പെരിയ കൊലപാതകത്തിൽ പങ്കില്ലെന്ന സിപിഐഎമ്മിന്റെ ഒരു കെട്ടുകഥ കൂടി പൊളിഞ്ഞു, സർക്കാർ കോടികൾ ഖജനാവിൽ നിന്ന് മുടുക്കിയത് പാർട്ടി നേതാക്കൾ പ്രതിയാകും എന്ന ഭയം കൊണ്ട് ; വിഡി സതീശൻ

തിരുവനന്തപുരം: പെരിയ ഇരട്ട കൊലപാതകത്തിൽ പങ്കില്ലെന്ന സിപിഐഎമ്മിന്റെ ഒരു കെട്ടുകഥ കൂടി പൊളിഞ്ഞെന്ന വിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കുപ്രസിദ്ധ തീവ്രവാദ സംഘടനകളെ പോലെ ക്രൂരമായി കൊല നടത്തുന്ന സംഘടനയാണ് സിപിഐഎമെന്നും സതീശൻ ആരോപിച്ചു. കൊലപാതകം നടത്തിയാൽ സംരക്ഷണം നൽകുമെന്ന സന്ദേശമാണ് സിപിഐഎം നൽകുന്നത്. സംസ്ഥാന സർക്കാർ കൊലയാളികളെ സംരക്ഷിക്കാൻ കോടികൾ ഖജനാവിൽ നിന്ന് മുടുക്കിയത് പാർട്ടി നേതാക്കൾ പ്രതിയാകും എന്ന ഭയം കൊണ്ടാണെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.

പാർട്ടിയുടെ ഉത്തരവാദിത്വപ്പെട്ടവർ കൊല ആസൂത്രണം ചെയ്തതിലൂടെ കൊലപാതകത്തിലെ പാർട്ടിയുടെ പങ്ക് വ്യക്തമാണ്. എത്ര കോടി രൂപയാണ് കേസിന് വേണ്ടി ഖജനാവിൽ നിന്ന് ചിലവാക്കിയത്. പാർട്ടി നിർദ്ദേശപ്രകാരം കൊലപാതകം നടത്തിയാൽ സംരക്ഷിക്കപ്പെടുമെന്ന സന്ദേശമാണ് സിപിഐഎം നൽകുന്നത്. കണ്ണൂരിൽ നിന്നാണ് കൊലപാതകത്തിന്റെ ആസൂത്രണമെന്ന് കെപിസിസി പ്രസിഡന്റ് പറഞ്ഞത് കൃത്യമാണെന്നും വി ഡി സതീശൻ കൂട്ടിച്ചേർത്തു.

പെരിയ കേസിൽ മുൻ ഉദുമ എംഎൽഎയും സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമായ കെ വി കുഞ്ഞിരാമനെ പ്രതിചേർത്ത പശ്ചാത്തലത്തിലാണ് സിപിഐഎമ്മിനെതിരെ വിമർശനവുമായി പ്രതിപക്ഷ നേതാവ് രംഗത്തെത്തിയത്. കൊലപാതകത്തിൽ പങ്കെടുത്ത പ്രതികൾക്ക് സഹായം ചെയ്‌തെന്ന സിബിഐയുടെ കണ്ടെത്തലിന്മേലാണ് കെ വി കുഞ്ഞിരാമനെ പ്രതിചേർത്തിത്തത്. കേസിൽ 20-ാം പ്രതിയാണ് കെ വി കുഞ്ഞിരാമൻ. ഇതുവരെ ആകെ പത്ത് പേരെ പ്രതിചേർത്തതായും അഞ്ചുപേരെ അറസ്റ്റ് ചെയ്തതായും സിബിഐ കോടതിയെ അറിയിച്ചു. ഇന്നലെ അറസ്റ്റിലായ അഞ്ചുപേരുൾപ്പടെയുള്ള 14 പ്രതികളെ എറണാകുളം സിജെഎം കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

Related posts

Leave a Comment