ആന്റിബോഡി കുത്തനെ കുറയുന്നു ; കോവിഷീൽഡിനും കോവാക്സിനും ബൂസ്റ്റർ ഡോസ് വേണ്ടിവരും

ന്യൂഡൽഹി: വാക്സിൻ സ്വീകരിച്ച് നാലു മാസം കഴിയുമ്പോൾ ശരീരത്തിലെ ആന്റിബോഡിയുടെ അളവിൽ കുറവ് സംഭവിക്കുന്നതായി പഠന റിപ്പോർട്ട്. കോവിഷീൽഡ്, കോവാക്സിൻ എന്നിവയെ അടിസ്ഥാനമാക്കി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടെത്തൽ. ആന്റിബോഡിയുടെ അളവ് കുറയുന്നത് തടയാൻ ബൂസ്റ്റർ ഡോസ് നൽകുകയോ, വാക്സിൻ നവീകരിക്കുകയോ ചെയ്യണമെന്ന് പഠനറിപ്പോർട്ടിൽ നിർദ്ദേശിക്കുന്നു.

ഐസിഎംആർ ഭുവനേശ്വർ സെന്ററും സർക്കാർ സ്ഥാപനങ്ങളുമായി സഹകരിച്ചാണ് റിപ്പോർട്ട് തയ്യാറാക്കിയത്. രണ്ടു ഡോസ് വാക്സിനും സ്വീകരിച്ച 614 ആരോഗ്യപ്രവർത്തകരെയാണ് പഠന വിധേയരാക്കിയത്. വാക്‌സിൻ സ്വീകരിച്ച ശേഷം കോവിഡ് വരാത്ത ഇവരിൽ മൂന്നോ നാലോ മാസം കഴിയുമ്പോൾ ആന്റിബോഡിയുടെ അളവ് ഗണ്യമായി കുറയുന്നതായി പഠനത്തിൽ കണ്ടെത്തി. 614 പേരിൽ 308 പേർ കോവിഷീൽഡ് വാക്സിനാണ് സ്വീകരിച്ചത്. കോവിഷീൽഡിനെ അപേക്ഷിച്ച് കോവാക്സിൻ കൂടുതൽ ആന്റിബോഡി ഉൽപ്പാദിപ്പിക്കാൻ ശരീരത്തെ പ്രേരിപ്പിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്.ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഉള്ളവർക്കും രോഗപ്രതിരോധശേഷി കുറഞ്ഞവർക്കും രണ്ട് ഡോസ് കഴിഞ്ഞ് ആറുമാസത്തിനും ഒരു വർഷത്തിനുമിടയിൽ ബൂസ്റ്റർ ഡോസ് നൽകുന്നത് ഉചിതമാണെന്നും പഠനത്തിൽ വ്യക്തമാക്കുന്നു.

Related posts

Leave a Comment