‘ജല ജീവൻ മിഷൻ പദ്ധതി’ നടത്തിപ്പിനെക്കുറിച്ച് അൻവർ സാദത്ത് എംഎൽഎ ആലോചന യോഗം വിളിച്ചു

ആലുവ : കേന്ദ്ര, സംസഥാന, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ, ഗുണഭോക്താക്കൾ, എന്നിവയുടെ സംയുക്ത സംരംഭമായി വീടുകളിലേക്ക് ജലവിതരണ കണക്ഷനുകൾ നൽകുന്ന പദ്ധതിയായ ജല ജീവൻ മിഷൻ പദ്ധതിയുടെ നടത്തിപ്പിനെക്കുറിച്ച് കൂടിയാലോചിക്കുന്നതിനായി അൻവർ സാദത്ത് എംഎൽഎ ആലുവ പാലസിൽ ചൂർണ്ണിക്കര, എടത്തല, കീഴ്മാട്,ചെങ്ങമനാട്,ശ്രീമൂലനഗരം, കാഞ്ഞൂർ, നെടുമ്പാശ്ശേരി എന്നീ പഞ്ചായത്തുകളിലെ പ്രസിഡന്റുമാർ, സെക്രട്ടറിമാർ, വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥർ എന്നിവരുടെ യോഗം വിളിച്ചു. ആമുഖമായി ഈ പദ്ധതി എത്രയും വേഗം നടപ്പിലാക്കുന്നതിനായി അതാത് പഞ്ചായത്തുകൾ വേണ്ട തീരുമാനങ്ങൾ വേഗത്തിൽ എടുത്ത് ഇതിന്റെ പ്രയോജനം സാധാരണ കുടുംബങ്ങളിലേക്ക് എത്തിക്കണമെന്നും, ഈ പദ്ധതി മുടങ്ങിപ്പോകുവാൻ ഇടയാവരുതെന്നും അൻവർ സാദത്ത് എംഎൽഎ പറഞ്ഞു.

തുടർന്ന് ജല ജീവൻ മിഷൻ പ്രോജക്ട് അസി. എക്സി. എഞ്ചിനീയർ പദ്ധതി നടപ്പിലാക്കുന്ന രീതിയെക്കുറിച്ച് ആവശ്യമായ വിശദീകരണം നൽകുകയുണ്ടായി. എന്നാൽ ഈ പദ്ധതിയിലെ ആദ്യ ഘട്ടം നടപ്പിലാക്കിയ രീതിയെക്കുറിച്ചുള്ള വിയോജിപ്പ് പഞ്ചായത്ത് പ്രസിഡന്റുമാർ യോഗത്തിൽ ഉന്നയിക്കുകയുണ്ടായി. പഞ്ചായത്ത് കമ്മിറ്റികൾ നിർദ്ദേശിച്ച കുടുംബങ്ങൾക്ക് അടിയന്തരമായി മുൻഗണന നൽകി വാട്ടർ കണക്ഷനുകൾ നൽകുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന് എല്ലാ പഞ്ചായത്ത് പ്രസിഡന്റ് മാരും യോഗത്തിൽ ആവശ്യപ്പെട്ടു ഇതിനെ തുടർന്ന് എംഎൽഎയുടെ നിർദ്ദേശപ്രകാരം പഞ്ചായത്തുകളുടെ സംശയങ്ങൾ ദൂരീകരിക്കുവാൻ ഓരോ പഞ്ചായത്തിലും പ്രത്യേകം യോഗം ചേർന്ന് ആവശ്യമായ വിശദീകരണം നൽകാമെന്ന് ജല ജീവൻ മിഷൻ പ്രോജക്ട് അധികൃതർ സമ്മതിച്ചു. ഈ യോഗങ്ങളിൽ പ്രൊജക്ട് ഡിവിഷനും, ആലുവ ഡിവിഷനും സംയുക്തമായിട്ടായിരിക്കും പങ്കെടുത്ത് വിശദീകരണം നൽകേണ്ടത് എന്നും തീരുമാനിച്ചു.

22 /9/2021 11 മണിക്ക് കീഴ്മാട്, 2 മണിക്ക് എടത്തല, 23/9/2021 11 മണിക്ക് കാഞ്ഞൂർ, 2 മണിക്ക് ശ്രീമൂലനഗരം,24/9/2021 11 മണിക്ക് നെടുമ്പാശ്ശേരി, 2.45 മണിക്ക് ചെങ്ങമനാട്, 25/9/2021 11 മണിക്ക് ചൂർണിക്കര എന്നീ പഞ്ചായത്തുകളിൽ ഇതനുസരിച്ച് വിശദീകരണയോഗം കൂടുവാൻ തീരുമാനിച്ചു. ഇതിനെത്തുടർന്ന് പദ്ധതി നടത്തിപ്പിനായി എല്ലാ പഞ്ചായത്തുകളും റസലൂഷൻ പാസ്സാക്കി നൽകണമെന്ന് എംഎൽഎയുടെ അഭ്യർത്ഥന പ്രകാരം, ഉടൻതന്നെ റസലൂഷൻ പാസ്സാക്കി നൽകണമെന്ന എല്ലാ പഞ്ചായത്ത് പ്രസിഡന്റ് മാരും സമ്മതിച്ചു. ഈ പദ്ധതി പൂർത്തീകരിച്ചാൽ കുടിവെള്ള വിതരണത്തിന് ശാശ്വതമായ പരിഹാരമുണ്ടാകുമെന്ന് യോഗം വിലയിരുത്തി.

പഞ്ചായത്ത് പ്രസിഡന്റ് മാരായ കെ സി മാർട്ടിൻ, പി വി കുഞ്ഞ്, ഗ്രേസി ദയാനന്ദൻ, സെബ മുഹമ്മദാലി, പ്രീജ കുഞ്ഞുമോൻ, കീഴ്മാട് വൈസ് പ്രസിഡന്റ് അഭിലാഷ് അശോകൻ, സെക്രട്ടറിമാരായ എസ് ജി മീന, അംബിക കെ പി, നിസ മോൾ എം പി, ജെസ്സി പി വി, വിൽ‌സൺ പി സി, റെജിമോൻ പി. പി,വാട്ടർ അതോറിറ്റി ആലുവ ഡിവിഷൻ എക്സി എൻജിനീയർ പ്രദീപ് പി എസ്, ജല മിഷൻ പ്രൊജക്റ്റ്‌ അസി. എക്സി. എഞ്ചിനീയർ സി പി ശ്രീകുമാർ. അസി. എഞ്ചിനീയർ ഹിത കെ എസ് എന്നിവർ യോഗത്തിൽ പങ്കെടുത്തു .

Related posts

Leave a Comment