കഠിനാധ്വാനമാണ് അവാര്‍ഡ് ലഭിക്കാന്‍ സഹായിച്ചതെന്ന് അപര്‍ണ ബാലമുരളി

മട്ടാഞ്ചേരി: കഥാപാത്രവുമായി ബന്ധപ്പെട്ട് ഒരു വര്‍ഷത്തോളം നടത്തിയ പരിശീലനമാണ് തനിക്ക് ദേശീയ അവാര്‍ഡ് ലഭിക്കാന്‍  സഹായിച്ചതെന്ന് മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ട അപര്‍ണ ബാലമുരളി. ഫോര്‍ട്ട്‌കൊച്ചിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു താരം. സൂര്യയെ പോലെയുള്ള താരത്തിന്റെ കുടെ അഭിനയിക്കുന്നതുതന്നെ ഒരു വെല്ലുവിളിയായിരുന്നു. ഡയറക്ടര്‍ സുധ മാമുമായുള്ള പരിചയമാണ് സുരറൈ പോട്രയില്‍ അഭിനയിക്കാന്‍ ഇടയായത്. ഓഡിഷനില്‍ പങ്കെടുത്തെങ്കിലും സുര്യയെ പോലുള്ള അഭിനേതാവിന്റെ കൂടെ അവസരം ലഭിക്കുമെന്ന് കരുതിയില്ല. അവാര്‍ഡിന് പരിഗണിച്ചത് അറിഞ്ഞപ്പോള്‍ മുതല്‍ ആകാംക്ഷയിലായിരുന്നു. ദേശീയ തലത്തില്‍ തന്റെ അഭിനയം ചര്‍ച്ച ചെയ്തു എന്നതുതന്നെ ഏറെ സന്തോഷം തന്നു. ‘ഇനി ഉത്തരം’ എന്ന ചിത്രത്തിന്റെ സെറ്റില്‍ വച്ചാണ് അവാര്‍ഡ് ലഭിച്ചത് അറിഞ്ഞത്. പ്രേക്ഷകരോടും സുധാ മാമിനോടും പ്രത്യേകം നന്ദി പറയുന്നു.
മഹേഷിന്റെ പ്രതികാരം എന്ന സിനിമ കണ്ടിട്ടാണ് സുധാ മാം മായാ നദിയില്‍ അവസരം തന്നത്. അവാര്‍ഡെന്ന കാര്യം കേട്ടാല്‍ തന്നെ താരങ്ങള്‍ പേടിച്ചു തുടങ്ങിയതായുള്ള സുരഭിയുടെ പ്രസ്താവനയെ കുറിച്ച് അറിയാമെങ്കിലും നല്ല കഥാപാത്രങ്ങള്‍ ലഭിച്ചാല്‍ സിനിമകളില്‍ അഭിനയിക്കുമെന്ന് അപര്‍ണ പറഞ്ഞു. തന്റെ പ്രതിഫലമെന്നത് സിനിമ മേഖലയ്ക്ക് ഒരു ബാധ്യതയാകുമെന്ന് കരുതുന്നില്ല. ദേശീയ അവാര്‍ഡ് ജേതാവെന്ന നിലയില്‍ പ്രതിഫലം കൂട്ടുകയില്ല. കോവിഡ് കാരണം ബുദ്ധിമുട്ടിലായ കലാകാരന്മാരെ സഹായിക്കുന്ന തലത്തിലുള്ള പ്രൊജക്ടുകള്‍ക്ക് പ്രതിഫലത്തില്‍ വിട്ടുവീഴ്ച ചെയ്യും. തന്റെ അച്ഛനും അമ്മയും കലാകാരന്മാരായിരുന്നു. അവരുടെ ബുദ്ധിമുട്ടുകള്‍ അനുഭവിച്ചറിഞ്ഞതാണ്. സിനിമാ എന്നാല്‍ ഒരുപാട് പേരുടെ പ്രയത്‌നമാണ്. അതില്‍ താരങ്ങളും ഒരുപാട് ബുദ്ധിമുട്ടുന്നുണ്ട്. അഭിനയിച്ച ഒരുപാട് മലയാള ചിത്രങ്ങളും ഒരു തമിഴ് സിനിമയും ഇറങ്ങാനിരിക്കുന്നു. അവാര്‍ഡ് ലഭിച്ചതറിഞ്ഞ് സിനിമാ മേഖലയിലുള്ളവരും രാഷ്ട്രീയ നേതാക്കളും വിളിച്ച് അഭിനന്ദനം അറിയിച്ചു. നായകന്റെ അത്രയും തന്നെ പ്രാധാന്യമുള്ള സ്ത്രീ കഥാപാത്രങ്ങള്‍ ലഭിച്ചാല്‍ ചെയ്യാന്‍ താല്പര്യമുണ്ടെന്നും അപര്‍ണ പറഞ്ഞു.

Related posts

Leave a Comment