ആരോഗ്യമന്ത്രിയുടെ സ്റ്റാഫില്‍ പാര്‍ട്ടി വിരുദ്ധന്റെ മകള്‍ക്കു നിയമനം ; വിവാദമുയരുന്നു

കണ്ണൂര്‍: ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ സ്റ്റാഫിലേക്ക് കണ്ണൂരില്‍ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനത്തിന്റെ പേരില്‍ നടപടിക്കു വിധേയനായ വ്യക്തിയുടെ മകളെ നിയമിച്ചത് വിവാദമാകുന്നു.
സിപിഎമ്മില്‍ ഗ്രൂപ്പിസം കത്തിനില്‍ക്കവേ വി എസ് അച്യുതനാനന്ദന് അനുകൂലമായ നിലപാട് സ്വീകരിച്ചതിന്റെ പേരില്‍ പാര്‍ട്ടി മുഖപത്രത്തില്‍ നിന്നു പുറത്തു പോയി പിന്നീട് മറ്റൊരു പത്രത്തില്‍ ജോലി നേടി സിപിഎം നേതാക്കള്‍ക്കെതിരേ സാമൂഹികമാധ്യമങ്ങളിലൂടെ വിമര്‍ശനം നടത്തുകയും ചെയ്ത വ്യക്തിയാണ് മകളെ മന്ത്രിയുടെ സ്റ്റാഫിലേക്ക് രഹസ്യമായി എത്തിച്ചത്. കടുത്ത പിണറായി വിരുദ്ധനായിരുന്ന മാധ്യമപ്രവര്‍ത്തകന്‍ അടുത്തിടെ പിണറായി പക്ഷത്തേക്ക് ചാഞ്ഞത് കാര്യസാധ്യത്തിനാണെന്ന് സിപിഎം സൈബറിടങ്ങളില്‍ ചര്‍ച്ചയുണ്ടായിരുന്നു.
പിണറായി വിജയനടക്കമുള്ള നേതാക്കളെ വയോധികനായ ഒരു കമ്യൂണിസ്റ്റിന്റെ ആത്മകഥയില്‍ അടച്ചാക്ഷേപിച്ചതിനു പിന്നില്‍ പ്രവര്‍ത്തിച്ച വ്യക്തിയാണ് ഇപ്പോള്‍ മകളെ മന്ത്രിയുടെ സ്റ്റാഫിലെത്തിക്കാന്‍ കളംമാറ്റി ചവിട്ടിയതെന്ന് സിപിഎം പ്രവര്‍ത്തകര്‍ പറയുന്നു.

ആരോഗ്യമന്ത്രി കെ കെ ശൈലജയ്ക്ക് മന്ത്രിസ്ഥാനം ലഭിക്കാതായപ്പോള്‍ ജനങ്ങള്‍ നല്‍കിയ ഉജ്ജ്വലവിജയത്തിന്റെ പ്രഭ കെടുത്തിയെന്നും അങ്ങനെയെങ്കില്‍ പുതിയ മുഖ്യമന്ത്രിയേയും കണ്ടെത്തണമായിരുന്നുവെന്നും പോസ്റ്റിട്ട് പാര്‍ട്ടി നേതൃത്വത്തെ പരിഹസിച്ച വ്യക്തിക്കാണ് ഇപ്പോള്‍ ആരോഗ്യമന്ത്രിയുടെ ഓഫീസില്‍ നിന്നു പരിഗണന ലഭിച്ചത്.
കണ്ണൂര്‍ പിആര്‍ഡിയില്‍ താല്‍ക്കാലികമായി ജോലി ചെയ്തിരുന്ന
പെണ്‍കുട്ടി നാഷണല്‍ ഹെല്‍ത്ത് മിഷനില്‍ എത്തുന്നതും പാര്‍ട്ടിയുടെ പിന്‍ബലത്തിലാണ്. കണ്ണൂരില്‍ നിന്നും വര്‍ക്ക് അറേഞ്ച്‌മെന്റിന്റെ ഭാഗമായി തിരുവനന്തപുരത്തേക്ക് എത്തിക്കുകയും അവിടെ നിന്നും ഡെപ്യൂട്ടേഷനില്‍ ആരോഗ്യ മന്ത്രിയുടെ സ്റ്റാഫിലേക്ക് നിയമനം നേടുകയുമായിരുന്നു. സിപിഎം  മട്ടന്നൂര്‍ ഏരിയാ സമ്മേളനം കഴിയും മുമ്പ് നിയമനം നല്‍കിയാല്‍ സമ്മേളനത്തില്‍  ചര്‍ച്ചയാവുമെന്നതിനാല്‍ സമ്മേളനം കഴിയുന്നതു വരെ നിയമനം മാറ്റിവെക്കുകയായിരുന്നു. സമ്മേളനം കഴിഞ്ഞ പാടെ നിയമന ഉത്തരവിറങ്ങുകയും ചെയ്തു. സംഭവം സിപിഎമ്മിന്റെ സൈബറിടങ്ങളില്‍ വലിയ ചര്‍ച്ചയാവുകയാണ്.

Related posts

Leave a Comment