ജനന മരണ രജിസ്ട്രേഷൻ ചട്ടത്തിൽ ഭേദഗതി; 2026 ജൂലൈ വരെ കുട്ടികളുടെ പേര് ചേര്‍ക്കാം

തിരുവനന്തപുരം: സംസ്ഥാനത്തെ ഗ്രാമ പഞ്ചായത്തുകളിലും നഗരസഭകളിലും രജിസ്‌ട്രേഷന്‍ നടത്തി പതിനഞ്ചു വര്‍ഷം കഴിഞ്ഞ എല്ലാ ജനന രജിസ്‌ട്രേഷനുകളിലും ജനിച്ചയാളുടെ പേര് ചേര്‍ത്തിട്ടില്ലെങ്കില്‍ അത് ഉള്‍പ്പെടുത്തുന്നതിനുള്ള സമയപരിധി അഞ്ചു വര്‍ഷം കൂടി ദീര്‍ഘിപ്പിച്ച് ചട്ടങ്ങള്‍ ഭേദഗതി ചെയ്ത് വിജ്ഞാപനം പുറപ്പെടുവിച്ചു.
1999ലെ കേരള ജനന മരണ രജിസ്‌ട്രേഷന്‍ ചട്ടങ്ങളിലെ വ്യവസ്ഥയാണ് ഭേദഗതി ചെയ്തത്. കുട്ടിയുടെ പേര് രേഖപ്പെടുത്താതെ നടത്തുന്ന ജനന രജിസ്‌ട്രേഷനുകളില്‍ ഒരു വര്‍ഷത്തിനകം പേര് ചേര്‍ക്കണമെന്നും അതിനുശേഷം അഞ്ചു രൂപ ലേറ്റ് ഫീ ഒടുക്കി പേര് ചേര്‍ക്കാമെന്നുമാണ് വ്യവസ്ഥ ചെയ്തിരുന്നത്. എന്നാല്‍, കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദ്ദേശ പ്രകാരം 2015 ല്‍ ഇങ്ങനെ പേരു ചേര്‍ക്കുന്നതിനുള്ള സമയപരിധി രജിസ്‌ട്രേഷന്‍ തീയതി മുതല്‍ 15 വര്‍ഷം വരെയായി  നിജപ്പെടുത്തിയിരുന്നു. പഴയ രജിസ്‌ട്രേഷനുകളില്‍ പേര് ചേര്‍ക്കുന്നതിന് 2015 മുതല്‍ അഞ്ചു വര്‍ഷം അനുവദിച്ചിരുന്നു.ആ സമയപരിധി 2020ല്‍ അവസാനിച്ചിരുന്നു. ഇത് നിമിത്തം ജനന രജിസ്‌ട്രേഷനുകളില്‍ പേരു ചേര്‍ക്കാന്‍ കഴിയാത്തവര്‍ക്ക് ഒരു വര്‍ഷം കൂടി സമയം അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവ് നല്‍കിയിരുന്നു. ആ സമയപരിധി അവസാനിച്ചതിനെത്തുടര്‍ന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ അനുമതിയോടെ ചട്ടങ്ങള്‍ ഭേദഗതി ചെയ്ത് വിജ്ഞാപനം പുറപ്പെടുവിച്ചത്.
ഈ ഭേദഗതി വഴി മുന്‍കാല ജനന രജിസ്‌ട്രേഷനുകളില്‍ 2026 ജൂലൈ 14 വരെ പേരു ചേര്‍ക്കാന്‍ കഴിയും. പൊതുജനങ്ങള്‍ ഈ അവസരം ഉപയോഗിച്ച് എല്ലാ മുന്‍കാല രജിസ്‌ട്രേഷനുകളിലും ജനിച്ചയാളുടെ പേരു ചേര്‍ക്കണമെന്ന് മന്ത്രി എം.വി ഗോവിന്ദൻ മാസ്റ്റർ അറിയിച്ചു.

Related posts

Leave a Comment