ആന്തൂര്‍ മോഡല്‍ ചവറയിലും, വില്ലന്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറി

കൊല്ലം: പ്രവാസി വ്യവസായിയുടെ ജീവനെടുത്ത കണ്ണൂര്‍ ആന്തൂര്‍ നഗരസഭയില്‍ സിപിഎം നേതാക്കള്‍ കാണിച്ച കൊടുംക്രൂരത ചവറയിലും ആവര്‍ത്തിക്കുന്നു. ആന്തൂരില്‍ പ്രവാസി വ്യവസായി സാജന്‍ പാറായില്‍ സിപിഎം പീഡനത്തിനൊടുവില്‍ ജീവനൊടുക്കിയെങ്കില്‍ കൊല്ലം ചവറയില്‍ പ്രവാസികളായ ഷാഹി വിജയനും ഭാര്യ ഷൈനിയുമാണ് ആത്മഹത്യയുടെ വക്കിലായത്.

കണ്ണൂര്‍ ആന്തൂരില്‍ പതിനഞ്ചു കോടി രൂപ ചെലവഴിച്ചു സാജന്‍ നിര്‍മിച്ച പാര്‍ഥാ കണ്‍വന്‍ഷന്‍ സെന്‍റര്‍, താന്‍ ജീവിച്ചിരിക്കുമ്പോള്‍ തുറക്കാന്‍ അനുവദിക്കില്ലെന്നായിരുന്നു അന്നത്തെ മുനിസിപ്പല്‍ ചെയര്‍ പേഴസണും ഇപ്പോഴത്തെ എക്സൈസ് മന്ത്രി എം.വി. ഗോവിന്ദന്‍ മാസ്റ്ററുടെ ഭാര്യയുമായ പി.കെ. ശ്യാമളയുടെ ഭീഷണി. സിപിഎം ജില്ലാ കമ്മിറ്റിയില്‍ ഉടലെടുത്ത സാമ്പത്തിക തര്‍ക്കത്തിന്‍റെ ഇരയായിരുന്നു സാജന്‍. അന്നത്തെ ജില്ലാ സെക്രട്ടറി പി. ജയരാജന്‍ നേരിട്ടു ബന്ധപ്പെട്ടിട്ടും പിണറായി വിജയനുമായുള്ള അടുപ്പം മുതലാക്കി, പി.കെ. ശ്യാമള അനുസരിച്ചില്ല. എല്ലാ നിയമങ്ങളും പാലിച്ച്, നഗരസഭ നിര്‍ദേശിച്ച മുഴുവന്‍ മാനദണ്ഡങ്ങളും പാലിച്ചായിരുന്നു തങ്ങള്‍ കണ്‍വെന്‍ഷന്‍ സെന്‍റര്‍ നിര്‍മിച്ചതെന്നും പാര്‍ട്ടിയിലെ സാമ്പത്തിക തര്‍ക്കങ്ങളാണു അനുമതി നിഷേധിക്കാന്‍ കാരണമെന്നും സാജന്‍റെ ഭാര്യ ആരോപിച്ചിരുന്നു. സാജന്‍റെ ആത്മഹത്യക്കു പിന്നാലെ, പ്രത്യേകിച്ച് ഒരു പരിശോധനയും കൂടാതെ കണ്‍വെന്‍ഷന്‍ സെന്‍റര്‍ തുറക്കാന്‍ അനുമതി നല്‍കുകയും ചെയ്തു.

