Connect with us
48 birthday
top banner (1)

Health

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം: രണ്ടുപേർക്ക് രോഗം സ്ഥിരീകരിച്ചു

Avatar

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ആശങ്കയായി വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം. തിരുവനന്തപുരത്ത് രണ്ടുപേർക്ക് രോഗം സ്ഥിരീകരിച്ചു. നെയ്യാറ്റിൻകര നെല്ലിമൂട് സ്വദേശികളായ യുവാക്കൾ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുകയാണ്. മെക്രോബയോളജി ലാബിൽ നടത്തിയ പരിശോധനയിലാണ് തലച്ചോറിൽ അമീബയുടെ വകഭേദമായ നീഗ്ലേറിയയുടെ സാന്നിദ്ധ്യം കണ്ടെത്തിയത്.കഴിഞ്ഞ മാസം 23 ന് മരിച്ച നെല്ലിമൂട് സ്വദേശിയുടെ മരണകാരണവും അമീബിക് മസ്തിഷ്‌ക ജ്വരമെന്ന് സംശയം ഉയർന്നു. ചികിത്സയിലുള്ള രണ്ടുപേരുടേയും ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു. നെല്ലിമൂടിന് സമീപം വെൺപകലിലെ കുളത്തിൽ മൂവരും കുളിച്ചതായി കണ്ടെത്തി. ആരോഗ്യവകുപ്പ് കുളം സീൽ ചെയ്തിട്ടുണ്ട്.കഴിഞ്ഞമാസം അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന 14 വയസുകാരൻ രോഗമുക്തി നേടിയിരുന്നു. കോഴിക്കോട് മേലടി സ്വദേശിയായ കുട്ടിയ്ക്കാണ് രോഗം ഭേദമായത്. രാജ്യത്ത് തന്നെ അപൂർവമായാണ് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ച ഒരാൾ രോഗമുക്തി നേടുന്നത്. ലോകത്ത് തന്നെ ഇത്തരത്തിൽ രോഗമുക്തി കൈവരിച്ചിട്ടുള്ളത് 11 പേർ മാത്രമാണ്. 97% മരണ നിരക്കുള്ള രോഗത്തിൽ നിന്നാണ് കുട്ടിയെ ജീവിതത്തിലേക്ക് തിരികെയെത്തിക്കാൻ സാധിച്ചത്.

Global

സ്വീഡനിലും എംപോക്സ് സ്ഥിരീകരിച്ചതോടെ ആശങ്ക; ജാഗ്രതയോടെ രാജ്യങ്ങൾ

Published

on

സ്റ്റോക്ഹോം: ആഫ്രിക്കയിൽ പടരുന്ന എം പോക്സ് രോഗം യൂറോപ്യൻ രാജ്യമായ സ്വീഡനിലും സ്ഥിരീകരിച്ചതോടെ ആശങ്ക ശക്തം. അടുത്തിടെ ആഫ്രിക്ക സന്ദർശിച്ചു മടങ്ങിയ സ്വീഡിഷ് പൗരനാണ് രോഗം സ്ഥിതികരിച്ചത്. വൈറസ് പടരുന്ന സാഹചര്യത്തിൽ ലോകാരോഗ്യ സംഘടന കഴിഞ്ഞ ദിവസം ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു.

Advertisement
inner ad

ഓർത്തോപോക്സ് വൈറസ് ജനുസ്സിൽ പെട്ട മങ്കിപോക്സ് വൈറസ് മൂലമുണ്ടാകുന്ന രോഗമാണ് എം പോക്സ്. 1958 ൽ കുരങ്ങുകളിലാണ് ഈ രോഗം ആദ്യമായി കണ്ടെത്തുന്നത്. പിന്നാലെ രോഗം ബാധിച്ച കുരങ്ങുകൾ അടക്കമുള്ള മൃഗങ്ങളുമായി സമ്പർക്കം പുലർത്തിയ മനുഷ്യരിലേക്കും രോഗം പടർന്നു. 1970-ൽ കോംഗോയിൽ ഒമ്പത് മാസം പ്രായമുള്ള ഒരു ആൺകുഞ്ഞിലാണ് മനുഷ്യരിൽ ആദ്യമായി ഈ രോഗം റിപ്പോർട്ട് ചെയ്യപ്പെടുന്നത്.

