ആദിവാസിയുവാവ് മധുവിന്റെ കേസ് അട്ടിമറിക്കാർ നീക്കം: രമേശ് ചെന്നിത്തല

  • സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കാൻ മുഖ്യമന്ത്രിക്ക് കത്ത് നൽകി

തരുവനന്തപുരം:ആദിവാസിയുവാവായ മധുവിനെ ആൾക്കൂട്ട വിചാരണ നടത്തി തല്ലിക്കൊന്ന സംഭവത്തിൽ പ്രതികളെ രക്ഷപ്പെടുത്താനും, വിചാരണ അട്ടിമറിക്കാനുമാണ് സർക്കാർ ശ്രമിക്കുന്നതെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു. പ്രസ്തുത കേസിന്റെ നടപടികൾക്കായി ഒരു പ്രമുഖ അഭിഭാഷകനെ സ്‌പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടറായി അടിയന്തരമായി നിയമിച്ച് മുഴുവൻ പ്രതികൾക്കും കടുത്ത ശിക്ഷ ഉറപ്പാക്കുന്നതിനുളള നടപടികൾ സർക്കാർ സ്വീകരിക്കണമെന്ന് മുഖ്യമന്ത്രിക്കു നൽകിയ കത്തിൽ രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
മനുഷ്യ മനസ്സാക്ഷിയെ ഞെട്ടിപ്പിച്ച ഈ സംഭവത്തിൽ ഉൾപ്പെട്ടവർക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്ന് സർക്കാരും, ഇടതു സംഘടനകളും പൊതുസമൂഹത്തിന് നൽകിയിരുന്ന വാഗ്ദാനങ്ങളുടെയും, പ്രഖ്യാപനങ്ങളുടെയും കാപട്യമാണ് ഇപ്പോൾ വെളിവായിരിക്കുകയാണ്. പട്ടിണിമാറ്റുന്നതിനായി കുറച്ച് അരി കൈവശപ്പെടുത്തിയതിനാണ് പാർശ്വവൽക്കരിക്കപ്പെട്ട ഒരു സമുദായത്തിൽനിന്നുള്ള മധുവിനെ മോഷണക്കുറ്റം ആരോപിച്ച് ഒരു കൂട്ടം ആളുകൾ പസ്യവിചാരണ നടത്തി മരത്തിൽ കെട്ടിയിട്ട് മൃഗീയമായി മർദ്ദിച്ച് കൊലപ്പെടുത്തിയത്. ഈ ഹീനകൃത്യത്തിൽ ഉൾപ്പെട്ടവർക്കെതിരെ മാതൃകാപരമായ ശിക്ഷാനടപടികൾ ഉറപ്പാക്കുന്നതിനും കൊല്ലപ്പെട്ട മധുവിന്റെ കുടുംബത്തിന് നീതി ലഭ്യമാക്കുന്നതിനുമുളള നടപടികൾ സ്വീകരിക്കുന്നതിനുപകരം കേസ്തന്നെ അട്ടിമറിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. ഈ കേസിൽ ഉൾപ്പെട്ടിട്ടുള്ള പല പ്രതികൾക്കും സിപിഎമ്മുമായി ബന്ധമുണ്ടെന്നും ഇതിന്റെ ഫലമായാണ് വിചാരണ അട്ടിമറിക്കപ്പെടുന്നതെന്നുമുള്ള വിമർശനം ശക്തമാണ്. 2019 ഓഗസ്റ്റിൽ വി.ടി. രഘുനാഥിനെ ടി കേസിന്റെ സ്‌പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടറായി നിയമിച്ചെങ്കിലും ഒരിക്കൽപ്പോലും അദ്ദേഹം മണ്ണാർക്കാട്ടെ കോടതിയിൽ ഹാജരായില്ലെന്നും മറിച്ച് ജൂനിയർ അഭിഭാഷകനാണ് കോടതിയിൽ ഇതിനായി എത്താറുളളതെന്നുമാണ് വാർത്തകൾ സൂചിപ്പിക്കുന്നത്. താൻ കേസിന്റെ പ്രോസിക്യൂട്ടർ സ്ഥാനം ഒഴിഞ്ഞെന്ന് കാണിച്ച് ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷന് കത്ത് നൽകിയിരുന്നതായി