താലിബാന്റെ രണ്ടാംതരംഗവും കോവിഡിന്റെ മൂന്നാംതരംഗവും മുഖാമുഖം

ഗോപിനാഥ് മഠത്തിൽ

ലായനത്തിന്റെയും മഹാമാരി നല്‍കുന്ന ജീവിതവൈഷമ്യങ്ങളുടെയും മധ്യത്തിലാണ് ലോകം. ലോകം അരിച്ചുകയറുന്ന ഭീകരനെപ്പോലെ മനുഷ്യന്റെ ആത്മവിശ്വാസത്തെ കെടുത്തുമ്പോള്‍ മറ്റൊരിടത്ത് ആഭ്യന്തരകലാപം അവന്റെ പ്രത്യാശകളെ തീര്‍ത്തും നിഷ്പ്രഭമാക്കുന്നു. ഇന്ത്യ ഇപ്പോള്‍ അഭിമുഖീകരിക്കുന്നത് ഈ രണ്ടു പ്രശ്‌നങ്ങളെയാണ്. കോവിഡിന്റെ രണ്ടാംതരംഗത്തിന്റെ ആന്ദോളനത്തില്‍ നിന്നും ഇനിയും രാജ്യം വിമുക്തമായിട്ടില്ല. അതിന്റെ നീരാളികയ്യില്‍ പിടയുകയാണിപ്പോഴും. അതിനിടയിലാണ് മൂന്നാംതരംഗത്തിന്റെ ഭീഷണി. ഒന്ന് അവസാനിച്ച് മറ്റൊന്ന് ആരംഭിക്കാന്‍ കിട്ടാത്തവിധം രണ്ടുംമൂന്നുംകൂടി ഇടകലര്‍ന്ന് മഹാരോഗവര്‍ഷമായി വന്നെത്തുമോ എന്നാണ് ഭയം. വാക്‌സിനേഷന്‍ തകൃതിയായാല്‍ മൂന്നാംതരംഗം അത്ര പേടിക്കാനില്ലെന്ന് ആരോഗ്യമേഖലയില്‍ നിന്ന് അറിയിപ്പുകള്‍ കിട്ടുന്നുണ്ടെങ്കിലും രോഗം ഉറ്റവരെ നഷ്ടപ്പെടുത്തിയ വേദന പലര്‍ക്കും ആശ്വാസമാകുന്നില്ല. ഇന്ത്യയില്‍ മഹാരാഷ്ട്രയും കേരളവുമാണ് ഇപ്പോള്‍ കോവിഡിന്റെ പ്രധാന കളിയരങ്ങ്. മൂന്നുമാസത്തിനുള്ളില്‍ വാക്‌സിനേഷന്‍ 70 ശതമാനം നല്‍കി രോഗത്തെ വരുതിയിലാക്കാന്‍ കഴിയുമെന്ന് മുഖ്യമന്ത്രി പറയുന്നു. ആ വാക്കുകള്‍ സത്യസന്ധമായി പാലിക്കപ്പെട്ടാല്‍ ഇന്ന് ചിരിച്ചുമറയുന്നവരെ നാളെയും അതേ ചിരിയോടെ കണ്ടെത്താന്‍ കഴിയും. രോഗത്തിന്റെ കടല്‍മധ്യത്തില്‍ ഇന്ത്യ കൈകാലിട്ടടിക്കുമ്പോഴാണ് ഭാവിയില്‍ ഭീകരമുന്നേറ്റം ഭീഷണിയായി മാറാന്‍ കാരണമാകുന്നത്. അത് സംഭവിക്കുന്നത് അഫ്ഗാനിസ്ഥാനിലെ മണ്ണില്‍നിന്ന് അവസാന സൈനികനും ആഗസ്റ്റ് 31 ന് പിന്‍വാങ്ങുന്നതോടെയായിരിക്കും. അഫ്ഗാന്‍ ഒരുകാലത്ത് അഖണ്ഡഭാരതത്തിന്റെ പ്രധാനഭാഗമായിരുന്നു. ‘മഹാഭാരത’ത്തില്‍ പ്രതിപാദിക്കുന്ന ഗാന്ധാരദേശം (കാണ്ഡഹാര്‍) അഫ്ഗാനിസ്ഥാനിലാണ്. ഭാരതത്തിന്റെ ആ നഷ്ടപ്രദേശത്ത് അഫ്ഗാന്റെ സൈനികരെ കീഴടക്കി താലിബാന്‍ അതിശക്തമായി മടങ്ങിവരുന്നു എന്നത് ഒട്ടും ആശ്വാസകരമല്ല. താലിബാന്റെ പിടിയിലമര്‍ന്ന അഫ്ഗാനും പാകിസ്ഥാനും കൈകോര്‍ക്കുമ്പോള്‍ ഭാരതം നേരിടേണ്ടിവരിക വലിയ മഹാദുരന്തം തന്നെയാണ്. സകല തീവ്രവാദത്തിന്റെയും കലവറ സൂക്ഷിപ്പുകാരനാണ് പാകിസ്ഥാന്‍. അവരാണ് വിസ്‌ഫോടനലക്ഷ്യത്തോടെ ഡ്രോണുകള്‍ ഇന്ത്യയുടെ ആകാശത്ത് അടുത്തിടെ പറത്തിവിട്ടത്. ഒരുപരിധിവരെ താലിബാനെ പരിപോഷിപ്പിച്ചുനിര്‍ത്തുന്നതില്‍ പാകിസ്ഥാന് ഒരുവലിയ പങ്കുണ്ട്. പാകിസ്ഥാന്റെ കുബുദ്ധിയില്‍ ചലിക്കുന്ന പാവയായി നാളെ താലിബാന്‍ മാറുകയും അതിനെ പ്രായോഗിക ലക്ഷ്യത്തിലെത്തിക്കാന്‍ ചൈന സഹായിക്കുകയും ചെയ്താല്‍ അതൊരു വലിയ വിപത്തിന് കാരണമാകും. ഇന്ത്യയുടെ അയല്‍രാജ്യങ്ങള്‍ മിക്കതും ശത്രുക്കളും അതിരുതോണ്ടികളുമാണ്. ഇന്ത്യ തോറ്റതും വിജയിച്ചതുമായ യുദ്ധങ്ങള്‍ ആ ശത്രുതയെ ക്ലാവ് പിടിപ്പിക്കാതെ സൂക്ഷിക്കുന്ന