പെഗസസിനെതിരെ ആപ്പിളും നിയമനടപടിക്ക് ; ആക്രമണം തിരിച്ചറിഞ്ഞ സിറ്റിസണ്‍ ലാബിന് പാരിതോഷികം

കാലിഫോര്‍ണിയ: ഉപഭോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തി നൽകിയ പെഗസസ് ചാര സോഫ്റ്റ് വെയറിനെതിരെ ആപ്പിളും നിയമനടപടിക്ക്. പെഗസസ് ചാര സോഫ്റ്റ് വെയർ നിർമാതാക്കളായ ഇസ്രായേലി സൈബര്‍ കമ്പനി എന്‍.എസ്.ഒ ഗ്രൂപ്പിനെ, ആപ്പിളിന്റെ സേവനങ്ങളും സൗകര്യങ്ങളും ഉപയോഗിക്കുന്നതില്‍ നിന്നും വിലക്കണമെന്ന് ആവശ്യപ്പെട്ട് കമ്പനി കാലിഫോർണിയ കോടതിയില്‍ കേസ് ഫയല്‍ ചെയ്തു. പെഗസസ് ചാര ആക്രമണം ആദ്യം കണ്ടെത്തിയ യൂണിവേഴ്‌സിറ്റി ഓഫ് ടൊറന്റോയിലെ ഗവേഷണ സ്ഥാപനമായ സിറ്റിസണ്‍ ലാബിന് ഒരു കോടി (പത്ത് മില്ല്യണ്‍) രൂപ പാരിതോഷികം നല്‍കുമെന്നും ആപ്പിള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. നിയമപോരാട്ടത്തിലൂടെ ലഭിക്കുന്ന തുകയും സിറ്റിസണ്‍ ലാബിന് കമ്പനി നല്‍കും.
പെഗസസിനെതിരെ ഏറ്റവും അവസാനം രംഗത്തുവരുന്ന കമ്പനിയാണ് ആപ്പിൾ. മൈക്രോസോഫ്ട് കോര്‍പ്പ്, മെറ്റ പ്ലാറ്റ്‌ഫോംസ് ഐഎൻസി, ആല്‍ഫബെറ്റ് ഐഎൻസി, സിസ്‌കോ സിസ്റ്റംസ് എന്നീ സ്ഥാപനങ്ങൾ നേരത്തെ തന്നെ എന്‍.എസ്.ഒ ഗ്രൂപ്പിനെതിരെ നിയമനടപടി സ്വീകരിച്ചിരുന്നു. എന്‍.എസ്.ഒ ഗ്രൂപ്പിനെ യു.എസ്, ഈ മാസമാദ്യം വാണിജ്യ കരിമ്പട്ടികയില്‍ പെടുത്തുകയും ചെയ്തിരുന്നു.
അനധികൃത പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന സ്ഥാപനങ്ങള്‍, രാജ്യങ്ങള്‍, ആളുകൾ എന്നിവരുടെ വിവരങ്ങളടങ്ങുന്നതാണ് യുഎസ് കരിമ്പട്ടിക. മൈക്രോസോഫ്റ്റ്, മെറ്റ പ്ലാറ്റ്‌ഫോംസ് ഐഎൻസി, ആല്‍ഫബെറ്റ് ഐഎൻസി എന്നീ സ്ഥാപനങ്ങളുടെ ഉല്പന്നങ്ങളുടെ സുരക്ഷയില്‍ നുഴഞ്ഞുകയറുകയും അത് വിദേശ സർക്കാരുകള്‍ക്ക് ഹാക്കിങ് ടൂളായി പുനരവതരിപ്പിച്ച് വിൽക്കുകയും ചെയ്തു എന്നതടക്കമുള്ള ആരോപണങ്ങളാണ് എന്‍.എസ്.ഒ ഗ്രൂപ്പിനെതിരെ ഉയർന്നിരിക്കുന്നത്. എന്നാല്‍, സര്‍ക്കാരുകള്‍ക്കും നിയമവ്യവസ്ഥിതി നടപ്പാക്കാന്‍ മുന്‍തൂക്കം നല്‍കുന്ന സ്ഥാപനങ്ങള്‍ക്കും മാത്രമാണ് തങ്ങളുടെ ടൂളുകള്‍ വില്‍ക്കുന്നതെന്നാണ് എന്‍.എസ്.ഒ പറയുന്ന ന്യായം. ഇന്ത്യയിലുൾപ്പെടെ രാഷ്ട്രീയ നേതാക്കൾ, മാധ്യമ പ്രവർത്തകർ, അഭിഭാഷകർ തുടങ്ങിയവരുടെ വിവരങ്ങൾ പെഗസസ് വഴി ചോർത്തി നൽകിയത് വലിയ വിവാദങ്ങൾക്ക് വഴിവച്ചിരുന്നു. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുൾപെടെയുള്ളവർ പെഗസസിന്റെ ഇരകളാണ്.
ആപ്പിള്‍ ഉപകരണങ്ങളില്‍ പെഗസസ് നുഴഞ്ഞുകയറ്റം നടത്തിയെന്നതിനുള്ള തെളിവടക്കമുള്ള പോസ്റ്റും ആപ്പിൾ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്. പെഗസസ് സോഫ്റ്റ് വെയര്‍ ലോകത്തെമ്പാടുമുള്ള ആപ്പിള്‍ ഉപഭോക്താക്കളുടെ ഫോണില്‍ മാല്‍വെയറും സ്‌പൈവെയറും ഉപയോഗിച്ച് ആക്രമണങ്ങള്‍ നടത്തിയെന്ന് ആപ്പിള്‍ തങ്ങളുടെ പോസ്റ്റില്‍ പറയുന്നു. കേസ് ഫയൽ ചെയ്തതിലൂടെ പെഗസസ് തുടര്‍ന്നും തങ്ങളുടെ ഉപഭോക്താകളെ ആക്രമണത്തിന് ഇരയാകുന്നതില്‍ നിന്നും തടയാനാവുമെന്നും പോസ്റ്റിൽ വ്യക്തമാക്കുന്നു. നോര്‍ത്തേണ്‍ ഡിസ്ട്രിക്ട് ഓഫ് കാലിഫോര്‍ണിയയിലെ യു.എസ് ഡിസ്ട്രിക്ട് കോര്‍ട്ടിലാണ് ആപ്പിൾ കേസ് ഫയല്‍ ചെയ്തിരിക്കുന്നത്.

Related posts

Leave a Comment