കഴിഞ്ഞ നൂറ്റാണ്ടുകളിൽ കൂട്ട മരണത്തിന് ഇടയാക്കിയ വസൂരി വൈറസുകളുടെ അതേ വിഭാഗത്തിലാണ് മങ്കി പോക്‌സും ഉൾപ്പെടുന്നത്. ശരീരത്തിൽ ചുണങ്ങ് ഉണ്ടാകുന്നതാണ് ആദ്യ ലക്ഷണം. പിന്നാലെ ഇവ പഴുപ്പ് നിറഞ്ഞ വലിയ കുരുക്കളായി മാറുന്നു. പനി, തലവേദന, പേശി വേദന എന്നിവയാണ് മറ്റ് ലക്ഷണങ്ങൾ. എം പോക്സ് ബാധിച്ച് കഴിഞ്ഞാൽ മറ്റുള്ളവരിലേക്ക് പകരാനുള്ള സാധ്യത വളരെ കൂടുതലാണ്.

Advertisement
inner ad

അമേരിക്കയിലെ സെന്റസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷന്‍റെ കണക്കു പ്രകാരം എം പോക്സ് വൈറസ് ബാധിച്ച് കഴിഞ്ഞ് 21 ദിവസത്തിനുള്ളിലാണ് രോഗ ലക്ഷണങ്ങൾ കണ്ട് തുടങ്ങുന്നത്. നേരിട്ടുള്ള സമ്പർക്കം, ശാരീരിക സ്രവങ്ങൾ, രോഗി ഉപയോഗിച്ച വസ്തുക്കൾ, തുണിത്തരങ്ങൾ എന്നിവയിൽ നിന്നും രോഗം പടരാം. കൂടാതെ രോഗം ബാധിച്ച ഗർഭിണികളിൽ നിന്ന് ഗർഭസ്ഥ ശിശുവിലേക്കും പടരാനുള്ള സാധ്യതയുമുണ്ട്.
2022ലും വിവിധ രാജ്യങ്ങളിൽ എം പോക്സ് പടർന്ന് പിടിച്ചിരുന്നു. എന്നാൽ അന്നത്തേക്കാൾ തീവ്രമായ പുതിയ വൈറസ് വകഭേദമാണ് ഇപ്പൊൾ പടരുന്നത്. ഈ വർഷം ആഫ്രിക്കയിൽ 14,000-ലധികം എം പോക്സ് കേസുകളും 524 മരണവും ഉണ്ടായിട്ടുണ്ട്.

Advertisement
inner ad
Continue Reading

Health

അമീബിക് മസ്തിഷ്ക ജ്വരം; തിരുവനന്തപുരത്ത് ഇതുവരെ രോഗം സ്ഥിതികരിച്ചത്ത് 6 പേർക്ക്

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് 2 പേർക്ക് കൂടി അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു. നെയ്യാറ്റിൻകര കാഞ്ഞിരംകുളത്തിന് സമീപം നെല്ലിമൂട് കണ്ണറവിള സ്വദേശികൾക്കാണ് രോഗം സ്ഥിതികരിച്ചത്. രോഗലക്ഷണങ്ങൾ കണ്ടെത്തിയ 2 പേരെ ഇന്നലെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മരുതംകോട് പ്ലാവറത്തല വീട്ടിൽ ധനുഷ് (19), കണ്ണറവിള പ്ലാവറത്തല ശ്രീ മുരുക ഭവനിൽ ശ്യാം (25) എന്നിവരിലാണ് ഇന്നലെ രോഗം കണ്ടെത്തിയത്. ഇതോടെ ജില്ലയിൽ ഈ രോഗം ബാധിച്ചവരുടെ എണ്ണം 6 ആയി. ഇവരിൽ കണ്ണറവിള പൂതംകോട് അനുലാൽ ഭവനിൽ പി. എസ്. അഖിൽ (അപ്പു–27) കഴിഞ്ഞ 23നു മരിച്ചു.

Advertisement
inner ad

ഇതിനു പിന്നാലെ രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ച കണ്ണറവിള മരുതംകോട് കാവിൻകുളം പുത്തൻവീട്ടിൽ അനീഷ് (ശ്രീക്കുട്ടൻ–24), പ്ലാവറത്തല പുത്തൻവീട്ടിൽ ഹരീഷ് (23), പേരൂർക്കട മണ്ണാമൂല വിആർഎ 49–എ ആനന്ദ സദനത്തിൽ വി. നിജിത് (38) എന്നിവർക്കു ചൊവ്വാഴ്ച രോഗം സ്ഥിരീകരിച്ചിരുന്നു. രോഗലക്ഷണമുള്ള കണ്ണറവിള മരുതംകോട് സ്വദേശികളായ സജീവ് (26), അജി (24) എന്നിവരെയാണ് ഇന്നലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കണ്ണറവിള സ്വദേശികൾക്കു സമീപത്തെ കാവിൻകുളത്തിൽ നിന്നാണു രോഗം ബാധിച്ചതെന്നാണ് അനുമാനം. ചികിത്സയിൽ കഴിയുന്നവരുടെ ആരോഗ്യ സ്ഥിതി തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു.

