കുഞ്ഞിനെ തട്ടിയെടുത്ത സംഭവം; ജാമ്യാപേക്ഷയിൽ വിധി ചൊവ്വാഴ്ച

തിരുവനന്തപുരം: സിപിഎം നേതാക്കളായ മാതാപിതാക്കൾ സ്വന്തം മകളുടെ കുഞ്ഞിനെ തട്ടിയെടുത്ത് മറ്റൊരു ദമ്പതികൾക്ക് ദത്ത് നൽകിയതിലൂടെ വിവാദമായ കേസിൽ പേരൂർക്കട സ്വദേശിനി അനുപമയുടെ മാതാപിതാക്കൾ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ ചൊവ്വാഴ്ച കോടതി വിധി പറയും. സംഭവം വിവാദമായതിനെ തുടർന്ന് പാർട്ടി നടപടിയെടുത്ത സിപിഎം പേരൂർക്കട ലോക്കൽ കമ്മിറ്റിയംഗം ജയചന്ദ്രൻ, ഭാര്യയും സിപിഎം ബ്രാഞ്ച് കമ്മിറ്റിയംഗവുമായ സ്മിത, സഹോദരി അഞ്ചു, അഞ്ചുവിന്റെ ഭർത്താവ് അരുൺ, അനുപയുടെ അച്ഛന്റെ സുഹൃത്തുക്കളായ രമേശ്, മുൻ കൗൺസിലർ അനിൽ കുമാർ എന്നീ പ്രതികൾ നൽകിയ ജാമ്യാപേക്ഷയിൽ വാദം കേട്ട ശേഷമാണ് തിരുവനന്തപുരം ഒന്നാം അഡീഷണൽ സെഷൻസ് കോടതി വിധി പറയാനായി നവംബർ രണ്ടിലേക്ക് കേസ് മാറ്റിയത്.

പ്രതികള്‍ക്കു മുൻകൂർ ജാമ്യം നൽകരുതെന്നും പ്രതികളെ കൂടുതൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും ജില്ലാ ഗവൺമെന്റ് പ്ലീഡർ എ.എ ഹക്കിം കോടതിയിൽ വാദിച്ചു. ദത്തു നൽകിയ കുഞ്ഞിനെ തേടി അമ്മ നാട്ടിൽ അലയുകയാണെന്നു പ്രോസിക്യൂഷൻ കോടതിയിൽ പറഞ്ഞു. ഗർഭിണിയായ അനുപമയെ ബന്ധു വീട്ടിലാണ് താമസിച്ചിരുന്നത്. പ്രസവശേഷം തെറ്റിദ്ധരിപ്പിച്ച് ദത്തിനുള്ള സമ്മതപത്രം ഒപ്പിട്ടു വാങ്ങി. ഈ സമ്മത പത്രത്തെ സംബന്ധിച്ചും ദത്തിനു പിന്നിൽ നടന്ന നിയമലംഘനത്തെക്കുറിച്ചും വിശദമായ അന്വേഷണം നടക്കേണ്ടതുണ്ട്. പൊലീസ് അന്വേഷണം നടക്കുന്നുണ്ടെങ്കിലും പ്രതികളെ വിശദമായി ചോദ്യം ചെയ്യാൻ കഴിഞ്ഞിട്ടില്ലെന്നും പ്രോസിക്യൂഷൻ വാദിച്ചു.

അതേസമയം, മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ ഹർജിയിൽ വിധി പറയരുതെന്നായിരുന്നു പ്രതിഭാഗം അഭിഭാഷകന്റെ വാദം. അനുപമയുടെ മാതാപിതാക്കൾ കുഞ്ഞിനെ ഇല്ലാതാക്കാൻ ശ്രമിച്ചിട്ടില്ല. കുഞ്ഞ് സുരക്ഷിതമായി ജീവിക്കാനുള്ള നടപടികളാണ് സ്വീകരിച്ചത്. ഇതിനു അനുപമയുടെ പിന്തുണ ഉണ്ടായിരുന്നു. അനുപമ രേഖാമൂലം എഴുതി നൽകിയതിനെത്തുടർന്നാണ് ദത്ത് നടപടികളുമായി മുന്നോട്ടുപോയത്. പഠിക്കാൻ വിട്ട മകൾ ഗർഭിണിയായി തിരിച്ചുവന്നപ്പോൾ ഏതൊരു മാതാപിതാക്കളും ചെയ്യുന്നതാണ് അനുപമയുടെ മാതാപിതാക്കളും ചെയ്തത്. ഇക്കാര്യങ്ങൾ കണക്കിലെടുത്ത് പ്രതികൾക്ക് ജാമ്യം നൽകണമെന്നും അഭിഭാഷകൻ വാദിച്ചു. അനുപമ നൽകിയ പരാതിയിൽ പേരൂർക്കട പൊലീസാണ് കേസ് രജിസ്റ്റർ ചെയ്‍തത്.

Related posts

Leave a Comment