പാലാരിവട്ടം അപകടം ; പരാതിയുമായി അൻസിയുടെ കുടുംബം

തിരുവനന്തപുരം: മുൻ മിസ് കേരള അൻസി കബീർ, റണ്ണറപ്പ് അഞ്ജന എന്നിവർ ഉൾപ്പെടെ മൂന്നുപേർ മരണപ്പെട്ട പാലാരിവട്ടം വാഹനാപകടത്തിലെ ദുരൂഹത നീക്കണമെന്ന് ആവശ്യപ്പെട്ട് അൻസിയുടെ കുടുംബം രംഗത്ത്. അൻസി കബീറിന് ഡിജെ പാർട്ടികളിൽ പങ്കെടുക്കുന്ന പതിവുണ്ടായിരുന്നില്ലെന്നും കാർ ഓടിച്ചിരുന്നയാളെ മുൻ പരിചയം ഇല്ലെന്നും കുടുംബം ചൂണ്ടിക്കാട്ടുന്നു. അൻസി എറണാകുളത്ത് അമ്മയോടൊപ്പമായിരുന്നു താമസം. അമ്മ സുഖമില്ലാതെ നാട്ടിലേക്കു മടങ്ങിയപ്പോഴായിരുന്നു അപകടം. സുഹൃത്തുകൾ പാർട്ടിക്കു നിർബന്ധിച്ചു കൊണ്ടുപോയതാണോ എന്ന് അറിയില്ലെന്നും കുടുംബം പറയുന്നു.
അപകടത്തിൽപ്പെട്ട കാർ ഓടിച്ചിരുന്ന അബ്ദുൽ റഹ്മാനെ നേരത്തേ പരിചയമില്ല. ഇത് സംശയം വർധിപ്പിക്കുന്നു. ഡ്രൈവറെ ആരാണ് നൽകിയതെന്നു പരിശോധിക്കണം. ഹോട്ടലിലെ ദൃശ്യങ്ങൾ മാറ്റിയതിനെക്കുറിച്ചും കാറിൽ പിന്തുടർന്നവരെക്കുറിച്ചുമാണ് പ്രധാന സംശയം. പ്രശ്നങ്ങളില്ലെങ്കിൽ ഹോട്ടലിലെ ദൃശ്യം മാറ്റേണ്ട കാര്യമില്ല.
അപകടത്തിൽപ്പെട്ട കാറിനെ പിന്തുടർന്ന സൈജു തങ്കച്ചനെ അറിയാമെന്ന് നേരത്തേ അൻസി പറഞ്ഞിട്ടില്ല. ഹോട്ടൽ ഉടമയുടെ പരിചയക്കാരനാണ് അപകടത്തിൽപ്പെട്ട കാറിനെ പിന്തുടർന്ന കാർ ഓടിച്ചത് എന്നറിഞ്ഞപ്പോഴാണ് സംശയം കൂടിയത്. സംഭവം നടന്ന ദിവസം അൻസി വീട്ടിലേക്കു വിളിച്ചിട്ടില്ല. അമ്മയ്ക്കു സുഖമില്ലാതിരിക്കുന്നതിനാലാകും വിളിക്കാത്തത്. സംഭവത്തിലെ ദുരൂഹത മാറ്റണം. അല്ലെങ്കിൽ ആലോചിച്ചശേഷം തുടർ നടപടികൾ തീരുമാനിക്കും. ഇപ്പോൾ നടക്കുന്ന അന്വേഷണത്തിന്റെ പുരോഗതി അറിഞ്ഞശേഷം മുഖ്യമന്ത്രിക്കു പരാതി നൽകുന്നത് അടക്കമുള്ള കാര്യങ്ങൾ ആലോചിക്കുമെന്നും കുടുംബം പറഞ്ഞു.
പാലാരിവട്ടം ചക്കരപ്പറമ്പിനു സമീപം ദേശീയപാതയിൽ നിയന്ത്രണം വിട്ട കാർ മീഡിയനിലെ മരത്തിൽ ഇടിച്ച് ഈ മാസം ഒന്നിനാണ് അപകടമുണ്ടായത്. അപകടത്തിൽ 2019ലെ മിസ് കേരള അൻസി കബീറും റണ്ണറപ് അഞ്ജന ഷാജനും തൃശൂർ വെമ്പല്ലൂർ സ്വദേശി കെ.എ.മുഹമ്മദ് ആഷിഖും മരിച്ചു. ഡ്രൈവർ അബ്ദുൽ റഹ്മാൻ പരുക്കുകളോടെ രക്ഷപ്പെട്ടു. അബ്ദുൽ റഹ്മാൻ മദ്യപിച്ചിരുന്നതായി പരിശോധനയിൽ വ്യക്തമായിരുന്നു.

Related posts

Leave a Comment