ഓര്‍മ്മകളെ തൊട്ടുണര്‍ത്തി ഒരു ‘ഓമല്‍’ സംഗീതം

കോഴിക്കോട്: പ്രണയ സൗഹൃദങ്ങളെ തൊട്ടുതലോടി ഹൃദയം കവരുന്ന ഈണവുമായി ‘ ഓമല്‍ ‘ സംഗീത ആല്‍ബം തരംഗമാകുന്നു. കോഴിക്കോട് ബേപ്പൂര്‍ സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ എ.പ്രശാന്ത് കുമാര്‍ വരികള്‍ രചിച്ച് തൃശ്ശൂര്‍ സ്വദേശിയും യുവ സംഗീത സംവിധായകനുമായ എഡ്വിന്‍ ജോണ്‍സണ്‍ സംഗീതം നിര്‍വഹിച്ച് കാസര്‍ഗോഡ് സ്വദേശിയായ നിതിന്‍ രാജ് സംവിധാനം ചെയ്ത ഓമല്‍ എന്ന സംഗീത ആല്‍ബമാണ് സോഷ്യല്‍ മീഡിയയിലൂടെ ശ്രദ്ധേയമാകുന്നത്. വരികള്‍ കൊണ്ടും ഈണം കൊണ്ടും വേറിട്ടു നില്‍ക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് എഡ്വിന്‍ ജോണ്‍സണും ഗായിക എലിസബത്ത് സണ്ണിയും ചേര്‍ന്നാണ്. ശനിയാഴ്ച രാത്രി യൂട്യൂബില്‍ അപ്ലോഡ് ചെയ്ത സംഗീത ആല്‍ബം വിവിധ രാജ്യങ്ങളിലെ പതിനായിരക്കണക്കിന് പ്രേക്ഷകര്‍ ഇതിനോടകം കണ്ടുകഴിഞ്ഞു. രണ്ട് കുട്ടികളുടെ അവധി ദിവസത്തെ ഔട്ടിങിന്റെ പശ്ചാത്തലത്തില്‍ ചിത്രീകരിച്ച ആല്‍ബം ഏതു പ്രായത്തിലെ പ്രണയമാണ് മനോഹരം എന്ന തലക്കെട്ടോടെയാണ് പുറത്തിറങ്ങിയത്.പത്ത് വര്‍ഷമായി സംഗീത ലോകത്ത് തുടരുന്ന എഡ്വിന്‍ ജോണ്‍സണ്‍ സംഗീതം നിര്‍വഹിച്ച ആദ്യ പ്രണയഗാനമാണ് ഓമല്‍.ഡ്രമ്മര്‍ ആയാണ് എഡ്വിന്‍ തന്റെ സംഗീത ജീവിതം ആരംഭിക്കുന്നത്. എം ബി എ പഠനത്തിന് ശേഷം ബിസിനസ് മേഖലയില്‍ ജോലി ചെയ്തതെങ്കിലും വീണ്ടും സംഗീതലോകത്തേത്ത് തിരിച്ചെത്തുകയായിരുന്നു.ഇതിനിടെ കാംബോജി, മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍, ഒടിയന്‍, കൂടേ തുടങ്ങിയ നിരവധി സിനിമകളില്‍ എഡ്വിന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. 2020ല്‍ ജനശ്രദ്ധ നേടിയ ശ്രാവണപൂക്കള്‍ എന്ന ഓണപ്പാട്ടിന്റെ ഓര്‍ക്കസ്‌ട്രേഷന്‍ നിര്‍വഹിച്ചതും എഡ്വിന്‍ ജോണ്‍സണ്‍ ആണ്. നിരവധി ആല്‍ബങ്ങളിലും ഭക്തിഗാനങ്ങള്‍ക്കും എഡ്വിന്‍ സംഗീതം നിര്‍വഹിച്ചിട്ടുണ്ട്. പൊലീസ് ജോലിക്കിടെ ലഭിക്കുന്ന ഇടവേളകളിലാണ് സിവില്‍ പൊലീസ് ഓഫീസര്‍ പ്രശാന്ത്കുമാര്‍ ഓമലിന്റെ വരികള്‍ രചിച്ചത്. നിരവധി ആല്‍ബം ഗാനങ്ങള്‍ക്ക് വരികള്‍ രചിച്ചും ഹ്രസ്വചിത്രങ്ങള്‍ ഒരുക്കിയും കലാരംഗത്ത് ശ്രദ്ധേയനായ പൊലീസ് ഓഫീസര്‍ കൂടിയാണ് പ്രശാന്ത്. പതിനാല് വര്‍ഷമായി കര്‍ണാടിക് മ്യൂസിക്കില്‍ കഴിവ് തെളിയിച്ചിട്ടുള്ള ഗായിക എലിസബത്ത് സണ്ണിയുടെ ആദ്യ സംഗീത ആല്‍ബമാണ് ഓമല്‍. കാസര്‍ഗോഡ് സ്വദേശിയും ഗവ. ഹൈസ്‌കൂള്‍ മടിക്കൈയിലെ പത്താംക്ലാസ് വിദ്യാര്‍ഥിയുമായ ആദിത്യനും നീലേശ്വരം സ്വദേശിയും അമൃത വിദ്യാലയത്തിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയുമായ പ്രസാദിനി ഗോപാലുമാണ് ആല്‍ബത്തില്‍ പ്രധാന കഥാപാത്രങ്ങളായി അഭിനയിച്ചത്. ബേബി,ഉണ്ണികൃഷ്ണന്‍,നിവേദ്.ആര്‍.മോഹന്‍,സ്‌നേഹ.എം.പ്രകാശ്, പാര്‍വ്വതി ജിനോജ്, ഇഷാന്‍ ദേവ് മിഥുന്‍ എന്നിവരാണ് മറ്റു അഭിനേതാക്കള്‍.

Related posts

Leave a Comment