ചരിത്രസാക്ഷ്യങ്ങളാണ്. അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ ഭരണം കയ്യാളിയാല്‍ പാകിസ്ഥാന്‍ അവരെ ഇന്ത്യയ്ക്ക് എതിരെയുള്ള ഭീകരപ്രവര്‍ത്തനത്തിന് ഉപയോഗിക്കുകയും അതിനെ പരിപോഷിപ്പിക്കുവാന്‍ അല്‍ഖായിദ ഉള്‍പ്പെടെയുള്ള മറ്റു ഭീകരസംഘടനകളെ കൂട്ടുപിടിക്കുകയും ചെയ്യും എന്നത് നിഷേധിക്കാന്‍ കഴിയില്ല. അങ്ങനെ ഇന്ത്യയുടെ വടക്കുപടിഞ്ഞാറന്‍ പ്രദേശങ്ങളെ താലിബാന്റെ സഹായത്തോടെ പാകിസ്ഥാന്‍ അസ്വസ്ഥപൂര്‍ണ്ണമാക്കുമ്പോള്‍ വടക്കുകിഴക്കന്‍ പ്രദേശങ്ങളില്‍ അതേ അവസരത്തില്‍ ശല്യപ്രവര്‍ത്തനം നടത്തുക ചൈനയായിരിക്കും. അവരുടെ ഇതുവരെയുള്ള എല്ലാ ശ്രമങ്ങളും അതിര്‍ത്തികളില്‍ താവളമടിച്ച് ഇന്ത്യയെ കരണ്ടുനശിപ്പിക്കുന്ന പ്രവൃത്തികള്‍ തന്നെയാണ്. ഇവിടെ രണ്ടുഭാഗത്തുനിന്നും പാകിസ്ഥാനും ചൈനയും നടത്താനിടയുള്ള അക്രമപ്രവര്‍ത്തനത്തില്‍ ഇന്ത്യ സദാജാഗ്രത പുലര്‍ത്തേണ്ടിയിരിക്കുന്നു. താലിബാന്‍ ശക്തിപ്രാപിക്കുന്നു എന്നതിനര്‍ത്ഥം പാകിസ്ഥാന്‍ വിധ്വംസക പ്രവര്‍ത്തനത്തില്‍ കൂടുതല്‍ ശക്തമാകുന്നു എന്നാണ്. അതിലൂടെ ശത്രുവിന്റെ ശത്രു മിത്രം എന്ന തന്ത്രത്തിലൂടെ ചൈന തന്റെ സ്വാര്‍ത്ഥ ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കുകയും ചെയ്യും.
ആഗസ്റ്റിനുശേഷം ഒരു പുതിയ അതിജീവനസങ്കീര്‍ണ്ണതയിലേയ്ക്ക് ഭാരതം എത്തിച്ചേരും എന്നത് നിസ്തര്‍ക്കമാണ്. തുടക്കത്തില്‍ പറഞ്ഞതുപോലെ മൂന്നാംതരംഗം സൃഷ്ടിക്കാന്‍ ഇടയുള്ള രോഗപ്രതിസന്ധികളും അതിര്‍ത്തികള്‍ രൂപംകൊള്ളാനിടയുള്ള പ്രവര്‍ത്തനങ്ങളും ആയിരിക്കും അത്. താലിബാന്റെ രണ്ടാംതരംഗം അഫ്ഗാന്‍ ഭരണത്തില്‍ ഇതുവരെ നിലനിന്ന സമാധാന അന്തരീക്ഷത്തെ തകര്‍ത്തുകൊണ്ടിരിക്കുന്നു. പെണ്‍കുട്ടികളുടെ ആത്മവിശ്വാസത്തിന്റെയും സന്തോഷത്തിന്റെയും ചിരി മുഴക്കങ്ങള്‍ നടവഴികളില്‍ നിന്നും പള്ളിക്കൂടങ്ങളില്‍ നിന്നും വീടിന്റെ ഇരുള്‍ മൂലകളിലേയ്ക്ക് മടങ്ങിയിരിക്കുന്നു. മതനിര്‍ബന്ധങ്ങള്‍ അന്ത്യശാസനം നല്‍കുന്ന ചങ്ങലകളില്‍ നിന്നും രക്ഷതേടി ജനങ്ങള്‍ അയല്‍രാജ്യങ്ങളിലേക്ക് പലായനം ചെയ്തുതുടങ്ങിയിരിക്കുന്നു. ഏറെപ്പേരും ചെന്നെത്തുന്നത് എരിതീയില്‍ നിന്നും വറചട്ടിയിലേക്ക് എന്ന പോലെ പാകിസ്ഥാനിലേക്ക് എന്നതാണ് ഖേദകരം. തീവ്രവാദത്തിന്റെ വിത്ത് എറിഞ്ഞ് അത് പൂക്കുന്നതും കാത്ത് തപസ്സു ചെയ്യുന്ന ഇമ്രാന്‍ ഭരണകൂടത്തില്‍ അവര്‍ എത്രകണ്ട് സുരക്ഷിതരാണെന്ന് കണ്ടറിയേണ്ട കാഴ്ചയാണ്. പട്ടിണിയിലേക്കും സാമ്പത്തിക തകര്‍ച്ചയിലേക്കും അനുദിനം കൂപ്പുകുത്തുന്ന പാകിസ്ഥാന് ആകെയുള്ള വിനോദം തീവ്രവാദ പ്രവര്‍ത്തനം മാത്രമാണ്. രക്ഷപെട്ട് എത്തുന്ന അഫ്ഗാനിസ്ഥാന്‍കാരെ അവര്‍ അതിന് നിര്‍ബന്ധപൂര്‍വ്വം വിനിയോഗിക്കുകയും ചെയ്യും. ചുരുക്കത്തില്‍ താലിബാന്റെ രണ്ടാംതരംഗവും കോവിഡിന്റെ മൂന്നാംതരംഗവും പ്രത്യക്ഷമായും പരോക്ഷമായും ഇന്ത്യയെ കടന്നാക്രമിക്കാതിരിക്കാന്‍ വേണ്ടത്ര ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്.