എന്നാൽ ഈ കുളത്തിൽ നിന്നെടുത്ത സാംപിളിൽ അമീബയുടെ സാന്നിധ്യം കണ്ടെത്തിയില്ല. അതിനാൽ വീണ്ടും സാംപിൾ ശേഖരിച്ചു പരിശോധനയ്ക്ക് അയച്ചു. എന്നാൽ പേരൂർക്കട സ്വദേശിയും ഡ്രൈവറുമായ നിജിത്തിന് രോഗം ബാധിച്ചത് എങ്ങനെയെന്നു കണ്ടെത്താനായിട്ടില്ല. മുങ്ങിക്കുളിക്കുമ്പോൾ ചെവിയിലൂടെയോ മൂക്കിലൂടെയോ ബാക്ടീരിയ തലച്ചോറിൽ എത്തുമെന്നാണ് ഇതുവരെ ഡോക്ടർമാർ പറഞ്ഞിരുന്നത്. എന്നാൽ കുളത്തിലോ നദിയിലോ നിജിത് കുളിക്കാറില്ലെന്നു സഹോദരൻ നിജേഷ് പറഞ്ഞു. ശനിയാഴ്ച അപസ്മാര ലക്ഷണങ്ങളോടെ നിജിത് ബോധരഹിതനായി വീണു. തുടർന്നാണു മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചത്. നിജിത് കുളത്തിലോ നദിയിലോ കുളിച്ചിട്ടില്ലെങ്കിലും മുഖം കഴുകിയപ്പോഴോ മറ്റോ അമീബ ശരീരത്തിൽ പ്രവേശിച്ചിരിക്കാമെന്നാണ് ഇന്നലെ ഡോക്ടർമാർ ബന്ധുക്കളെ അറിയിച്ചത്.

Advertisement
inner ad
Continue Reading

Featured

അമീബിക് മസ്തിഷ്‌ക ജ്വരം: കെട്ടികിടക്കുന്ന കുളങ്ങളിലെ വെള്ളം ഉപയോഗിക്കരുതെന്ന് ആരോഗ്യ വകുപ്പ്

Published

on

തിരുവനന്തപുരം: തിരുവനന്തപുരത്ത് അമീബിക്ക് മെനിഞ്ചോ എന്‍സെഫലൈറ്റിസ് (അമീബിക് മസ്തിഷ്‌ക ജ്വരം) സ്ഥിരീകരിച്ച സാഹചര്യത്തില്‍ ശ്രദ്ധിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. പായല്‍ പിടിച്ചു കിടക്കുന്നതോ മൃഗങ്ങളെ കുളിപ്പിക്കുന്നതോ ആയ കുളങ്ങളിലെ വെള്ളം ഉപയോഗിക്കുന്നവര്‍ മുന്‍കരുതലുകളെടുക്കണം. മലിനമായ വെള്ളത്തില്‍ കുളിക്കുകയോ മുഖം കഴുകുകയോ ചെയ്യരുത്. ഇത്തരം കുളങ്ങളില്‍ കുളിക്കുന്നവര്‍ക്ക് തീവ്രമായ തലവേദന, പനി, ഓക്കാനം, ഛര്‍ദി, കഴുത്ത് തിരിക്കാന്‍ ബുദ്ധിമുട്ട് തുടങ്ങിയ രോഗലക്ഷണങ്ങള്‍ കണ്ടാല്‍ അത് പറഞ്ഞ് ചികിത്സ തേടേണ്ടതാണ്. അമീബിക്ക് മെനിഞ്ചോ എന്‍സെഫലൈറ്റിസുമായി ബന്ധപ്പെട്ടുള്ള പ്രതിരോധം, രോഗനിര്‍ണയം, ചികിത്സ എന്നിവ സംബന്ധിച്ച സാങ്കേതിക മാര്‍ഗരേഖ അടുത്തിടെ രാജ്യത്ത് ആദ്യമായി പുറത്തിറക്കിയിരുന്നു. ഈ മാര്‍ഗരേഖ അനുസരിച്ചായിരിക്കും ചികിത്സ. അവബോധം ശക്തമാക്കാനും മന്ത്രി നിര്‍ദേശം നല്‍കി.

