്യമുള്ള വ്യക്തിക്ക് നിയമനം നൽകിയതെന്ന് സേവ് യൂണിവേഴ്സിറ്റി കാമ്ബയിൻ കമ്മിറ്റി ചെയർമാൻ ആർ.എസ്. ശശികുമാറും സെക്രട്ടറി എം. ഷാജർഖാനും ആരോപിച്ചിരുന്നു.

മഹാ നിഘണ്ടു മേധാവിക്ക് മലയാള ഭാഷയിൽ ബിരുദാനന്തരബിരുദം അനിവാര്യമാണെന്ന വ്യവസ്ഥ വിജ്ഞാപനത്തിൽ നിന്ന് ബോധപൂർവ്വം ഒഴിവാക്കിയെന്നാണ് ആരോപണം. നിലവിലെ മറ്റ് യോഗ്യതകളോടൊപ്പം സംസ്‌കൃതം കൂട്ടിചേ ർത്തതാണെന്ന വാദം മുന്മന്ത്രി കെ.ടി.ജലീൽ വിവാദ ബന്ധു നിയമനത്തിന് നടത്തിയ വിജ്ഞാപനത്തിന് സമാനമാണെന്നും അഭിപ്രായം ഉയരുന്നു, യൂണിവേഴ്‌സിറ്റി ചട്ടങ്ങൾക്ക് വിരുദ്ധമായി ലക്‌സിക്കൺ മേധാവിയുടെ യോഗ്യതകൾ നിശ്ചയിച്ച്‌ നിയമനം നടത്തിയ വൈസ് ചാൻസലറെ മാറ്റി നിർത്തി സമഗ്രമായ അന്വേഷണം നടത്തണമെന്നാണ് ആവശ്യം.

Related posts

Leave a Comment