താലൂക്ക് ഓഫീസിലെ തീ: ആന്ധ്ര സ്വദേശി കസ്റ്റഡിയിൽ

കോഴിക്കോട്: വടകര താലൂക്ക് ഓഫീസിലെ തീപ്പിടുത്തവുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ആന്ധ്ര സ്വദേശി സതീഷ് നാരായണൻ (37) ആണ് പൊലീസിന്റെ കസ്റ്റഡിയിലുള്ളത്. താലൂക്ക് ഓഫീസ് പരിസരത്ത് ഇയാളെ സംശയാസ്പദമായ നിലയിൽ കണ്ടെത്തിയതിന്റെ സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് കസ്റ്റഡിയിലെടുത്തത്. വടകരയിൽ പല സ്ഥലങ്ങളിലും കടലാസുകൾ കൂട്ടിയിട്ട് കത്തിക്കുന്നത് ഇയാളുടെ രീതിയാണ്. സർക്കാർ ഓഫീസുകളിലും മറ്റും ഇയാളെത്തുന്നത് കരുതിയിരിക്കണമെന്ന് ഒരാഴ്ച മുൻപ് പൊലീസിൻ സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് നല്കിയിരുന്നു.
താലൂക്ക് ഓഫീസ് പരിസരത്ത് നേരത്തെ തീയിടാൻ ശ്രമിച്ച ഇയാൾ മാനസിക വെല്ലുവിളി നേരിടുന്നതായി പൊലീസ് അറിയിച്ചു. അതേ സമയം, തീപ്പിടുത്തത്തിൻറെ കാരണം കണ്ടെത്താനായി പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിട്ടുണ്ട്. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഹരിദാസൻറെ നേതൃത്ത്വത്തിലുള്ള സംഘമാണ് കേസന്വേഷിക്കുന്നത്.
നേരത്തെ ചെറിയ തീപിടുത്തമുണ്ടായ സമീപത്തെ കെട്ടിടങ്ങളിലും ഇയാൾ എത്തിയതായി കണ്ടെത്തിയിരുന്നു. വടകര താലൂക്ക് ഓഫീസിന് സമീപമെത്തി വലിച്ചെറിയപ്പെട്ട കടലാസുകൾ കൂട്ടിയിട്ട് തീയിട്ട ശേഷം, തീ ആളിപ്പടരുന്നത് കണ്ട് ഇയാൾ ഓടി രക്ഷപ്പെടുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. വടകര പോലീസ് സ്റ്റേഷനിൽ കസ്റ്റഡിയിലാണ് പ്രതി.

Related posts

Leave a Comment