ചരടുവലികൾ പൊളിഞ്ഞു; ഒടുവിൽ, അനിൽകാന്ത് ഡിജിപിയായി

തിരുവനന്തപുരം: സംസ്ഥാന പൊലീസ് മേധാവിയുടെ പദവിയിലെത്തുന്നതിനായി കേരളാ പൊലീസിലെ ഉന്നത ഉദ്യോഗസ്ഥർ ചേരിതിരിഞ്ഞ് നടത്തിയ ചരടുവലികൾക്കൊടുവിൽ, അഗ്നിരക്ഷാ സേനയുടെ മേധാവിയായി സേവനം തുടരുന്ന ബി. സന്ധ്യയെയും വിജിലൻസ് ഡയറക്ടർ എസ് സുദേഷ്കുമാറിനെയും പരിഗണിക്കാതെ റോഡ് സുരക്ഷാ കമ്മീഷണറായിരുന്ന വൈ. അനിൽകാന്തിനെ ഡിജിപിയായി സർക്കാർ നിയമിച്ചു. ഇന്നലെ ചേർന്ന മന്ത്രിസഭാ യോഗമാണ് ഏഴുമാസം മാത്രം സർവീസ് അവശേഷിക്കുന്ന അനിൽകാന്തിനെ സുപ്രീംകോടതിയുടെ മാർഗ നിർദേശം അവഗണിച്ച് പൊലീസ് തലപ്പത്ത് നിയമിച്ചത്. സംസ്ഥാന പൊലീസ് മേധാവിമാർക്ക് രണ്ടുവർഷം കാലാവധി നൽകണമെന്നായിരുന്നു സുപ്രീംകോടതിയുടെ നിർദ്ദേശം. എന്നാൽ, ഇക്കാര്യത്തിൽ നിയമോപദേശം തേടാമെന്നായിരുന്നു മന്ത്രിസഭാ യോഗത്തിന്റെ തീരുമാനം. നേരത്തെ വിജിലൻസ് ഡയറക്ടർ, ക്രമസമാധാന ചുമതലയുള്ള എഡിജിപി എന്നീ നിലകളിൽ സിപിഎമ്മിന്റെ താൽപ്പര്യങ്ങൾക്ക് അനുസൃതമായി പ്രവർത്തിച്ച ഉദ്യോഗസ്ഥൻ എന്ന നിലയിലാണ് സർവീസ് കാലാവധി പോലും നിശ്ചയിക്കാതെ അനിൽകാന്തിനെ തന്നെ നിയമിക്കാൻ തീരുമാനമെടുത്തതെന്നാണ് വിവരം. അനിൽകാന്ത് വിരമിക്കുന്ന വേളയിൽ വീണ്ടും പുതിയ പട്ടിക കേന്ദ്രത്തിലയച്ച് ടോമിൻ ജെ തച്ചങ്കരിക്ക് വേണ്ടി അവസരമൊരുക്കുയെന്നതും സർക്കാർ ലക്ഷ്യമിടുന്നു. ദളിത് വിഭാഗത്തിൽ നിന്ന് സംസ്ഥാന പോലീസ് മേധാവിയാകുന്ന ആദ്യ ഉദ്യോഗസ്ഥനാണ് അനിൽകാന്ത്. എഡിജിപി കസേരിയിൽ നിന്ന് നേരിട്ട് ഡിജിപിയാകുന്ന ഉദ്യോഗസ്ഥനെന്ന പ്രത്യേകതയും അനിൽകാന്തിനുണ്ട്.
അതേസമയം, 2023 മെയ് മാസം വരെ സർവീസുള്ള ബി സന്ധ്യയെ പൊലീസ് തലപ്പത്ത് കൊണ്ടുവരാനായി ഐപിഎസ് തലത്തിൽ വലിയ ചരടുവലികളാണ് നടന്നിരുന്നത്. എന്നാൽ, ഇതിനെ തടയിട്ടും സുദേഷ്കുമാറിന് അനുകൂലമായി നിലകൊണ്ടും ഉന്നത ഉദ്യോഗസ്ഥരിൽ മറുവിഭാഗവും നിലകൊണ്ടു. കൊച്ചിയിൽ സിനിമാനടി ആക്രമിക്കപ്പെട്ട കേസിൽ ഉയർന്ന ആക്ഷേപങ്ങളും തിരുവനന്തപുരത്ത് കണ്ണമ്മൂലയിലെ ഭൂമി വിവാദവും