ഉത്തരക്കടലാസുകൾ കാണാനില്ല; ഡിഗ്രീ രണ്ടാം സെമസ്റ്റർ ഫലം അപൂർണ്ണമായി പ്രഖ്യാപിക്കാൻ നീക്കം

തേഞ്ഞിപ്പലം : കാലിക്കറ്റ് സർവകലാശാലക്കു കീഴിൽ കഴിഞ്ഞ ഫെബ്രുവരിയിൽ നടത്തിയ ഡിഗ്രി രണ്ടാം സെമസ്റ്റർ പരീക്ഷയുടെ ഉത്തരക്കടലാസുകൾ കാണാനില്ല. ഫാൾസ് നമ്പർ അടിക്കാതെയായിരുന്നു ഉത്തരക്കടലാസുകൾ മൂല്യനിർണ്ണയത്തിനയച്ചിരുന്നത്. വേഗത്തിൽ ഫലം പുറത്തു വരുമെന്നായിരുന്നു അധികാരികളുടെ പ്രഖ്യാപനം. പത്തു ദിവസം കൊണ്ട് ഫാൾസ് നമ്പറടിച്ച് പൂർത്തിയാക്കാമായിരുന്ന മൂല്യനിർണ്ണയമാണ് വിവാദങ്ങളിലെത്തിച്ച് ഇപ്പോഴും ഫലം പുറത്തുവരാത്തത്. രണ്ടാം സെമസ്റ്റർ ഡിഗ്രി പരീക്ഷയുമായി ബന്ധപ്പെട്ട് പരീക്ഷക്ക് ഹാജരാവാത്തവരുടെ സ്റ്റേറ്റ്മെന്ററുകളിൽ പലതും സർവകലാശാലയിൽ എത്തിയിട്ടില്ല. എത്തിയവയിൽ പലതും കാണാനില്ല. ഹാജരില്ലാത്ത വിദ്യാർഥികളുടെ വിവരങ്ങൾ സർവകലാശാലയിലേക്ക് ഓൺലൈനായച്ചത് പൂർണ്ണവുമല്ല. മൂവായിരത്തിലധികം വിദ്യാർഥികളുടെ ഉത്തരക്കടലാസുകളെ പറ്റി യാതൊരു വിവരവുമില്ലെന്നാണ് വിവിധ സെക്ഷനുകളിൽ നിന്ന് അറിയുന്നത്. ഇവർ പരീക്ഷ എഴുതിയോ ഇല്ലയോ എന്നുള്ളതിന് ഇതുവരെ യാതൊരു വിവരവും പരീക്ഷാ ഭവനില്ല.പരീക്ഷ എഴുതിയവരുടെ എണ്ണവും മാർക്കിനെ പറ്റിയും പൂർണ്ണ വിവരങ്ങൾ കിട്ടാതെ മോഡറേഷൻ മാർക്ക് നൽകാൻ കഴിയില്ല.ആറാം സെമസ്റ്ററിന് പഠിക്കുന്നവരുടെ രണ്ടാം സെമസ്റ്ററിന്റെ ഫലമാണ് വരാനുള്ളത്. ഇവരുടെ ഒന്ന് മുതൽ അഞ്ച് സെമസ്റ്റർ പരീക്ഷകളുടെ സപ്ലിമെന്ററി ഇംപ്രൂവ്മെന്റ് അവസരം നൽകേണ്ടതുണ്ട്. കൂടാതെ 2015 മുതൽ 2018 വരെയുള്ള ബാച്ചുകളിലുള്ളവരുടെ രണ്ടാം സെമസ്റ്റർ സപ്ലിമെന്ററി പരീക്ഷ എഴുതിയവർക്ക് ഫലം പുറത്തുവരാത്തതിനാൽ ഇവർക്ക് ഒരു വർഷം നഷ്ടപ്പെട്ടിട്ടുണ്ട്.ഡിഗ്രി രണ്ടാം സെമസ്റ്റർ പരീക്ഷയുടെ മാർക്ക്ഷീറ്റുകൾ ഏതെങ്കിലും സെക്ഷനുകളിലുണ്ടെങ്കിൽ ഇന്നലെ ഉച്ചക്ക് 12 ന് മുമ്പായി അതാത് ജനറൽ സെക്ഷനിൽ ഏൽപിക്കണമെന്നും വീഴ്ച വരുത്തുന്നവർക്കെതിരെ നടപടിയുണ്ടാവുമെന്നും പറഞ്ഞ് പരീക്ഷാ കൺട്രോളർ കഴിഞ്ഞ ദിവസം ഇറക്കിയ ഉത്തരവിൽ ജീവനക്കാരെ കുറ്റപ്പെടുത്തുന്ന പരാമർശത്തിനെതിരെ പ്രതിഷേധമുയർന്നിട്ടുണ്ട് . മുഴുവൻ ഉത്തരക്കടലാസുകളെ പറ്റിയുള്ള വിവരങ്ങൾ ഇല്ലാത്തതിനാൽ അപൂർണ്ണമായി ഡിഗ്രി രണ്ടാം സെമസ്റ്റർ ഫലം പ്രഖ്യാപിക്കാനാണ് തീരുമാനം.

Related posts

Leave a Comment