വയനാട് ഉരുള്‍പൊട്ടല്‍, അമീബിക്ക് മസ്തിഷ്‌ക ജ്വരം എന്നിവയുടെ സാഹചര്യത്തില്‍ സ്റ്റേറ്റ് ലെവല്‍ റാപ്പിഡ് റെസ്പോണ്‍സ് ടീം (ആര്‍ആര്‍ടി) യോഗം ചേര്‍ന്ന് സംസ്ഥാനത്തെ പൊതു സാഹചര്യം വിലയിരുത്തി. തിരുവനന്തപുരത്ത് മരണമടഞ്ഞയാള്‍ക്ക് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചതിന് പുറമേ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ള 3 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഈ രോഗികളെല്ലാം പായല്‍ പിടിച്ചു കിടന്ന കുളത്തിലെ വെള്ളവുമായി പല രീതിയില്‍ സമ്പര്‍ക്കമുണ്ടായ ആള്‍ക്കാരാണ്.

Advertisement
inner ad

കെട്ടിക്കിടക്കുന്നതോ ഒഴുകുന്നതോ ആയ ജല സ്രോതസുകളുമായി ബന്ധപ്പെടുന്ന ആള്‍ക്കാരില്‍ വളരെ അപൂര്‍വമായി കാണുന്ന രോഗമാണ് അമീബിക്ക് മെനിഞ്ചോ എന്‍സെഫലൈറ്റിസ്. വേനല്‍ക്കാലത്ത് വെള്ളത്തിന്റെ അളവ് കുറയുന്നതോടെയാണ് അമീബ വര്‍ധിയ്ക്കുകയും കൂടുതലായി കാണുകയും ചെയ്യുന്നത്. വെള്ളത്തിലിറങ്ങുമ്പോള്‍ അടിത്തട്ടിലെ ചേറിലുള്ള അമീബ വെള്ളത്തില്‍ കലങ്ങുകയും മൂക്കിലൂടെ ശരീരത്തില്‍ പ്രവേശിക്കുകയും ചെയ്യുന്നു. രോഗാണുബാധ ഉണ്ടായി ഒന്ന് മുതല്‍ ഒന്‍പത് ദിവസങ്ങള്‍ക്കുള്ളിലാണ് രോഗലക്ഷണങ്ങള്‍ ഉണ്ടാകുന്നത്.

ചെവിയില്‍ പഴുപ്പുള്ളവര്‍ കുളത്തിലും കെട്ടിക്കിടക്കുന്ന വെള്ളത്തിലും മറ്റും കുളിക്കാന്‍ പാടില്ല. കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ കുളിക്കുന്നതും വെള്ളത്തില്‍ ഡൈവ് ചെയ്യുന്നതും പരമാവധി ഒഴിവാക്കണം. വാട്ടര്‍ തീം പാര്‍ക്കുകളിലേയും സ്വിമ്മിംഗ് പൂളുകളിലേയും വെള്ളം കൃത്യമായി ക്ലോറിനേറ്റ് ചെയ്ത് ശുദ്ധമാണെന്ന് ഉറപ്പാക്കണം. മൂക്കിലേക്ക് വെള്ളം ഒഴിക്കുകയോ വലിച്ചു കയറ്റുകയോ ചെയ്യരുത്. മൂക്കില്‍ വെള്ളം കയറാതിരിക്കാന്‍ നേസല്‍ ക്ലിപ്പ് ഉപയോഗിക്കുക.

Advertisement
inner ad

എലിപ്പനി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കണം. കെട്ടിക്കിടക്കുന്ന വെള്ളത്തിലോ ചെളിയിലോ ഇറങ്ങുന്നവര്‍ നിര്‍ബന്ധമായും എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്സിസൈക്ലിന്‍ ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശാനുസരണം കഴിക്കേണ്ടതാണ്. സന്നദ്ധ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവര്‍ ഡോക്സിസൈക്ലിന്‍ കഴിക്കേണ്ടതാണ്. ഡെങ്കിപ്പനി കേസുകളില്‍ കുറവ് വന്നിട്ടുള്ളതായി വിലയിരുത്തി. ആശുപത്രികളില്‍ മരുന്നിന്റെ ലഭ്യത ഉറപ്പ് വരുത്താനും മന്ത്രി നിര്‍ദേശം നല്‍കി.ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി, എന്‍.എച്ച്.എം. സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍, മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍, ആരോഗ്യ വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍മാര്‍, കെ.എം.എസ്.സി.എല്‍. ജനറല്‍ മാനേജര്‍, ആര്‍.ആര്‍.ടി. അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.

Advertisement
inner ad
Continue Reading

Featured