ഉൾപ്പെടെ ബി സന്ധ്യയുടെ ട്രാക്ക് റെക്കോർഡാണ് ഡിജിപി പദവിക്ക് തടസമായതെന്നാണ് സൂചന. മകൾ പൊലീസ് ഉദ്യോഗസ്ഥനെ മർദ്ദിച്ച സംഭവത്തിൽ നിലനിൽക്കുന്ന പരാതിയാണ് സുദേഷ്കുമാറിന് വിനയായത്. ഇന്നലെ വൈകുന്നേരം പൊലീസ് ആസ്ഥാനത്ത് നടന്ന ചടങ്ങിൽ വിരമിച്ച ലോക്നാഥ് ബെഹ്റയിൽ നിന്ന് അനിൽകാന്ത് ചുമതലയേറ്റെടുത്തു.
ഡൽഹി സ്വദേശിയായ അനിൽകാന്ത് 1988 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനാണ്. കേരളാ കേഡറിൽ എ.എസ്.പി ആയി വയനാട് സർവ്വീസ് ആരംഭിച്ച അദ്ദേഹം തിരുവനന്തപുരം റൂറൽ, റെയിൽവേ എന്നിവിടങ്ങളിൽ എസ്.പി ആയി പ്രവർത്തിച്ചു. തുടർന്ന് ഡൽഹി, ഷില്ലോംങ് എന്നിവിടങ്ങളിൽ ഇന്റലിജൻസ് ബ്യൂറോയിൽ അസിസ്റ്റന്റ് ഡയറക്ടർ ആയി. മടങ്ങി എത്തിയ ശേഷം കൊച്ചി സിറ്റി പോലീസ് കമ്മീഷണറായും മലപ്പുറം, എറണാകുളം ക്രൈംബ്രാഞ്ച് എന്നിവിടങ്ങളിൽ എസ്.പി ആയും പ്രവർത്തിച്ചു. സ്‌പെഷ്യൽ ബ്രാഞ്ച്, തിരുവനന്തപുരം റേഞ്ച് എന്നിവിടങ്ങളിൽ ഡി.ഐ.ജി ആയും സ്‌പെഷ്യൽ ബ്രാഞ്ച്, സ്റ്റേറ്റ് ക്രൈംബ്രാഞ്ച് എന്നിവിടങ്ങളിൽ ഐ.ജി ആയും ജോലി നോക്കി. ഇടക്കാലത്ത് അഡിഷണൽ എക്‌സൈസ് കമ്മീഷണർ ആയിരുന്നു. എ.ഡി.ജി.പി ആയി സ്ഥാനക്കയറ്റം ലഭിച്ച ശേഷം കേരള പോലീസ് ഹൗസിംഗ് കൺസ്ട്രക്ഷൻ കോർപ്പറേഷൻ ചെയർമാൻ ആന്റ് മാനേജിംഗ് ഡയറക്ടർ ആയിരുന്നു. സ്റ്റേറ്റ് ക്രൈം റെക്കോർഡ്‌സ് ബ്യൂറോ എ.ഡി.ജി.പി ആയും പ്രവർത്തിച്ചു. ഫയർഫോഴ്‌സ് ഡയറക്ടർ ജനറൽ, ബറ്റാലിയൻ, പോലീസ് ആസ്ഥാനം, സൗത്ത്‌സോൺ, ക്രൈംബ്രാഞ്ച് എന്നിവിടങ്ങളിൽ എ.ഡി.ജി.പി ആയും ജോലി നോക്കി. ജയിൽ മേധാവി, വിജിലൻസ് ആന്റ് ആന്റി കറപ്ഷൻ ബ്യൂറോ തലവൻ, ഗതാഗത കമ്മീഷണർ എന്നീ തസ്തികകളും വഹിച്ചിട്ടുണ്ട്. വിശിഷ്ട സേവനത്തിനും സ്തുത്യർഹ സേവനത്തിനുമുളള രാഷ്ട്രപതിയുടെ പൊലീസ് മെഡൽ ലഭിച്ചിട്ടുണ്ട്. പൊളിറ്റിക്കൽ സയൻസിൽ ബിരുദാനന്തര ബിരുദധാരിയാണ്. പരേതനായ റുമാൽ സിംഗ് അച്ഛനും ശകുന്തള ഹാരിറ്റ് അമ്മയുമാണ്. ഭാര്യ: പ്രീത ഹാരിറ്റ്, മകൻ: റോഹൻ ഹാരിറ്റ്.

Related posts

Leave a Comment