മരം മുറിക്കേസ്: സർക്കാരിന്റെ പ്രതികാര നടപടിക്കെതിരെ ഉദ്യോഗസ്ഥ ; ഗുഡ് സർവീസ് എൻട്രി റദ്ദാക്കിയതിനെതിരെ പരാതി നൽകി

തിരുവനന്തപുരം: സംസ്ഥാനത്ത് ഏറെ വിവാദമായ മരം മുറി കേസിന്റെ ഫയലുകൾ വിവരാവകാശ നിയമപ്രകാരം നൽകിയതിന്റെ പേരിൽ സർക്കാരിന്റെ പ്രതികാര നടപടിക്ക് ഇരയായ അണ്ടർ സെക്രട്ടറി ഒ.ജി ശാലിനി തന്റെ ഗുഡ് സർവീസ് എൻട്രി റദ്ദാക്കിയ നടപടിക്കെതിരെ പരാതി നൽകി. റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി ജയതിലകിന്റെ നടപടിക്കെതിരെയാണ് മുഖ്യമന്ത്രി, റവന്യൂമന്ത്രി എന്നിവർക്ക് പരാതി നൽകിയത്. വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യങ്ങൾക്ക് മറുപടിയായി പബ്ലിക് റിലേഷൻസ് ഓഫീസർ കൂടിയായ ഒ.ജി ശാലിനി ഫയലുകൾ നൽകിയതിലുള്ള പ്രതികാര നടപടിയുടെ പേരിൽ ശാലിനിക്കെതിരെ കടുത്ത നടപടികളാണ് സർക്കാർ സ്വീകരിച്ചത്. ആദ്യം നിർബന്ധിത അവധിയിൽ പ്രവേശിപ്പിക്കാൻ നിർദ്ദേശം നൽകുകയും പിന്നീട് ഗുഡ് സർവീസ് എൻട്രി റദ്ദാക്കുകയും അതിന് പിന്നാലെ സെക്രട്ടറിയേറ്റിൽ നിന്ന് ഹയർ സെക്കന്ററി വകുപ്പിലേക്ക് മാറ്റി നിയമിച്ച് ഉത്തരവ് ഇറക്കുകയും ചെയ്തിരുന്നു. ഈ പശ്ചാത്തലത്തിലാണ് ശാലിനി പരാതിയുമായി മുഖ്യമന്ത്രിയെ സമീപിച്ചിരിക്കുന്നത്. ഗുഡ് സർവീസ് എൻട്രി റദ്ദാക്കുന്നതിനുള്ള കാരണമായി റവന്യൂ സെക്രട്ടറി ചൂണ്ടിക്കാട്ടിയിരിക്കുന്ന പരാമർശം ആത്മാർഥതോടെയും ചട്ടപ്രകാരവും ജോലി ചെയ്ത വ്യക്തി എന്ന നിലയിൽ തന്റെ ആത്മാഭിമാനം വ്രണപ്പെടുത്തുന്നതും ഭീതി ജനിപ്പിക്കുന്നതും മനോവ്യഥ ഉണ്ടാക്കുന്നതുമാണെന്നു ശാലിനി പരാതിയിൽ പറയുന്നു. തന്റെ വിശദീകരണം ചോദിക്കാതെയാണ് ഗുഡ് സർവീസ് എൻട്രി റദ്ദാക്കിയത്. എന്തു തെറ്റു ചെയ്തിട്ടാണെന്നു നടപടിയെന്നു മനസിലാകുന്നില്ല. വിശദീകരണം ചോദിക്കാതെ ഉത്തരവിറക്കിയിരിക്കുന്നതിനാൽ സാമാന്യനീതി നിഷേധിച്ചിരിക്കുകയാണ്. വനിതാ ജീവനക്കാരി എന്ന നിലയിൽ ആത്മാഭിമാനം വ്രണപ്പെടുത്തുന്നതാണ് നടപടിയെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.
ശാലിനിക്ക് ജോലിയോടുള്ള ആത്മാർഥത സംശയാതീതമായി തെളിയിക്കപ്പെട്ടിട്ടില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് റവന്യു പ്രിൻസിപ്പൽ സെക്രട്ടറി ഗുഡ് സർവീസ് എൻട്രി പിൻവലിച്ചത്. ശാലിയുടെ ജോലിയിലുള്ള ആത്മാർഥ ബോധ്യപ്പെട്ടതിനാലാണ് ഗുഡ് സർവീസ് എൻട്രി നൽകുന്നതെന്നായിരുന്നു മൂന്നു മാസം മുൻപ് റവന്യു സെക്രട്ടറി ഫയലിൽ കുറിച്ചത്. മരംമുറിക്കാന്‍ മന്ത്രി നിർദേശം നൽ‌കിയ ഫയലിലെ വിവരങ്ങൾ പുറത്തായതിന്റെ വൈരാഗ്യത്തിലായിരുന്നു ശാലിനിക്കെതിരെയുള്ള നടപടി.

Related posts

Leave a Comment