രഘുനാഥനും വ്യക്തമാക്കുന്നു. ഇക്കാര്യത്തിൽ രഹസ്യമായ പല ഇടപെടലുകളും നടന്നിട്ടുണ്ട്. സിപിഎമ്മിന് താൽപര്യമുളള ക്രിമിനലുകളെ സംരക്ഷിക്കാൻ വേണ്ടി ഖജനാവിൽ നിന്നും വൻതുക ചെലവഴിച്ച് പ്രമുഖ അഭിഭാഷകരുടെ സേവനം പ്രയോജനപ്പെടുത്താൻ കാണിക്കുന്ന ശുഷ്‌കാന്തിയുടെ ഒരംശമെങ്കിലും ഈ കേസിന്റെ നടത്തിപ്പിനായി സർക്കാർ പ്രകടിപ്പിക്കണമായിരുന്നു. ഇടതുസർക്കാർ ആദിവാസി ജനവിഭാഗങ്ങളോട് പുലർത്തുന്ന കരുതലിന്റെയും, ആത്മാർത്ഥയുടെയും തനിനിറം ഈ സംഭവത്തിൽനിന്നും വ്യക്തമാണ്. കേസിൽ ഹാജരാകുന്ന പബ്ലിക്ക് പ്രോസിക്യൂട്ടർ എവിടെ എന്ന് വിചാരണക്കോടതിക്ക് തന്നെ ചോദിക്കേണ്ടി വന്ന സാഹചര്യം അത്യന്തം ലജ്ജാകരമാണ്. പാർശ്വവൽക്കരിക്കപ്പെട്ട സമുദായങ്ങളുടെ അവകാശങ്ങൾക്കും, ഉന്നമനത്തിനും വേണ്ടി നിലകൊള്ളുന്നു എന്ന് വീമ്പിളക്കുന്ന ഒരു സർക്കാർ തന്നെ ഇത്തരം അട്ടിമറികൾക്ക് കൂട്ടുനിൽക്കുന്നത് തികച്ചും ലജ്ജാകരമാണ്. നീതിന്യായ വ്യവസ്ഥയോടും, നിയമസംവിധാനങ്ങളോടുമുള്ള സമൂഹത്തിന്റെ, പ്രത്യേകിച്ച് ആദിവാസി വിഭാഗങ്ങൾ ഉൾപ്പെടെയുള്ള പാർശ്വവൽക്കരിക്കപ്പെട്ട ജനവിഭാഗങ്ങളുടെ വിശ്വാസവും, പ്രതീക്ഷയുമാണ് ഇത്തരം നടപടികളിലൂടെ ഇല്ലാതാകുന്നത്. വാളയാറിൽ രണ്ട് പെൺകുട്ടികൾ ദുരൂഹസാഹചര്യത്തിൽ മരിച്ച സംഭവത്തിൽ നീതിക്കായി അലയുന്ന അമ്മയുടെ ദയനീയ ചിത്രം ഇപ്പോഴും നമുക്ക് മുൻപിലുണ്ട്. ഇതിനിടയിലാണ് മധുവിന്റെ കേസിലും സമാന അട്ടിമറി ആവർത്തിക്കപ്പെടുന്നത്. ഈ കേസിൽ ഉൾപ്പെട്ട പ്രതികൾ കേസ് അട്ടിമറിക്കാനും, സാക്ഷികളെ സ്വാധീനിക്കാനും ശ്രമിക്കുന്നു എന്ന് മധുവിന്റെ അമ്മ തന്നെ പരസ്യമായി വെളിപ്പെടുത്തിയിട്ടും അതിനെക്കുറിച്ച് അന്വേഷിക്കാനോ, അതിന് നേതൃത്വം നൽകിയ പ്രതികൾക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കാനോ സർക്കാർ മുതിർന്നിട്ടില്ല. ഈ സർക്കാർ ആർക്കൊപ്പമാണ് നിലകൊള്ളുന്നതെന്ന വസ്തുത ഈ രണ്ട് സംഭവങ്ങളിലൂടെ പൊതുസമൂഹത്തിനും ബോധ്യമായിട്ടുണ്ട്. കേരളത്തിന്റെ നിയമസംവിധാനങ്ങളുടെ ചരിത്രത്തിൽ ഒരു കറുത്ത അദ്ധ്യായമായി ഈ കേസ് മാറുമെന്ന കാര്യത്തിൽ തർക്കമില്ല.
കേസിന്റെ വിചാരണനടപടികളിൽ സർക്കാർ കാണിക്കുന്ന കടുത്ത അലംഭാവത്തിലും കെടുകാര്യസ്ഥതയിലും മനംമടുത്ത് ഈ കേസിന്റെ അന്വേഷണം സിബിഐയെ ഏൽപ്പിക്കണമെന്ന് മധുവിന്റെ അമ്മ ആവശ്യപ്പെടുന്നതും ഈ പശ്ചാത്തലത്തിലാണെന്ന് രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി.

Related posts

Leave a Comment