നാസ ബഹിരാകാശ ദൗത്യത്തിൽ അർധ മലയാളി അനില്‍ മേനോനും

വാഷിങ്ടൺ: നാസയുടെ വരാനിരിക്കുന്ന ബഹിരാകാശ ദൗത്യത്തിൽ 10 പേരിൽ ഒരാളായി അർധ മലയാളിയായ അനില്‍ മേനോനും ഇടംനേടി. 12,000 അപേക്ഷകരില്‍ നിന്ന് തെരഞ്ഞെടുത്ത പത്ത് പേരിൽ ഒരാളായാണ് അനിൽ മേനോൻ ദൗത്യത്തിന്റെ ഭാഗമാവുക. മലയാളിയായ ശങ്കരന്‍ മേനോന്റേയും ഉക്രെയ്ന്‍ സ്വദേശിനിയായ ലിസ സാമോലെങ്കോയുടേയും മകനാണ് 45 കാരനായ അനില്‍ മേനോന്‍. അടുത്തവര്‍ഷം ജനുവരിയിൽ അനില്‍ മേനോന്‍ ഡ്യൂട്ടിയില്‍ റിപ്പോര്‍ട്ട് ചെയ്യും. തുടർന്ന് രണ്ട് വര്‍ഷത്തെ പരിശീലനവും നേടും. എമര്‍ജന്‍സി മെഡിസിന്‍ വിഭാഗം ഡോക്ടറായ ഇദ്ദേഹം ബഹിരാകാശ ഗവേഷകരുടെ ആരോഗ്യ പരിപാലനവുമായി ബന്ധപ്പെട്ട് നേരത്തെയും ബഹിരാകാശ ദൗത്യത്തിന്റെ ഭാഗമായിട്ടുണ്ട്. സ്‌പേസ് എക്‌സിന്റെ ഡെമോ-2 മിഷന്റെ ഭാഗമായി മനുഷ്യനെ ബഹിരാകാശത്ത് അയക്കാനുള്ള ഉദ്യമത്തിന്റെയും നാസയുടെ അന്താരാഷ്ട്ര ബഹിരാകാശ വിക്ഷേപണ ദൗത്യത്തിന്റെയും ഭാഗമായി പ്രവർത്തിച്ചിട്ടുണ്ട്.
അമേരിക്കന്‍ വ്യോമസേനയുടെ ലെഫ്റ്റനന്റ് കേണലായ മേനോൻ 2021 ലെ ഹെയ്തി ഭൂകമ്പം, 2015ൽ നേപ്പാളിലുണ്ടായ ഭൂകമ്പം, 2011 ലെ റെനോ എയര്‍ഷോ അപകടം എന്നിവിടങ്ങളില്‍ രക്ഷാപ്രവര്‍ത്തന സംഘത്തിലും ഭാഗഭാക്കായിരുന്നു. സ്‌പേസ് എക്‌സില്‍ ജോലി ചെയ്യുന്ന അന്നാ മേനോന്‍ ആണ് ഭാര്യ. രണ്ട് മക്കളുണ്ട്.

Related posts

Leave a Comment