വാല്‍ക്കഷണം:
തീവ്രവാദികള്‍ കൊന്നൊടുക്കിയ മാധ്യമപ്രവര്‍ത്തകരില്‍ അവസാനത്തെ പേരുകാരനാണ് ഫോട്ടോ ജേര്‍ണലിസ്റ്റായ ഡാനിഷ് സിദ്ദിഖി. നോവിന്റെ മുഖങ്ങള്‍ ചിത്രാലേഖനം ചെയ്യുന്നതില്‍ പ്രത്യേകം നിഷ്‌കര്‍ഷ പുലര്‍ത്തിയ ആള്‍. ഇറാഖ്-അഫ്ഗാന്‍ യുദ്ധങ്ങളും രോഹിഗ്യന്‍ അഭയാര്‍ത്ഥി ദുരിതങ്ങളും ഹോങ്‌കോങ് പ്രതിഷേധങ്ങളും മറ്റും ഡാനിഷിന്റെ ക്യാമറയുടെ ഇഷ്ടവിഷയങ്ങളായിരുന്നു.
കോവിഡിന്റെ രണ്ടാംതരംഗം രൂക്ഷമാക്കിയ ആശുപത്രികളും ശ്മശാനങ്ങളും അവിടങ്ങളിലെ ജീവന്‍മരണ പോരാട്ടവും ശവമടക്കും എല്ലാം ക്യാമറക്കാഴ്ചകളിലൂടെ ഡാനിഷ് ലോകശ്രദ്ധയില്‍ എത്തിച്ചു. ഇപ്പോള്‍ ഡാനിഷ് ഇല്ല. അതോടെ കാഴ്ചകള്‍ അനാഥവും അജ്ഞാതവുമായി. പുലിസ്റ്റര്‍ ജേതാവായ ഡാനിഷ് സംഘര്‍ഷഭരിതമായ കാണ്ഡഹാര്‍ മേഖലകളിലൂടെ സഞ്ചരിക്കവെ താലിബാന്‍ ആക്രമണത്തിന് വിധേയമായി വധിക്കപ്പെട്ടു. മനുഷ്യാവകാശ പ്രശ്‌നങ്ങളെ ചിത്രമാക്കാന്‍ കഴിയാത്തവിധം ഡാനിഷിന്റെ കണ്ണുകളും ക്യാമറയുടെ കണ്ണുകളും അതോടെ അടഞ്ഞു. മനുഷ്യന്‍ എന്ന വാക്ക് ലജ്ജയോടെ തലകുനിച്ച നിമിഷമായിരുന്നത്.

Related posts

Leave a Comment