സമാനമായ സംഭവമാണ് കൊല്ലം ചവറ ഗുഹാനന്ദപുരത്ത് മുഖംമൂടി ജംക്‌ഷനിലും ആവര്‍ത്തിക്കുന്നത്. മൈനാഗപ്പള്ളി കോവൂര്‍ മായാഭവനില്‍ ഷാഹി വിജയനും ഭാര്യ ഷൈനിയും വര്‍ഷങ്ങളായി യുഎസിലാണ് ജോലി ചെയ്യുന്നത്. അവിടെ നിന്നു ലഭിച്ച വരുമാനവും തൊഴില്‍ സ്ഥാപനം വഴി നേടിയ വായ്പയും കേരളത്തില്‍ കെഎസ്എഫ്ഇയില്‍ നിന്നെടുത്ത വായ്പയും മറ്റും ചേര്‍ത്ത് പത്തു കോടയിലധികം രൂപ ചെലവാക്കിയാണ് മുഖംമൂടി ജംക്‌ഷനില്‍ പുതിയ കണ്‍വെന്‍ഷന്‍ സെന്‍റര്‍ തുടങ്ങിയത്. താന്‍ ഇതുവരെ ആര്‍ക്കും കൈക്കൂലി കൊടുത്തിട്ടില്ലെന്നും എല്ലാം നിയമപ്രകാരമാണു നടത്തിയതെന്നും ഷാഹി പറയുന്നു.

എന്നാല്‍ പാര്‍ട്ടി ബ്രാഞ്ച് സെക്രട്ടറി ബിജു വില്ലനായതോടെ നിര്‍മാണം പൂര്‍ത്തിയാക്കി സെന്‍റര്‍ തുറക്കാനാവാത്ത സ്ഥിതിയാണെന്നു കാണിച്ച് ഷാഹിയുടെ ഭാര്യ ഷൈനി പോലീസിലും മുഖ്യമന്ത്രിക്കും പരാതി നല്‍കി. കണ്‍വെന്‍ഷന്‍ സെന്‍ററിനു സമീപം പാര്‍ട്ടി നിര്‍മിക്കുന്ന രക്തസാക്ഷി മണ്ഡപത്തിനു പതിനായിരം രൂപ സംഭാവന നല്‍കാത്തതാണ് ഭീഷണിക്കു കാരണം. നിര്‍മാണം പൂര്‍ത്തിയാക്കിയ കണ്‍വെന്‍ഷന്‍ സെന്‍ററിന്‍റെ ഉദ്ഘാടനം നടത്താന്‍ അനുവദിക്കില്ലെന്നാണു ബിജുവിന്‍റെ ഭീഷണി. നിര്‍മാണ സ്ഥലത്തേക്ക് ഒരു നുള്ള് മണല്‍ പൊലും കൊണ്ടുവരാന്‍ അനുവദിക്കില്ലെന്നും ബിജു ഭീഷണിപ്പെടുത്തി. ഇതിന്‍റെ ശബ്ദ സന്ദേശം പുറത്തു വന്നതോടെ പാര്‍ട്ടി പ്രതിരോധത്തിലായി. ജില്ലാ കമ്മിറ്റിയില്‍ നിന്നു പറഞ്ഞാലും താന്‍ വക വയ്ക്കില്ലെന്ന ഭീഷണി കൂടി വന്നതോടെ നേതൃത്വവും പ്രതിസന്ധിയിലായി .

പണം നല്‍കാത്തതിനാല്‍ ചവറ മുഖംമൂടിമുക്കിൽ നിർമ്മിച്ച കൺവെൻഷൻ സെന്ററില്‍ കൊടി കുത്തുമെന്നാണ് ചവറ മുകുന്ദപുരം ബ്രാഞ്ച് സെക്രട്ടറി ബിജുവിന്‍റെ ഫോണ്‍ സന്ദേശം. കണ്‍വെന്‍ഷന്‍ സെന്‍ററിന്‍റെ ഉദ്ഘാടനം നടത്താനിരിക്കെയാണ് ഭീഷണി. സ്ഥാപനത്തോട് ചേര്‍ന്നുള്ള സ്ഥലം തരംമാറ്റാന്‍ അനുവദിക്കില്ലെന്നും ബിജു പറയുന്നുണ്ട്. ഗുഹാനന്ദപുരം കൃഷി ഓഫീസറും ഭീഷണിക്കു കൂട്ടു നിന്നതായി പരാതിയില്‍ പറയുന്നു.

Related posts

Leave a Comment