ജിഷാ ഗോപാലനും മക്കൾക്കും ‘അമ്മക്കിളിക്കൂടിന്റെ’ 45-ാമത് സുരക്ഷിത ഭവനം

ആലുവ: സ്വന്തമായി സ്ഥലമുണ്ടായിട്ടും സാമ്പത്തിക ബുദ്ധിമുട്ടുമൂലം അടച്ചുറപ്പിലാത്ത കൂരകളിലും, വാടക വീടുകളിലും കഴിയുന്ന ആലുവ നിയോജക മണ്ഡലത്തിലെ വിധവകളായ അമ്മമാർക്കും അവരുടെ മക്കൾക്കും സുരക്ഷിത ഭവനം ഒരുക്കുവാൻ അൻവർ സാദത്ത് എം.എൽ.എ നടപ്പിലാക്കുന്ന ‘അമ്മക്കിളിക്കൂട്’ പദ്ധതിയിൽ വിധവയും മൂന്ന് കുട്ടികളുടെ മാതാവുമായ ജിഷാ ഗോപലനുവേണ്ടി കീഴ്മാട് പഞ്ചായത്ത് പന്ത്രണ്ടാം വാർഡ് മലയംകാട്ടിൽ അജ്മൽ ബിസ്മി എന്റർപ്രൈസസ് സ്പോൺസർ ചെയ്തു നിർമ്മാണം പൂർത്തിയായ പദ്ധതിയിലെ 45-ാമത് ഭവനത്തിന്റെ താക്കോൽ ദാനം സിനിമ താരം മല്ലിക സുകുമാരൻ നിർവ്വഹിച്ചു.

അൻവർ സാദത്ത് എം.എൽ.എ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ, അജ്മൽ ബിസ്മി എന്റർപ്രൈസസ് എം.ഡി അജ്മൽ വി.എ മുഖ്യാതിഥിയായിരുന്നു. വാർഡ് മെമ്പർ നാസി സ്വാഗതം പറയുകയും, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഷീജ പുളിക്കൽ, തോപ്പിൽ അബു, റെനീഫ് അഹമ്മദ് തുടങ്ങിയവർ ആശംസകൾ പറയുകയും ചെയ്തു. മുൻ ബ്ലോക്ക് വൈസ് പ്രസിഡന്റ് രമേശൻ കാവലൻ നന്ദി പറഞ്ഞു. മറ്റു സാമൂഹിക നേതാക്കളും ചടങ്ങിൽ സന്നിഹിതരായിരുന്നു.

ജാതിമത രാഷ്ട്രീയ കാഴ്ചപ്പാടുകൾക്കപ്പുറം ചിന്തിക്കുന്ന എം.എൽ.എ ആണ് അൻവർ സാദത്ത് എന്നും, ഇങ്ങനെ പ്രവർത്തിക്കുന്ന ജനകീയരായ ജനപ്രതിനിധികളെയാണ് ഇന്ന് നാടിനാവശ്യമെന്നും താക്കോൽ ദാനം നിർവ്വഹിച്ചുകൊണ്ട് മല്ലിക സുകുമാരൻ പറഞ്ഞു.

ഈ പദ്ധതിയിൽ പൂർത്തിയായ 44 ഭവനങ്ങൾ കൈമാറുകയും മറ്റു 5 ഭവനങ്ങളുടെ നിർമ്മാണം വിവിധ പഞ്ചായത്തുകളിൽ പുരോഗമിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്നു. ഈ ഭവനങ്ങൾ 6.12 ലക്ഷം രൂപയുടെ എസ്റ്റിമേറ്റിൽ 510 ചതുരശ്ര അടിയിലാണ് നിർമ്മിക്കുന്നത്. സ്പോൺസർമാരെ ലഭിക്കുന്ന മുറക്ക് ബാക്കിയുള്ള അപേക്ഷകൾ പരിഗണിക്കുന്നതാണ് എന്ന് എം.എൽ.എ പറഞ്ഞു.

Related posts

Leave a Comment