നേരറിയാൻ ഡി.എൻ.എ : സാമ്പിൾ തന്റെ കുഞ്ഞിന്റേതാണോയെന്ന് ഉറപ്പിലെന്ന് അനുപമ

തിരുവനന്തപുരം:അനധികൃത ദത്തുകേസിലെ ഡി.എന്‍.എ പരിശേധനക്കുള്ള നടപടികള്‍ തുടങ്ങി.കേസിലെ പരാതിക്കാരി അനുപമ എസ്. ചന്ദ്രന്റേയും അജിത്തിന്റെയും സാമ്പിളുകളും ശേഖരിച്ചു. ഇന്നലെ ഉച്ചയ്ക്ക് മൂന്ന് മണിയോടെ രാജീവ് ഗാന്ധി ഇന്‍സ്റ്റ്‌റ്റ്യൂട്ട്  ഓഫ് ബയോടെക്‌നോളജിയില്‍  എത്തിയാണ് അനുപമയും അജിത്തും സാമ്പിളുകള്‍ നല്‍കിയത്. ഇന്നലെ രാവിലെ രാജീവ് ഗാന്ധി ഇന്‍സ്റ്റ്‌റ്റ്യൂട്ട് ഓഫ് ബയോടെക്‌നോളജിയില്‍ നിന്നുള്ള വിദഗ്ദ്ധര്‍ കുഞ്ഞിനെ താമസിപ്പിച്ചിരിക്കുന്ന കുന്നുകുഴിയിലെ നിര്‍മല ശിശുഭവനിലെത്തി സാമ്പിള്‍ ശേഖരിച്ചിരുന്നു.ഡി.എന്‍.എ പരിശോധനയില്‍ അട്ടിമറിക്ക് സാധ്യതയുണ്ടെന്ന് ആശങ്കപ്പെടുന്നതായി സാമ്പിള്‍ നല്‍കിയതിനു ശേഷം അനുപമ എസ്. ചന്ദ്രന്‍ മാധ്യമങ്ങളോട്പറഞ്ഞു.സാമ്പിള്‍ എടുത്തത് തന്റെ കുഞ്ഞിന്റെ തന്നെയാണോ എന്ന് ഉറപ്പില്ലെന്നും അക്കാര്യത്തില്‍ ആശങ്കയുണ്ടെന്നും അനുപമ പറഞ്ഞു. സാമ്പിള്‍ ശേഖരിക്കുന്നതിന്റെ വീഡിയോ ചിത്രീകരിച്ചിരുന്നില്ല, ഫോട്ടോകള്‍ എടുത്തു. ഫേട്ടോഗ്രാഫ്  ഒക്കെ എടുത്തിരുന്നതിനാല്‍ എന്തെങ്കിലും സംശയം ഉണ്ടായാല്‍ നോക്കാം. രണ്ട് പേരുടേയും സാമ്പിളുകള്‍ എടുത്തു. ഇന്ന് വൈകുന്നേരത്തിനകം അല്ലെങ്കില്‍ നാളെ ഫലം ലഭിക്കുമെന്നാണ് അറിയിച്ചിരിക്കുന്നതെന്നും അവര്‍ പറഞ്ഞു.എല്ലാം ശരിയായ രീതിയില്‍ മുന്നോട്ട് പോകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും നിയമപരമായി മുന്നോട്ട് പോകുമെന്നും അനുപമ പ്രതികരിച്ചു.
ദത്തുവിവാദത്തില്‍ അനുപമയുടേതെന്ന് കരുതുന്ന കുഞ്ഞിനെ ജില്ലാ ശിശുക്ഷേമസമിതി നിയോഗിച്ച പ്രത്യേകസംഘം ഞായറാഴ്ച രാത്രി ആന്ധ്രയില്‍ നിന്ന് തിരുവനന്തപുരത്ത് എത്തിച്ചിരുന്നു. കുന്നുകുഴിയിലുള്ള നിര്‍മല ശിശുഭവനിലാണ് കുട്ടി. ഫലം പോസിറ്റീവായാല്‍ നിയമോപദേശം തേടിയ ശേഷം ശിശുക്ഷേമ സമിതി തുടര്‍ നടപടികള്‍ സ്വീകരിക്കും.ഡി.എന്‍.എ പരിശോധന ഫലം വരുന്ന വരെ ജില്ലാ ശിശുസംരക്ഷണ ഓഫീസറുടെ സംരക്ഷണയിലായിരിക്കും കുഞ്ഞ്. കുഞ്ഞിനെ കാണണമെന്ന് ഡി.എന്‍.എ പരിശോധനക്ക് മുമ്പ് അനുപമ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇപ്പോള്‍ കുഞ്ഞിനെ കാണാനാകില്ലെന്ന് വനിത ശിശുക്ഷേമ വകുപ്പ് അറിയിച്ചു.

Related posts

Leave a Comment